Advertisment

യാത്രാവിലക്കുള്ള നാടുകളിൽ കുടുങ്ങിയവരുടെ റീഎൻട്രി, ഇഖാമ, വിസിറ്റിംഗ് വിസ കാലാവധി നവംബർ 30 വരെ നീട്ടികൊടുക്കാൻ സൗദി രാജാവിന്റെ ഉത്തരവ്; നടപടി തീർത്തും സൗജന്യം

New Update

publive-image

Advertisment

ജിദ്ദ: ഇന്ത്യ ഉൾപ്പെടെ യാത്രാ വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സൗദി ഭരണകൂടത്തിൽ നിന്ന് പിന്നെയും സന്തോഷ വാർത്ത. അവിടങ്ങളിൽ നിന്നുള്ളവരുടെ താമസ രേഖ (ഇഖാമ), റീഎൻട്രി വിസ, വിസിറ്റിങ് വിസ എന്നിവയുടെ കാലാവധി രണ്ടു മാസം കൂടി നീട്ടി കൊടുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. തീർത്തും സൗജന്യമായിട്ടായിരിക്കും ഇഖാമയുടെയും വിസയുടെയും കാലാവധി നീട്ടികൊടുക്കുക. ഇതിനുള്ള നടപടികൾ സൗദി പാസ്പോർട്ട് (ജവാസാത്ത്) വിഭാഗം തുടങ്ങി കഴിഞ്ഞു.

കൊറോണാ പശ്ചാത്തലത്തിൽ സൗദി പ്രവാസികളായവർക്ക് സാധ്യമായ പ്രയാസ ലഘൂകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് സൗദി സർക്കാരിന്റെ തുടരെയുള്ള ഇത്തരം നടപടികൾ. ഇഖാമയുടെയും വിസയുടെയും കാലാവധി യാന്ത്രികമായി നീട്ടുമെന്നും അതിനായി പാസ്പോര്ട്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതില്ലെന്നും ജവാസാത്ത് അധികൃതർ വ്യക്തമാക്കി.

ഇഖാമ, വിസകൾ എന്നിവയുടെ കാലാവധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു കൊണ്ടുള്ള നടപടി ഇതിനകം നടപ്പായി കഴിഞ്ഞിരുന്നു. ഇതിനു പുറമെയാണ് രണ്ടു മാസം കൂടി കാലാവധി നീട്ടികൊണ്ടുള്ള രാജാവിന്റെ ഉത്തരവ് വെള്ളിയാഴ്ച പുറത്തു വന്നിരിക്കുന്നത്. കൊറോണാ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ പതിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ടുള്ള യാത്ര സൗദി ഏഴു മാസങ്ങൾക്ക് മുമ്പ് വിലക്കിയിരുന്നു. ഇതിൽ യു എ ഇ, ദക്ഷിണാഫ്രിക, അർജന്റീന എന്നിവയെ സെപ്റ്റംബർ എട്ട് മുതൽ വിലക്കിൽ നിന്ന് നീക്കികൊണ്ടുള്ള തീരുമാനം സൗദി ആഭ്യന്തര വകുപ്പ് കഴിഞ്ഞ ചൊവാഴ്ച പുറത്തിറക്കിയിരുന്നു.

അതേസമയം, ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഏറെ വൈകാതെ പിൻവലിച്ചേക്കാം എന്ന പ്രതീക്ഷ വിസാ കാലാവധി നവംബർ അവസാനം വരെ നീട്ടിയതിലൂടെ ആസ്ഥാനത്തായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടു യാത്ര ചെയ്യാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും എന്ന ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഇല്ലാതാക്കാനായിരിക്കാം നവംബർ അവസാനം വരെയുള്ള വിസയുടെ കാലാവധി സൗജന്യമായി ദീർഘിപ്പിച്ചത്.

Advertisment