Advertisment

സിദ്ധരാമയ്യയും ഡികെയും വാശിപിടിച്ചതോടെ കടുത്ത നിലപാടെടുത്തത് ഹൈക്കമാന്‍റ്. വൈകുന്നേരം ഖാര്‍ഗെയുടെ വസതിയില്‍ കെസി വേണുഗോപാലും സോണിയാ ഗാന്ധിയും ചേര്‍ന്ന് തീരുമാനമെടുക്കുന്നു. രാത്രി ഏഴരയോടെ സുര്‍ജേവാലയേയും സിദ്ധരാമയ്യയേയും പിന്നാലെ ശിവകുമാറിനെയും കെസിയുടെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. അന്തിമ തീരുമാനം പുലര്‍ച്ചെ മൂന്നരയോടെ. മുഖ്യമന്ത്രി പദവി മാത്രമല്ല ഹൈക്കമാന്‍റിനും ഒരു ഡിമാന്റുണ്ട് - കര്‍ണാടക വിഷയത്തിലെ അര്‍ധരാത്രി ചര്‍ച്ചകളിങ്ങനെ...

New Update

publive-image

Advertisment

ഡല്‍ഹി: നാല് ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ മുള്‍മുനയില്‍ നിര്‍ത്തിയ കര്‍ണാടകത്തിലെ നേതാക്കള്‍ ഒടുവില്‍ വഴങ്ങിയത് ഹൈക്കമാന്‍റിന്‍റെ ശക്തമായ ഇടപെടലില്‍. പരസ്പരം സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ത്തിയ സിദ്ധരാമയ്യയേയും ഡികെ ശിവകുമാറിനെയും 18 -ന് പുലര്‍ച്ചയ്ക്ക് മുമ്പ് വരുതിയിലാക്കണമെന്നത് ബുധനാഴ്ച തന്നെ ഹൈക്കമാന്‍റ് തീരുമാനിച്ചിരുന്നു.


നാല് പകല്‍ മുഴുവന്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ ഇരുവര്‍ക്കും മുമ്പില്‍ ഫലം കാണാതെ വന്നതോടെ അനുനയ ഫോര്‍മുല രൂപപ്പെടുത്തിയത് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ചേര്‍ന്നായിരുന്നു.


ഇന്നലെ ഉച്ചകഴിഞ്ഞ് ഖാര്‍ഗെയുടെ വസതിയിലെത്തിയ വേണുഗോപാലും ഖാര്‍ഗെയും ചേര്‍ന്ന് സോണിയാ ഗാന്ധിയുമായി ഓണ്‍ലൈന്‍ ചര്‍ച്ച. തീരുമാനം രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കുന്നു. തൊട്ടുപിന്നാലെ വേണുഗോപാലിന്‍റെ ലോധി എസ്റ്റേറ്റിലെ 51 -നമ്പര്‍ വസതിയിലേയ്ക്ക് സംസ്ഥാന ചുമതലയുള്ള രണ്‍ദീപ് സിംങ്ങ് സുര്‍ജേവാലയെ വിളിച്ചുവരുത്തി തീരുമാനം അറിയിക്കുന്നു.

രാത്രി ഏഴരയോടെ വേണുഗോപാലും സുര്‍ജേവാലയും ചേര്‍ന്ന് സിദ്ധരാമയ്യയെ വേണുഗോപാലിന്‍റെ വിട്ടിലേയ്ക്ക് വിളിച്ചുവരുത്തി. ഹൈക്കമാന്‍റ് തീരുമാനം സിദ്ധരാമയ്യയെ ധരിപ്പിക്കുകയായിരുന്നു ദൗത്യം.


സിദ്ധരാമയ്യയ്ക്ക് ആദ്യം രണ്ടര വര്‍ഷം മുഖ്യമന്ത്രിയാകാം. പക്ഷേ ഭരണത്തിന്‍റെ പൂര്‍ണ കടിഞ്ഞാണ്‍ സിദ്ധരാമയ്യയ്ക്ക് ഉണ്ടാകില്ല. ഭരണം പിടിച്ചാല്‍ അടുത്ത പകരക്കാരനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന രാജസ്ഥാന്‍, ചത്തീസ്ഘട്ട് അനുഭവം കര്‍ണാടകയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അക്കാര്യം സുരക്ഷിതമാക്കാനുള്ള കരുതല്‍ ഡികെയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നുമുള്ള വിവരം സിദ്ധരാമയ്യയെ ധരിപ്പിക്കുന്നു. ആദ്യം സിദ്ധരാമയ്യ വിസമ്മതിച്ചെങ്കിലും വേണുഗോപാല്‍ ഹൈക്കമാന്‍റ് നിലപാട് ശക്തമാക്കിയതോടെ അദ്ദേഹം വഴങ്ങി.


തൊട്ടുപിന്നാലെ ഡികെ ശിവകുമാറിനെയും കെസിയുടെ വിട്ടിലേയ്ക്ക് വിളിച്ചുവരുത്തി. ഡികെയോടും നിലപാട് പറഞ്ഞു. ഇത് പാര്‍ട്ടി തീരുമാനമാണെന്നും ഡികെയ്ക്ക് ഈ സാഹചര്യത്തില്‍ ചെയ്യാവുന്ന പരമാവധി പരിഗണന ഉറപ്പാക്കിയിട്ടുണ്ടെന്നും വേണുഗോപാല്‍ ഡികെയെ അറിയിച്ചു.

ഇതുപ്രകാരം ഡികെ ഏക ഉപമുഖ്യമന്ത്രിയാകും. പിസിസി അധ്യക്ഷസ്ഥാനത്തും തുടരും. മന്ത്രിസഭാ രൂപീകരണത്തിലും ഡികെയ്ക്ക് നിര്‍ണായക റോള്‍ ഉണ്ടാകും.രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ഡികെ മുഖ്യമന്ത്രി.


പക്ഷേ സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും മുമ്പില്‍ ഹൈക്കമാന്‍റിനും ഉപാധിയുണ്ട്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ഐക്യത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിനെയും നേരിടണം. 20 സീറ്റുകളില്‍ കുറയാതെ ലഭിക്കണം. അതില്‍ കുറവുണ്ടായാല്‍ രണ്ടുപേരെയും ബാധിക്കും. ഇരുവരും വഴങ്ങി.


പുലര്‍ച്ചയോടെ കെസി വീണ്ടും ഖാര്‍ഗെയുടെ വസതിയിലേയ്ക്ക്. ഒപ്പം സുര്‍ജേവാലയും. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പാര്‍ട്ടി അധ്യക്ഷനെ ധരിപ്പിക്കുന്നു; സാണിയ ഗാന്ധിയും വീണ്ടും ഓണ്‍ലൈനില്‍ വന്നു.

ഇരുവരും മുന്നോട്ടു വച്ച നിര്‍ദേശങ്ങളില്‍ എഐസിസിയുടെ ഭാഗത്തുനിന്നും വ്യക്തത വരുത്താന്‍ പുലര്‍ച്ചെവരെ ചില മാരത്തണ്‍ ചര്‍ച്ചകള്‍. വ്യാഴാഴ്ച നേരം പുലരും മുമ്പ് തീരുമാനം വേണമെന്ന നിലയില്‍ നടത്തിയ ചര്‍ച്ചകള്‍ തീരുന്നത് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

Advertisment