Advertisment

കിറ്റെക്‌സിലെ തൊഴിലാളികൾക്ക് കൊവിഡ് രണ്ടാം ഡോസ് പ്രതിരോധ കുത്തിവെയ്പ്പിന് ആരോഗ്യ വകുപ്പ് അനുമതി നൽകിയില്ല. ഹർജിയുമായി കിറ്റെക്‌സ് ഹൈകോടതിയിൽ. കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി കോടതി. ഹർജി നാളെ വീണ്ടും പരിഗണിക്കും

New Update

publive-image

Advertisment

കിഴക്കമ്പലം: ജൂൺ മാസത്തിൽ കമ്പനിയിലെ മുഴുവൻ തൊഴിലാളികൾക്കും കൊവിഷീൽഡ് പ്രതിരോധ കുത്തിവെയ്പ്പ് ആദ്യഡോസ് പൂർത്തിയാക്കി. 12000 തൊഴിലാളികൾക്കായി കമ്പനി 93 ലക്ഷം രൂപ മുടക്കി വാങ്ങിവെച്ചിരിക്കുന്ന രണ്ടാം ഡോസ് കുത്തി വെയ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതിയോടെ മൂവാറ്റുപുഴ സബൈൻ ഹോസ്പിറ്റൽ വഴിയാണ് മുഴുവൻ തൊഴിലാളികൾക്കും കമ്പനി ചിലവിൽ ആദ്യ ഡോസ് കുത്തിവെയ്‌പ്പെടുത്തത്. ആദ്യ ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടില്ല.

അനുമതി ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും രേഖാമൂലം അപേക്ഷ നൽകിയെങ്കിലും കുറ്റകരമായ മൗനം മാത്രമാണ് ഉണ്ടായത്.

കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും വാക്‌സിൻ ക്ഷാമം നേരിടുമ്പോഴും വാങ്ങിവെച്ച വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകാത്തത് നീതി നിഷേധമാണെന്ന് ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ. ബ്ലെയ്‌സ് കെ ജോസ് മുഖേന കിറ്റെക്‌സ് ഹൈകോടതിയെ സമീപിച്ചത്.

കുത്തിവെയ്പ് മാർഗ്ഗ നിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന സർക്കാർ ഹർജി പരിഗണിക്കവേ കോടതിയെ അറിയിച്ചു. തുടർന്ന് കേന്ദ്ര സർക്കാരിനോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് മിഷൻ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും കക്ഷി ചേർത്താണ് കിറ്റെക്‌സ് ഗാർമെന്റ്‌സും കിറ്റെക്‌സ് ചൈൽഡ് വെയറും ഹൈകോടിതിയെ സമീപിച്ചത്.

ആദ്യ ഡോസ് എടുത്ത ശേഷം നാലു മുതൽ ആറാഴ്ച കഴിഞ്ഞാൽ രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യം ലഭിച്ച മാർഗ്ഗനിർദ്ദേശം. പിന്നീട് അത് 45 ദിവസത്തിന് ശേഷം എന്നാക്കി മാറ്റി. ഇപ്പോൾ വാക്‌സിന്റെ ലഭ്യത കുറവ് മൂലം 84 ദിവസമാക്കി ഉയർത്തിയിരിക്കുകയാണ്. ആദ്യ കുത്തിവെയ്പ് എടുത്ത് 45 ദിവസം കഴിഞ്ഞവർക്ക് ഉടൻ രണ്ടാം ഡോസ് കുത്തിവെയ്പ് എടുക്കാൻ ഹൈകോടതി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി.

kitex
Advertisment