Advertisment

ഒടിടി റിലീസുകൾ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും. മറ്റു നിർവ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകൾ നിലവിൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുന്നത്; ഒടിടിയ്‌ക്ക് വേണ്ടി സിനിമ നിർമ്മിച്ചാൽ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തിരുവനന്തപുരം : ഒടിടിയ്‌ക്ക് വേണ്ടി സിനിമ നിർമിച്ചാൽ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഒടിടി റിലീസുകൾ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും. മറ്റു നിർവ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകൾ നിലവിൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതെന്നും അടൂർ വ്യക്തമാക്കി.

ശശി തരൂർ എംപി നടത്തിയ അഭിമുഖത്തിലാണ് അടൂരിന്റെ ഈ പരാമർശം. ചെറു സ്‌ക്രീനുകളിൽ സിനിമ കാണുക എന്നത് തന്നെ സംബന്ധിച്ച് സങ്കടകരമാണ്. സിനിമ തിയറ്ററിൽ കാണാനുള്ളതാണ്. ആ അനുഭവം ഒരു മൊബൈൽ സ്‌ക്രീനിൽ നിന്നോ ലാപ് ടോപ്പിൽ നിന്നോ കിട്ടില്ല.

publive-image

ഓരോ ഫ്രെയിമും ഒരു നിശ്ചിത സെക്കൻഡ് സമയത്തേക്കാണ് പ്രേക്ഷകരുടെ കൺമുന്നിൽ നിൽക്കുക. ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ അതു കാണാൻ ആവശ്യമായ സമയം കാണിക്ക് ലഭിക്കും. ഒരു ചെറിയ സ്‌ക്രീനിൽ നിങ്ങൾ ശരിക്കും സിനിമ കാണുന്നുതന്നെയില്ലന്ന് അടൂർ പറഞ്ഞു.

കഥാപാത്രങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ മാത്രമാണ് സാധിക്കുക. കാർട്ടൂൺ കഥാപാത്രങ്ങളുടേതുപോലെ സ്‌ക്രീനിലെ ചലനങ്ങളും നിങ്ങൾ കാണുന്നു. ആ കാഴ്ചാനുഭവത്തിൽ മറ്റൊന്നും ഇല്ല. തന്റെ സിനിമ മൊബൈൽ ഫോണിലാണ് നിങ്ങൾ കാണുന്നതെങ്കിൽ, യഥാർഥ അർത്ഥത്തിൽ നിങ്ങളാ ചിത്രം കാണുന്നില്ല.

അങ്ങനെ കാണുന്നപക്ഷം തന്റെ വർക്കിനോട് നിങ്ങൾ വലിയ അനീതിയാണ് കാട്ടുന്നതെന്നും താൻ പറയുമെന്ന് അടൂർ ചൂണ്ടിക്കാട്ടി. മറ്റു നിർവ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകൾ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുന്നത്.

പക്ഷേ അങ്ങനെ ചെയ്യുന്നതിലൂടെ പ്രേക്ഷകരിൽ നിന്ന് സിനിമാനുഭവത്തെ എടുത്തുമാറ്റുകയുമാണ് അവർ. ഒടിടി റിലീസ് മുന്നിൽക്കണ്ട് സിനിമ നിർമ്മിക്കുന്നത് നിരാശാജനകമാണ്. അത് സിനിമയുടെ അന്ത്യമായിരിക്കും. ഒരു സിനിമ ആൾക്കൂട്ടത്തിനൊപ്പമിരുന്ന് തിയറ്ററിലാണ് കാണേണ്ടത്. ആ സാമൂഹിക അനുഭവം കൂടിയാണ് ഒടിടി എടുത്തുകളയുന്നതെന്ന് അടൂർ വ്യക്തമാക്കി.

cinema
Advertisment