രാജ്യസഭാ തെരഞ്ഞടുപ്പില്‍ രാജസ്ഥാനില്‍ അട്ടിമറി നടക്കുമോ ? റിസോര്‍ട്ടിലുള്ള എംഎല്‍എമാരെല്ലാം പാര്‍ട്ടി പറയുന്ന നേതാക്കള്‍ക്ക് തന്നെ വോട്ടു ചെയ്യുമോ എന്ന ആശങ്കയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ! കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ത്ഥിയായ പ്രമോദ് തിവാരിയെ വെട്ടാന്‍ ബിജെപി പിന്തുണയുള്ള സുഭാഷ് ചന്ദ്രയ്ക്ക് കഴിയുമോ ? ഭരണപക്ഷത്തെ ചോര്‍ച്ച മുതലാക്കാന്‍ ബിജെപി നീക്കം ! കരുതലോടെ കോണ്‍ഗ്രസും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അട്ടിമറിയുണ്ടാകുമോ ? ഭരണപക്ഷത്തെ ചില എംഎല്‍എമാരെ കൂറുമാറ്റി വോട്ടു ചെയ്യിക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷമായ ബിജെപി. തങ്ങളുടെ പക്ഷത്തെ വോട്ടുകള്‍ ചോരാതിരിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.

രാജസ്ഥാനില്‍ രണ്ടുസീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ജയമുറപ്പിച്ചെങ്കിലും നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരിയോ, ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയോ ജയിച്ചുകയറുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനു ഉത്തരം കിട്ടണമെങ്കില്‍ ഈ മാസം 10ന് വോട്ടെടുപ്പ് നടക്കും വരെ കാത്തിരിക്കേണ്ടി വരും.

ബിജെപിക്ക് ഒരാളെ സുഗമമായി വിജയിപ്പിക്കാനാകും. എന്നാല്‍ ഭരണപക്ഷത്തെ ഭിന്നത മുതലെടുത്ത രണ്ടാമതൊരു സ്ഥാനാര്‍ത്ഥിയെ കൂടി അവര്‍ നിര്‍ത്തുകയായിരുന്നു. കോണ്‍ഗ്രസ് കുടുംബ ബന്ധമള്ള സുഭാഷ് ചന്ദ്രയക്ക് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും വോട്ടു കിട്ടുമെന്നാണ് ബിജെപി പ്രതീക്ഷ.

41 വോട്ടാണ് ഒരാളെ വിജയിപ്പിക്കാന്‍ വേണ്ടത്. 125 പേരുള്ള ഭരണപക്ഷത്തിന് മൂന്നു പേരെ സുഗമമായി വിജയിപ്പിക്കാനാകും. പക്ഷേ ഭരണപക്ഷത്തെ പിന്തുണച്ചിരുന്ന ആര്‍എല്‍ഡി സുഭാഷ് ചന്ദ്രയ്ക്ക് പരസ്യമായി പിന്തുണ നല്‍കിയിട്ടുണ്ട്. ഇതോടെ മത്സരം പ്രവചനാതീതമാകുകയാണ്.

ബിജെപിക്ക് ആകെയുള്ള 71 വോട്ടില്‍ 41 കഴിഞ്ഞാല്‍ ബാക്കി 30 എണ്ണം സുഭാഷ് ചന്ദ്രയക്ക് നല്‍കും. ഭരണപക്ഷത്തുനിന്നും ഒന്‍പതു വോട്ടുകള്‍ വരെ കിട്ടുമെന്നാണ് സുഭാഷ് ചന്ദ്ര പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ അത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ക്ഷീണമാകും.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റില്‍ ജയിച്ച് പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ആറ് എംഎല്‍എമാര്‍ മറുകണ്ടം ചാടുമോയെന്നതാണ് കോണ്‍ഗ്രസിന്റെ ആശങ്ക. എന്നാല്‍, ഇത് മറികടക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു

മറുവശത്ത് ഏതെങ്കിലും വോട്ടുകള്‍ നഷ്ടമായാലും രണ്ടംഗങ്ങള്‍ വീതമുള്ള ബിടിപിയും സിപിഎമ്മും കോണ്‍ഗ്രസിനെ തുണച്ചേക്കും. അത് ആണ് അശോക് ഗെഹ്ലോട്ടിന്റെ പ്രതീക്ഷ.

Advertisment