Advertisment

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായുംപ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

New Update

publive-image

Advertisment

കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യ ശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ.

''ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്'' (യോഹ 10:10) എന്ന ക്രിസ്തുവിന്റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു.

സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനു മറ്റു നിറങ്ങള്‍ ചാര്‍ത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്നു വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്നുവരുത്തി തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാന്‍സമിതി തള്ളിക്കളയുന്നു.

മതാന്തര സംഭാഷണങ്ങളും മതസൗഹാര്‍ദ്ദവും കത്തോലിക്കാസഭയുടെ അടിസ്ഥാന ദര്‍ശനങ്ങളായ സത്യം, സ്‌നേഹം, നീതി എന്നിവയില്‍ അധിഷ്ഠിതമാണ്. ഈ കാര്യത്തില്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടു തന്നെയാണ് കേരള കത്തോലിക്കാസഭയുടേത്.

എക്കാലവും മതേതരത്വവും മത സൗഹാര്‍ദ്ദവും ഇവിടെ പുലരണമെന്ന് കേരളകത്തോലിക്കാ മെത്രാന്‍ സമിതി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി എക്കാലവും ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യും. സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ ഇതര സമൂഹങ്ങളോടൊപ്പം തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അറിയിക്കുന്നു.

ക്രിസ്തുവിന്റെ മനോഭാവത്തോടെ സര്‍വ്വരേയും ആദരവോടെ കരുതുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് സ്‌നേഹപൂര്‍വം ആഹ്വാനം ചെയ്യുന്നു.

Advertisment