Advertisment

സോഷ്യൽ ഫോറത്തിന്റെ സമയോചിത ഇടപെടലിൽ ഗുരുതര രോഗം ബാധിച്ച മുംബൈ സ്വദേശി നാട്ടിലെത്തി

New Update

publive-image

Advertisment

ജിദ്ദ: തലച്ചോറിനെ ബാധിച്ച ഗുരുതര രോഗം കാരണത്താൽ ബുദ്ധിമുട്ടിലായ മുംബൈ ലോവർ പറേൽ സ്വദേശി ഹസ്സൻ അബ്ദുൽ ഗഫാർ ഷെയ്ഖ് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ സമയോചിത ഇടപെടൽ മൂലം ചികിത്സയ്ക്ക് ശേഷം സ്വദേശത്തേക്കു മടങ്ങി. കഴിഞ്ഞ ദിവസമാണ് ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ വിമാനം വഴി മുംബൈയിലേക്ക് തിരിച്ചത്.

രോഗം കൊണ്ടും നിയമ പ്രശ്നങ്ങൾ കൊണ്ടും ദുരിതമേറേ അനുഭവിച്ച ഹസ്സൻ അബ്ദുൽ ഗഫാർ ഷൈഖിൻറെ കഥ ഇതാ:

അവശതയിൽ തൊഴിലെടുത്തിരുന്ന സ്ഥാപനം നഷ്ടത്തിലായതിനാൽ ജോലി നഷ്ടപ്പെടുകയും ഇഖാമ കാലാവധി കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് ഹസ്സൻ അബ്ദുൽ ഗഫാർ അസുഖബാധിതനാകുന്നത്. ജോലിയില്ലാതായതോടെ സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിലായിരുന്നു ഹസ്സൻ. നഷ്ടത്തിലായ സ്ഥാപനം അടച്ചതിനാൽ കമ്പനി അധികൃതർ തൊഴിലാളികളോട് ജോലി വിട്ടുപോകാനും മറ്റേതെങ്കിലും ജോലി നോക്കാനും നിർദ്ദേശിക്കുകയായിരുന്നു.

സാമ്പത്തിക പരാധീനതയിൽ നാട്ടിലേക്കു പോകാനാകാതെ മറ്റൊരു സ്‌പോൺസറുടെ കീഴിൽ ജോലിക്ക് ശ്രമിക്കുന്നതിനിടക്കാണ് രോഗബാധിതനായി അബോധാവസ്ഥയിലായ ഹസ്സൻ ഗഫാറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നാലുദിവസത്തെ ചികിത്സക്ക് മാത്രം വലിയൊരു തുക അടക്കേണ്ടിയും വന്നു. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായും അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു.

ഈ ഘട്ടത്തിലായിരുന്നു ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ. ഫോറം നോർത്തേൺ സ്‌റ്റേറ്റ് ഭാരവാഹിയും ലക്‌നൗ സ്വദേശിയുമായ അഹ്‌മദ്‌ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങുമായി ബന്ധപ്പെട്ടു. ശസ്ത്രക്രിയക്കും വിദഗ്‌ധ ചികിത്സക്കുമായി സോഷ്യൽ ഫോറം വെൽഫെയർ വിങ് കൂടുതൽ സൗകര്യമുള്ള മറ്റു ആശുപത്രികളിൽ അന്വേഷിച്ചുവെങ്കിലും വൻതുക മുൻകൂറായി കെട്ടിവെക്കണമെന്നാണ് മറുപടി ലഭിച്ചത്.

എന്നാൽ ഇഖാമ കാലാവധി തീർന്നതിനാൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കാത്ത സാഹചര്യമായിരുന്നു. അതേ സമയം രോഗം ഗുരുതരമായി ശസ്ത്രക്രിയ അടിയന്തിരമായി നടത്തേണ്ടി വന്നതിനാൽ പുതിയ സ്പോൺസറും സോഷ്യൽ ഫോറം വളണ്ടിയർമാരും ഹസ്സൻ ഗഫാറിനെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കാനുള്ള നീക്കം നടത്തുകയും അവിടെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ഒരു മാസത്തിലധികം അവിടെ കഴിഞ്ഞുവെങ്കിലും ചികിത്സയുടെ ബില്ലടക്കാതെ ഡിസ്‌ചാർജ് ചെയ്യാൻ സാധിക്കാതെ വന്നതിനാൽ കൂടുതൽ വിഷമത്തിലായി.

സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ, ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം എന്നിവർ രോഗിയുടെ അവസ്ഥയും സാമ്പത്തിക സാഹചര്യവും മനസ്സിലാക്കി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറലിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചതിനാൽ നാട്ടിലേക്കുള്ള യാത്രാ രേഖകൾ എളുപ്പത്തിലാക്കാൻ സാധിച്ചു. സോഷ്യൽ ഫോറം ഭാരവാഹികളും പുതിയ സ്പോൺസറും കിംഗ് ഫഹദ് ആശുപത്രി അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ബിൽ തുക അടയ്ക്കുന്നതിന് സാവകാശം ലഭിക്കുകയും ഡിസ്ചാർജ് ചെയ്യിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യാവസ്ഥയിൽ നല്ല പുരോഗതി കൈവരിച്ച ഹസ്സനെ എത്രയും വേഗം കുടുംബത്തോടൊപ്പം കഴിയാൻ നാട്ടിലെത്തിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.

എന്നാൽ സ്ട്രച്ചറിൽ വിമാനമാർഗ്ഗം നാട്ടിലെത്തിക്കാനുള്ള ചെലവും വളരെ കൂടുതലായിരുന്നു. ഭാഗ്യവശാൽ രോഗാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാവുകയും വീൽചെയറിൽ യാത്ര ചെയ്യാവുന്ന വിധം പുരോഗതിയുമുണ്ടായി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ഹസ്സൻ ഗഫാറിനെ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർ ഹസൈനാർ മാരായമംഗലം കഴിഞ്ഞ ദിവസം ജിദ്ദ എയർ പോർട്ടിൽ നിന്നും എയർ ഇന്ത്യവിമാനത്തിൽ മുംബൈയിലേക്ക്‌ യാത്രയാക്കി. എയർ ഇന്ത്യ അധികൃതരുടെ ഭാഗത്തു നിന്നും നല്ല പരിചരണമാണ് ലഭിച്ചത്.

അവശനിലയിലായിരുന്ന ഹസ്സൻ ഗഫാറിന്റെ നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന് കാര്യക്ഷമമായി ഇടപെട്ട കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന് സോഷ്യൽ ഫോറം ഭാരവാഹികൾ നന്ദി അറിയിച്ചു.

Advertisment