Advertisment

കണ്ണിന് കുളിരായ് സൗദിയിൽ ഒരു അതിവിശിഷ്ട മൂവർ സംഗമം; സൗഹൃദം ചെങ്കടലോളം....

New Update

publive-image

Advertisment

ജിദ്ദ: സൗദിയുടെ വടക്കൻ പ്രവിശ്യയിൽ തബൂക്കിനോട് ചേർന്ന് പണി പൂർത്തിയായി കൊണ്ടിരിക്കുന്ന സ്വപ്നപദ്ധ്വതി പ്രദേശത്ത് ഒരു ത്രിമൂർത്തി സംഗമം. മൂന്ന് അയൽരാജ്യങ്ങളിലെ ഭരണചക്രം തിരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വിവിധ സ്ഥാനീയരായ അതിവിശിഷ്ടർ. എന്നാൽ "ചെങ്കടൽ പദ്ധ്വതി" പ്രദേശത്ത് ഇവരെത്തിയതോ ഔദ്യോഗിക വേഷങ്ങളെല്ലാം അഴിച്ചു വെച്ച്, അകമ്പടികളുടെ ജാടകളില്ലാതെ, പ്രാദേശിക രാജ്യാന്തര തലങ്ങളിലെ സങ്കീര്ണതകൾക്കും അതുളവാക്കുന്ന മാനസിക പിരിമുറുക്കങ്ങൾക്കും അവധി കൊടുത്ത്....

സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ത്വഹ്‌നൂന്‍ ബിന്‍ സായിദ് അല്‍നഹ്‌യാനുമാണ് താരങ്ങൾ. സൗദിയുടെ ചെങ്കടൽ പദ്ധ്വതി പ്രദേശത്തെ ശാദ്വലതയിൽ തീർത്തും സാധാരണ മനുഷ്യരായ് അവർ സംഗമിച്ചു - സ്വാസ്ഥ്യം നുണഞ്ഞും, സൗഹൃദം കൈമാറിയും.

മൂവരും വിനോദ വേളയിലെ വേഷമായ ടീ ഷർട്ടും ഷോര്‍ട്‌സും ധരിച്ച് ചിരിതൂകി നിൽക്കുന്ന ചിത്രം പൊതുജനങ്ങളുടെ കണ്ണും ഖൽബും കവർന്നു. അപൂർവ ചിത്രം പുറത്തു വിട്ടതോ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഓഫീസ് ഡയറക്ടര്‍ ബദ്ര്‍ അല്‍അസാകിര്‍ പുറത്തുവിട്ട ചിത്രം സോഷ്യൽ മീഡിയ ചിത്രം മതിവരാതെ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.

സൗദിയിലെ അൽഉലയിൽ കഴിഞ്ഞ ജനുവരിയിൽ ചേർന്ന 41 മത് ജി സി സി ഉച്ചകോടി പ്രഖ്യാപനത്തിലൂടെ ഖത്തറിനും സൗദി, യു എ ഇ, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിരുന്ന പ്രതിസന്ധി പരിഹൃതമായ ശേഷം പ്രസ്തുത രാജ്യങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ ആഴം ചെങ്കടലോളമെന്ന് അനാവരണം ചെയ്യുന്നതായി മൂന്ന് രാജ്യങ്ങളിലെ സുപ്രധാനികളുടെ ജാടകളില്ലാത്ത ഒത്തുചേരൽ.

ചെങ്കടൽ പദ്ധ്വതി: 2017 ൽ സൗദി കിരീടാവകാശി പ്രഖ്യാപിച്ച സ്വപ്നപദ്ധ്വതിയാണ് റെഡ് സീ പ്രൊജക്റ്റ്. ഭൂമിയും സ്ഥാപനങ്ങളും അത്യാധുനികമായ സങ്കേതങ്ങളിലൂടെ ഉപയോഗപ്പെടുത്തി നിർമിക്കുന്ന വൻകിട ടൂറിസ്റ്റ് പദ്ധ്വതി പണി പൂർത്തിയായി വരികയാണ്. സമ്പദ് ഘടനയുടെ വൈവിധ്യവത്കരണം ലക്ഷ്യം വെച്ച് കൊണ്ട് സൗദി അറേബ്യ ആവിഷ്കരിച്ച "വിഷൻ 2030" ന്റെ ഭാഗം കൂടിയാണ് തബൂക്ക് പ്രദശത്ത് ഉയർന്നു വരുന്ന ദ്വീപുകളും തീരങ്ങളും മരുഭൂമികളും വനാന്തരങ്ങളും മാടിവിളിക്കുന്ന "ചെങ്കടൽ". ഉംളജ്‌, അൽവജ്ഹ് എന്നീ പ്രദേശങ്ങൾക്കിടയിലാണ് പദ്ധ്വതി പ്രദേശം.

Advertisment