ആം ആദ്മി പഞ്ചാബിലെ അതേ മുന്നേറ്റമാണ് ഇപ്പോൾ ഗുജറാത്തിലും നടത്തിയിരിക്കുന്നത്. 2017ൽ പഞ്ചാബിൽ ആം ആദ്മി 20 സീറ്റുകളിൽ ഒന്നാമതും 27 സീറ്റിൽ രണ്ടാമതുമായിരുന്നു. കഴിഞ്ഞ തവണ 117 ൽ 92 സീറ്റുകൾ നേടി ഭരണത്തിലെത്തി. ഇപ്പോൾ ഗുജറാത്തിൽ 5 സീറ്റുകൾ നേടി 35 സീറ്റുകളിൽ 2-ാം സ്ഥാനത്തുണ്ട്. അടുത്തതവണ ഭരണമാണ്- ഗുജറാത്തിലെ എഎപി മുന്നേറ്റം മൂന്നാം സംസ്ഥാനം ഉറപ്പിച്ചുള്ള മുന്നേറ്റമോ ?

New Update

publive-image

ഡൽഹി : 5 സീറ്റുകൾ നേടി, 35 സീറ്റുകളിൽ 2-ാം സ്ഥാനത്തെത്തി. അതായത് 22 ശതമാനം സീറ്റുകളിൽ അവർ നിർണ്ണായകശക്തിയായി മാറിയിരിക്കുന്നു. കൂടാതെ ദേശീയപാർട്ടി എന്ന അംഗീകാരവും അവർക്ക് അർഹമായിക്കഴിഞ്ഞു.

Advertisment

ചൂലിന് വോട്ട് ചെയ്ത ഗുജറാത്തുകാരുടെ കണക്ക് 0.62% ൽ നിന്ന് ഇപ്പോൾ 12.9% ആയി ഉയർന്നു. ഗുജറാത്തിലെ 182 സീറ്റുകളിൽ 35 സീറ്റുകളിൽ ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്തെത്തി. ജയിച്ച സീറ്റുകളും രണ്ടാം സ്ഥാനവും ചേർത്താൽ ഈ സംഖ്യ 40 ആയി. അതായത്, ഗുജറാത്തിലെ 22 % നിയമസഭാ സീറ്റുകളിൽ ആം ആദ്മി പാർട്ടി സ്വന്തം കരുത്തു തെളിയിച്ചിരിക്കുന്നു.


2022ലെ വൻ വിജയത്തിന് മുമ്പ് 2017ലും ഏതാണ്ട് ഇതേ രീതിയിൽ ആം ആദ്മി പാർട്ടി പഞ്ചാബിലും നുഴഞ്ഞുകയറിയിരുന്നു. 2017ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 20 സീറ്റുകളിൽ ഒന്നാം സ്ഥാനത്തും 27 സീറ്റിൽ രണ്ടാമതുമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ തന്നെ, ആകെയുള്ള 117 സീറ്റിൽ 92 സീറ്റുകൾ നേടി റെക്കോഡോടെ എഎപി പഞ്ചാബിൽ സർക്കാർ രൂപീകരിച്ചു.

2017 ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 42.97  % ആയിരുന്നെങ്കിൽ 2022 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 27% ആയി കുറഞ്ഞു. 2017 ൽ എഎപിയുടെ വോട്ട് വിഹിതം 0.62 ശതമാനമായിരുന്നു, ഈ തിരഞ്ഞെടുപ്പിൽ അത് 12.9 ശതമാനമായി ഉയർന്നു.


കോൺഗ്രസിന്റെ കുറഞ്ഞ വോട്ട് വിഹിതം ആം ആദ്മി പാർട്ടിക്ക് ലഭിച്ചിരിക്കുന്നു എന്നാണ് കരുതുന്നത്. ഇതുമൂലം എഎപി 5 സീറ്റുകൾ നേടിയിട്ടുണ്ടെങ്കിലും 35 സീറ്റുകളിൽ അവർ തങ്ങളുടെ കരുത്തുതെളിയിച്ച് രണ്ടാം സ്ഥാനത്താണ്. അതായത്, ഗുജറാത്തിൽ പ്രതിപക്ഷ പദവിയിലേക്കാണ് എഎപി ഇപ്പോൾ നീങ്ങുന്നത്.


ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വർദ്ധിച്ചുവരുന്ന ജനപിന്തുണ പാർട്ടിക്ക് ലഭിച്ച വോട്ടുകളിൽ നിന്ന് മനസ്സിലാക്കാം. 2017ൽ ഗുജറാത്തിൽ ആകെ 29,509 വോട്ടുകളാണ് എഎപി നേടിയതെങ്കിൽ ഇത്തവണ അത് 40 ലക്ഷത്തിലേറെയായി ഉയർന്നു.

2017ൽ 29 നിയമസഭാ സീറ്റുകളിലാണ് ആം ആദ്മി പാർട്ടി മത്സരിച്ചത്. അന്ന് 3 സീറ്റുകളിൽ മാത്രമാണ് അവർ മുന്നേറ്റം നടത്തിയത്, അന്ന് 29 സീറ്റുകളിലും അവർക്ക് കെട്ടിവച്ച തുക നഷ്‌ടപ്പെട്ടു.

ഗുജറാത്തിലെ വോട്ടിംഗ് ശതമാനത്തോടെ എഎപി ദേശീയ പാർട്ടി പദവി നേടിക്കഴിഞ്ഞു . ദേശീയ പാർട്ടിയായി മാറാൻ ആം ആദ്മി പാർട്ടിക്ക് ഗുജറാത്തിലോ ഹിമാചലിലോ 6% വോട്ട് വിഹിതം നേടണമായിരുന്നു.

ഗുജറാത്തിൽ എഎപിക്ക് 13 ശതമാനം വോട്ടു ലഭിച്ചതോടെ അവർക്ക് അതിനുള്ള അർഹത കൈവരിക്കാനായി.


ഒരു പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കണമെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ നിന്ന് ആറ് ശതമാനം വോട്ട് നേടേണ്ടതുണ്ട്. ഡൽഹി, പഞ്ചാബ്, ഗോവ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി ഇതിനകം ആറ് ശതമാനത്തിലധികം വോട്ട് വിഹിതം നേടിയിട്ടുണ്ട്.


ആം ആദ്മി പാർട്ടിയുടെ ഈ മുന്നേറ്റം ചെറുതായി കാണാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

Advertisment