Advertisment

'നമ്മള്‍ അതിജീവിക്കും' എന്നു സോണിയാ ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞത് മൂന്നു തവണ ! അമ്പത് ശതമാനം യുവാക്കള്‍ക്ക് പ്രാതിനിധ്യം, ഭാരതയാത്ര, കോണ്‍ഗ്രസ് പഠനം, ഉപദേശക സമിതികള്‍...കോണ്‍ഗ്രസ് രക്ഷപ്പെടുമോ ? ഒരു നേതാവിന് ഒരു പദവി മാത്രം; ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രം പദവി ! ചിന്തന്‍ ശിബിരത്തിലെ ചിന്തകള്‍ കോണ്‍ഗ്രസിനെ രക്ഷിക്കുമോ ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: കോണ്‍ഗ്രസില്‍ പരിഷ്‌കരണം ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളായിരുന്നു ചിന്തന്‍ ശിബിരത്തില്‍ ഉണ്ടായത്. സംഘടനാ രംഗത്ത് അമ്പത് ശതമാനം യുവജന പ്രാതിനിധ്യം, ഭാരത് യാത്ര, കോണ്‍ഗ്രസിനെക്കുറിച്ച് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഉപദേശക സമിതികള്‍ തുടങ്ങിയ വന്‍ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ എല്ലാ സമിതികളിലും യുവജനങ്ങള്‍ക്ക് അമ്പത് ശതമാനം പ്രാതിനിധ്യം നല്‍കണമെന്നതാണ് ചിന്തന്‍ ശിബിരത്തില്‍ എടുത്ത തീരുമാനം. ഇതിന് പുറമെ ഒരു നേതാവിന് ഒരു പദവി മാത്രമെ ഇനിമുതലുണ്ടാകൂ. എന്നാല്‍ അഞ്ച് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് കുടുബത്തിലെ രണ്ടാമത്തേയോ മൂന്നാമത്തേയോ ആളെങ്കില്‍ അവര്‍ക്ക് മത്സരിക്കാം.

90 - 120 ദിവസങ്ങള്‍ക്കിടെ എല്ലാ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും രൂപീകരിക്കും. ഡിസിസികളേയും പിസിസികളുടേയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയും ഉണ്ടാകും. എല്ലാ വര്‍ഷവും എഐസിസിസി, പിസിസി യോഗങ്ങള്‍ നടത്താനും തീരുമാനമുണ്ട്.

രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ജാഥ ആരംഭിക്കും. രാഹുല്‍ ഗാന്ധി തന്നെയാകും പദയാത്ര നടത്തുക.

എന്താണ് കോണ്‍ഗ്രസ്? എന്താണ് കോണ്‍ഗ്രസിന്റെ രീതി? എന്താണ് കോണ്‍ഗ്രസിന്റെ ആശയം എന്നു പഠിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടിയെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള വേദിയായി ഇത് മാറും. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റി്റ്റിയൂട്ട് ആകും പഠന കേന്ദ്രം.

ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് സമിതി രൂപീകരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ സമിതിയാകും തീരുമാനമെടുക്കുക. പ്രവര്‍ത്തക സമിതിയിലുള്ള പ്രധാനപ്പെട്ട നേതാക്കള്‍ ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി, ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും രാഷ്ട്രീകാര്യ സമിതി എന്നിവയും നിലവില്‍ വരും.

നമ്മള്‍ അതിജീവിക്കും, നമ്മള്‍ അതിജീവിക്കും, നമ്മള്‍ അതിജീവിക്കും....എന്നു ആവര്‍ത്തിച്ചു പറഞ്ഞാണ് സോണിയ ഗാന്ധി ചിന്തന്‍ ശിബിരത്തില്‍ പ്രസംഗം അവസാനിപ്പിച്ചത്. അതിജീവനത്തിനുള്ള കുറുക്കുവഴി ഇല്ലെന്ന് സോണിയാ ഗാന്ധി നേരത്തെ തന്നെ നേതാക്കളെ ഓര്‍മ്മിപ്പിച്ചിരുന്നു.

Advertisment