Advertisment

'മാസ്റ്റർ' കൂട്ടുകെട്ട് വീണ്ടും? വിജയ്‌-ലോകേഷ് കനകരാജ് ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊവിഡ് കാലത്ത് തിയറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മാസ്റ്റർ' എന്ന ചിത്രം. കൊവിഡ് കാരണം റിലീസ് വൈകിയെങ്കിലും പുറത്തിറങ്ങിയപ്പോൾ തിയറ്ററുകളില്‍ ആളുകളെ നിറയ്‍ക്കാൻ ചിത്രത്തിന് സാധിച്ചു.

ഇപ്പോഴിതാ ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിജയ്‌യുടെ 67ാമത്തെ ചിത്രമായിരിക്കും ഇത്. മാസ്റ്ററിന്റെ ഷൂട്ടിംഗ് സമയത്ത് പറഞ്ഞ ഒരു സൂചനയില്‍ നിന്ന് ഇപ്പോള്‍ കഥ രൂപപ്പെട്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി ആരും തന്നെ അറിയിച്ചിട്ടില്ല. ജനുവരി 13ന് പൊങ്കൽ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമായിരുന്നു വിജയ് നായകനായി എത്തിയ മാസ്റ്റർ. ചിത്രത്തെ പോലെ തന്നെ അതിലെ ​ഗാനങ്ങൾക്കും വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രത്തിലെ അനിരുദ്ധ് സംഗീതം ചെയ്ത വാത്തി കമിംഗ് എന്ന പാട്ടിലെ വിജയ്‌യുടെ നൃത്തച്ചുവടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. കൊവിഡിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തിയേറ്ററുകളില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ചിത്രം തമിഴ്‌നാട്ടില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു.

അതേസമയം, നെല്‍സണ്‍ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

മലയാളി താരം ഷൈൻ ടോം ചാക്കോ ചിത്രത്തില്‍ വില്ലനായി എത്തുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമായ ബീസ്റ്റ് അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിന് എത്തുക. കൈതിയുടെ രണ്ടാം ഭാഗവും കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ ഒരുമിക്കുന്ന വിക്രം എന്ന ചിത്രവുമാണ് ആരാധകര്‍ കാത്തിരിക്കുന്ന അണിയറയിലൊരുങ്ങുന്ന ലോകേഷ് കനകരാജ് ചിത്രങ്ങള്‍.

cinema
Advertisment