Advertisment

"സൗദി ഭരണകൂടം നൽകിയ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രവാസികളുടെ തിരിച്ചുവരവ് എളുപ്പമാക്കാൻ അവസരമൊരുക്കണം": ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: സൗദിയിൽ നിന്നും രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനെടുത്തു അവധിക്കു നാട്ടിൽ പോയ ഇന്ത്യക്കാർക്ക് നേരിട്ട് സൗദിയിലേക്ക് മടങ്ങാമെന്ന സൗദി ഭരണകൂടത്തിന്റെ തീരുമാനം അനേകായിരം പ്രവാസികൾക്ക് ആശ്വാസമേകുന്നതും അഭിനന്ദനാർഹമാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് മഹാമാരിയുടെ വ്യാപനം കാരണം ഒന്നര വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനപ്രകാരം ഇന്ത്യാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും നയതന്ത്രത്തലത്തിൽ നടപടിയുണ്ടാവുമെന്നും ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

ചെറിയ അവധിക്കു നാട്ടിൽ പോയി നിശ്ചിത സമയത്തിനകം തിരിച്ചെത്താനാകാതെ നിരവധി പേരാണ് ജോലി നഷ്ടപ്പെടുകയും സാമ്പത്തികമായി വലിയ കഷ്ടതയനുഭവിക്കുകയും ചെയ്യുന്നത്. നേരിട്ടുള്ള വിമാനസർവ്വീസുകൾ മുടങ്ങിയതിനാൽ തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇതര രാജ്യങ്ങളിലൂടെ യാത്രയും ആഴ്ചകൾ നീണ്ട കോവിഡ് മാനദണ്ഡപ്രകാരമുള്ള ക്വാറന്റൈനും കഴിഞ്ഞു ജോലിയിൽ തിരികെയെത്താൻ പ്രവാസികൾ കഷ്ടപ്പെടുന്നത്. അതേ സമയം സൗദി ഭരണകൂടം വിവിധ കാലയളവിൽ വിസാ കാലാവധി സൗജന്യമായി പുതുക്കി നൽകിയതിനാൽ തിരികെയെത്താനായില്ലെങ്കിലും ജോലി സംരക്ഷിക്കപ്പെട്ടത് നിരവധിയാളുകൾക്ക് വലിയ ആശ്വാസമായിരുന്നു.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ സൗദി ഭരണകൂടം കൈക്കൊണ്ട നടപടികളും ദേശ-ഭാഷാ വ്യത്യാസമില്ലാതെ സൗജന്യമായി എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകിയതും ലോകത്തിനു തന്നെ മാതൃകയാണ്. ഇപ്പോൾ സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രവാസികളുടെ തിരിച്ചുവരവ് എളുപ്പമാക്കാനുള്ള നടപടികൾക്ക് ഇന്ത്യ ഗവണ്മെന്റ് യുദ്ധകാലാടിസ്ഥാനത്തിൽ ബന്ധപ്പെട്ട് അനുകൂല സാഹചര്യം ഒരുക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ, വിവിധ റീജിയൻ ഭാരവാഹികളായ, ഹാരിസ് മംഗളൂരു, ബഷീർ കാരന്തൂർ (റിയാദ്), നസ്രുൾ ഇസ്‌ലാം ചൗധരി, മിറാജ് ഹൈദരാബാദ്, നമീർ ചെറുവാടി (ദമ്മാം), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ), ഇ.എം. അബ്ദുല്ല, ആലിക്കോയ ചാലിയം (ജിദ്ദ), എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment