Advertisment

സൗദിയിൽ ഇനി രാജ്യം കാക്കാനും വനിതകൾ; സായുധ സേനയിലെ ആദ്യ വനിതാ ബാച്ച് പുറത്തിറങ്ങി

New Update

publive-image

Advertisment

ജിദ്ദ: സ്ത്രീ ശാക്തീകരണത്തിൽ സമുജ്വല അധ്യായങ്ങൾ വിരചിതമായി കൊണ്ടിരിക്കുന്ന സൗദി അറേബ്യയിൽ ചരിത്രം കുറിച്ച് കൊണ്ടുള്ള മറ്റൊരു സംഭവം കൂടി. സായുധ സേനയിലെ സ്ത്രീ സാന്നിധ്യം സഫലമായി. വാഹനങ്ങളുടെ വലയം പിടിച്ച വളയിട്ട കൈകൾ ഇനി രാജ്യം കാക്കാൻ തോക്കും ആയുധങ്ങളും കൂടിയേന്തും. എല്ലാ രംഗങ്ങളിലും യോഗ്യരായ വനിതകൾക്ക് അവസരം ലഭ്യമാക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് സായുധ സേനയിൽ വനിതകൾക്കുള്ള അവസരം.

ഇത്തരത്തിലെ ആദ്യ സായുധ വനിതാ ബാച്ച് ബുധനാഴ്ച പുറത്തിറങ്ങി. സായുധ വനിതാ കേഡർ പരിശീലന കേന്ദ്രത്തിൽ 14 ആഴ്ചകൾ നീണ്ടുനിന്ന "അടിസ്ഥാന വ്യക്തിഗത കോഴ്സ്" പൂർത്തിയാക്കിയ ശേഷമാണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത്. ഇതിനോടനുബന്ധിച്ച് പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സൗദി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയാദ് അൽറുവൈലി അധ്യക്ഷത വഹിച്ചു. സായുധ സേനാ പഠന, പരിശീലന അതോറിറ്റി മേധാവി മേജർ ജനറൽ ആദിൽ ബിൻ മുഹമ്മദ് അൽബലവി സംസാരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ സേവനത്തിനായി സന്നദ്ധരായി എത്തുന്ന വനിതകൾക്ക് ആവശ്യമായ പരിശീലനങ്ങൾ രാജ്യാന്തര നിലവാരത്തോടെ സൈനിക അക്കാദമി ലഭ്യമാക്കുമെന്ന് അൽബലവി പറഞ്ഞു.

പ്രഥമ വനിതാ സേനയുടെ പുറത്തിറങ്ങൽ ചടങ്ങിൽ സായുധ സേനയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഡയറക്ടർ മേജർ ജനറൽ ഹാമീദ് ബിൻ റാഫിഅ അൽഉംരി, സായുധ സേനയിലെ മറ്റു നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

തുടർന്ന്, സായുധ സേനയ്ക്കായുള്ള വനിതാ കേഡർ പരിശീലന കേന്ദ്രത്തിന്റെ അസിസ്റ്റന്റ് കമാൻഡർ ചീഫ് സർജന്റ് ഹാദി ബിൻ മത്വർ അൽഅൻസി പുറത്തിറങ്ങുന്ന വനിതാ കാഡറ്റുകൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, ആദ്യ സായുധ വനിതാ ബാച്ചിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരുടെ പേർ വിവരങ്ങൾ പ്രഖ്യാപിക്കുകയും അവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി.

Advertisment