Advertisment

പ്രവാസികളുടേത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തി മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റിന് കെ എം സി സി നിവേദനം നൽകി

New Update

publive-image

Advertisment

ജിദ്ദ: സഊദി കെ എം സി സി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കെ എം സി സി ഭാരവാഹികൾ മാറാക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. പി സജ്‌ന ടീച്ചർക്ക് കൈമാറി. മാറാക്കര സി. എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ സാന്നിധ്യത്തിൽ സഊദി കെ എം സി സി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കുഞ്ഞി മുഹമ്മദ്‌ കൊളമ്പൻ ആണ് നിവേദനം നൽകിയത്.

അവധിയിൽ നാട്ടിൽ വരുന്ന പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്ത്‌ അധികൃതർ മുൻഗണന നൽകുക, പ്രവാസികൾ ആരംഭിക്കുന്ന ബിസിനസ്‌ - വ്യവസായ സംരംഭങ്ങൾക്ക് വേഗത്തിൽ അനുമതി നൽകുക, പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബോധവൽക്കരണം സംഘടിപ്പിക്കുക, മാറാക്കര പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ പഞ്ചായത്തിൽ കോളേജ് അനുവദിച്ചു കിട്ടാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുക, മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴയിലേക്ക് വരുന്ന ഭക്ത ജനങ്ങളുടെ സൗകര്യം പരിഗണിച്ചു കാടാമ്പുഴ ബസ് സ്റ്റാൻഡ് നവീകരിക്കുക, കാടാമ്പുഴയിൽ നിന്നും ജില്ല ആസ്ഥാനമായ മലപ്പുറം, മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന മഞ്ചേരി ഉൾപ്പെടെ വിവിധ ഭാഗങ്ങളിലേക്ക് കെ എസ് ആർ ടി സി ബസ് ആരംഭിക്കാൻ ബന്ധപ്പെട്ട അധികൃതരിൽ സമ്മർദ്ദം ചെലുത്തുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.

നിവേദനത്തിലെ ആവശ്യങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് നിവേദനം സ്വീകരിച്ചു കൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജ്‌ന ടീച്ചർ പറഞ്ഞു.

ചടങ്ങിൽ സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി ചെയർമാൻ നാസർ ഹാജി കല്ലൻ, സെക്രട്ടറി മുജീബ് റഹ്മാൻ നെയ്യത്തൂർ എന്നിവരും മലപ്പുറം ജില്ല പഞ്ചായത്ത്‌ മെമ്പർ എം. ഹംസ മാസ്റ്റർ, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. കെ സുബൈർ, മാറാക്കര ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. പി കുഞ്ഞി മുഹമ്മദ്‌, ടി. പി യൂസുഫ് മാസ്റ്റർ, കുഞ്ഞുട്ടി ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Advertisment