Advertisment

"സാമ്രാജ്യത്വ ഭീകരതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ ധീര ദേശാഭിമാനികളെ ചരിത്ര പുസ്തകങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യാൻ ശ്രമിക്കുന്നത് രാജ്യത്തെ ഒറ്റിക്കൊടുത്തവരുടെ കുടില താല്പര്യം": ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: കച്ചവടത്തിന് വന്ന് നമ്മുടെ നാടിനെ കൊള്ളചെയ്‌തും നാട്ടുകാരെ കൂട്ടക്കശാപ്പ്‌ ചെയ്‌തും അധിനിവേശ ശക്തികളായി രൂപം പ്രാപിച്ച സാമ്രാജ്യത്വ ഭീകരതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ ധീര ദേശാഭിമാനികളെ ചരിത്ര പുസ്തകങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യാൻ ശ്രമിക്കുന്നത് രാജ്യത്തെ ഒറ്റിക്കൊടുത്തവരുടെ കുടില താല്പര്യമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. രാജ്യഭരണം കയ്യാളുന്നവർ എല്ലാ സംവിധാനങ്ങളെയും സംഘപരിവാരത്തിന്റെ അജണ്ട നടപ്പിലാക്കാൻ ദുരുപയോഗം ചെയ്യുകയാണ്. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തു വീരമൃത്യു വരിച്ച മഹാരഥന്മാരെ ചരിത്രത്തിൽ നിന്നും നീക്കം ചെയ്ത് ഭാവി തലമുറയെ നാഗ്പൂർ തിട്ടൂരത്തിനനുസരിച്ചു പാകപ്പെടുത്താൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിനെ കാവിയിൽ മുക്കിയിരിക്കുകയാണെന്നും പ്രസ്താവന തുടർന്നു.

ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനെതിരെ പ്രവർത്തിക്കുകയും വിദേശികളിൽ നിന്ന് കിട്ടാവുന്ന സ്ഥാനമാനങ്ങൾ സ്വീകരിച്ചു സർവവാധികാരികളാവുകയും ചെയ്ത ഒറ്റുകാർ ദേശസ്നേഹികളായി ചമയുകയാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി ഒരുമിച്ചു പോരാടിയ ധീരപോരാളികളുടെ പേരുകൾ പോലും ചരിത്ര പുസ്തകങ്ങളിൽ കാണുന്നത് ഇംഗ്ലീഷുകാരുടെ മുമ്പിൽ മാപ്പെഴുതിക്കൊടുത്ത ഭീരുക്കൾക്കു സഹിക്കാനാകാത്തതിനാലാണ് ചരിത്രം മാറ്റിയെഴുതി ഹിന്ദുത്വ അനുകൂല അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതിനെ ന്യായീകരിക്കുകയും ഹിന്ദുത്വ തീവ്രവാദിയായ ഗോഡ്‌സെയെ വീരപുരുഷനാക്കി പ്രതിഷ്ഠിക്കുകയും ചെയ്ത രാജ്യദ്രോഹികളിൽ നിന്നും ധീരരായ മലബാറിലെ സ്വാതന്ത്ര്യ സമരയോദ്ധാക്കൾക്കു നേരെ ഇതിലപ്പുറം പ്രതീക്ഷിക്കാവുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

കുറുക്കു വഴിയിലൂടെ നിയമം പാസാക്കി ചരിത്രം വളച്ചൊടിക്കുന്ന ഫാഷിസ്റ്റ് ഭരണ കൂടത്തിന്റെ കാടൻ നടപടിക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിച്ചണിനിരക്കണമെന്നും ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ ശക്തമായിപ്രതിഷേധിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

സംഘപരിവാരശക്തികൾ ഏതുവിധേന തകർക്കാൻ നോക്കിയാലും കോടിക്കണക്കിനു വരുന്ന രാജ്യസ്നേഹികളുടെ മനസ്സിൽ നിന്നും ധീരദേശാഭിമാനികളുടെ ഓർമ്മകൾ മായ്ക്കാനും മറയ്ക്കാനുമാകില്ലെന്നും വരും തലമുറയ്ക്ക് യഥാർത്ഥ ചരിത്രം പകർന്നു കൊണ്ടേയിരിക്കുമെന്നും സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Advertisment