Advertisment

ചാണ്ടി ഉമ്മനെ മല്ലികാര്‍ജുന ഖാര്‍ഗെ ഡല്‍ഹിക്ക് വിളിപ്പിക്കും. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിവരങ്ങള്‍ ആരായും. ഖാര്‍ഗെയുടെ നടപടി പ്രവര്‍ത്തകരും സുഹൃത്തുക്കളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍. ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ ചികില്‍സ സംബന്ധിച്ച ആശങ്ക തുടരുന്നു. ചികില്‍സ വൈകിയാല്‍ കോട്ടയത്ത് നിരാഹാരത്തിനൊരുങ്ങി പുതുപ്പള്ളിക്കാര്‍ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയും ചികില്‍സയും സംബന്ധിച്ച് ആരോപണങ്ങള്‍ ഉയരുകയും പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ മകന്‍ ചാണ്ടി ഉമ്മനെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ഡല്‍ഹിക്ക് വിളിപ്പിക്കും.

ഉമ്മന്‍ ചാണ്ടിയുടെ നിലവിലെ ആരോഗ്യസ്ഥിതിയും ചികില്‍സയും സംബന്ധിച്ച് ചാണ്ടി ഉമ്മനില്‍ നിന്നും ഖാര്‍ഗെ വിശദീകരണം ആരായും എന്നാണ് റിപ്പോര്‍ട്ട്.


അതിനിടെ ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിഗദ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റിയില്ലെങ്കില്‍ കോട്ടയത്ത് ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ നിരാഹാരം അനുഷ്ഠിക്കുമെന്ന മുന്നറിയിപ്പുമായി പുതുപ്പള്ളിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയുടെ സുഹൃത്തുക്കളും രംഗത്തുവന്നിട്ടുണ്ട്. ചാണ്ടി ഉമ്മന്‍ ഡല്‍ഹിയില്‍ നിന്നും തിരികെ എത്തിയാലുടന്‍ തുടര്‍ ചികില്‍സാ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് പുതുപ്പള്ളിക്കാരുടെ ആവശ്യം.


അതേസമയം ഉമ്മന്‍ ചാണ്ടിക്ക് ഗുരുതരമായ നിലയില്‍ അര്‍ബുദബാധയില്ലായെന്നും ശബ്ദം നഷ്ടപ്പെടുന്ന സാഹചര്യം മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായത് പിന്നീട് തിരിച്ചുവന്നിരുന്നുവെന്നും മകന്‍ ചാണ്ടി ഉമ്മന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നല്‍കിയ വിശദീകരണങ്ങള്‍ക്ക് നേരേ ഘടകവിരുദ്ധമായ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ഡോക്ടറുടേതായി പുറത്തുവന്ന കേസ് സമ്മറിയിലെയും ലാബ് പരിശോധനകളുടെയും വിവരങ്ങള്‍.

publive-image

അദ്ദേഹത്തിന് തൊണ്ടയില്‍ അര്‍ബുദബാധയാണെന്നും അത് 2015 -ല്‍ കണ്ടെത്തിയിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുകളാണ് ഡോക്ടറുടെ കേസ് സമ്മറിയിലുള്ളത്. എറണാകുളത്ത് രാജഗിരി ആശുപത്രിയില്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം നടത്തിയ വിശദമായ മെ‍ഡിക്കല്‍ പരിശോധനകളുടെ റിപ്പോര്‍ട്ടിലുള്ളതും അദ്ദേഹത്തിന്‍റെ രോഗാവസ്ഥ അതീവ ഗുരുതരമാണെന്ന വിവരങ്ങളാണ്.

എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റാതെ വീട്ടില്‍ താമസിപ്പിച്ച് നാട്ടുചികില്‍സകളുമായി മുന്നോട്ടുപോകുന്നതെന്ന ചോദ്യമാണ് ഉമ്മന്‍ ചാണ്ടിയെ സ്നേഹിക്കുന്ന അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളില്‍ നിന്നും ഉണ്ടായത്. അടുത്ത സുഹൃത്തും മുന്‍ കേന്ദ്രമന്ത്രിയുമായ എകെ ആന്‍റണി അടുത്ത ദിവസം ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. എന്നിട്ടും ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ ചികില്‍സകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം ആയിരുന്നില്ല.


കഴിഞ്ഞ 17 ന് ബംഗളൂരുവില്‍ അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോക്ടറുടെ അഭിപ്രായം ആരായാന്‍ ഉമ്മന്‍ ചാണ്ടി എച്ച്സിജി ആശുപത്രിയില്‍ എത്തിയിരുന്നു. അപ്പോഴും ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം കീമോ-റേഡിയേഷന്‍ തെറാപ്പികള്‍ ഉടന്‍ ആരംഭിക്കണം എന്നായിരുന്നു. തുടര്‍ ചികില്‍സ എത്ര വൈകുന്നുവോ അത്രയും ആരോഗ്യ സ്ഥിതിയും മോശമാകും എന്ന ഉപദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്.


എന്നാല്‍ കുടുംബാംഗങ്ങള്‍ അതിനോട് വിയോജിപ്പ് അറിയിച്ചതോടെ തുടര്‍ ചികില്‍സകള്‍ക്ക് നില്‍ക്കാതെ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. പിന്നീട് ഓരോ ദിവസവും ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്തു. കഴിഞ്ഞ 28 -ന് രമേശ് ചെന്നിത്തലയുടെ മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം സ്ഥിതി വീണ്ടും മോശമായി. ഇപ്പോള്‍ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് അദ്ദേഹമുള്ളത്.

ഈയവസ്ഥയില്‍ കുടുംബാംഗങ്ങള്‍ പറയുംപോലെതന്നെ പെട്ടെന്ന് കീമോ-റേഡിയേഷന്‍ ചികില്‍സകള്‍ക്ക് അദ്ദേഹത്തിന് ആരോഗ്യ പരിമിതികള്‍ ഉണ്ടായേക്കാം. പക്ഷേ അത് ഇങ്ങനെയുണ്ടായ കാലതാമസംകൊണ്ട് സംഭവിച്ചതാണ്. വിദഗ്ദ്ധ ചികില്‍സ നല്‍കിയാല്‍ ഇനിയും അദ്ദേഹത്തിന്‍റെ രോഗസ്ഥിതിയില്‍ പ്രതീക്ഷ ഉണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

Advertisment