Advertisment

"കൂടുതൽ സ്വപ്‌നങ്ങൾ" നെയ്തെടുക്കാൻ പ്രേരിപ്പിച്ച് ഉല്ലാസപൂർവം റിയാദ് സീസൺ; 20 ന് കൊടിയേറും

New Update

publive-image

Advertisment

ജിദ്ദ: രണ്ടാമത് "റിയാദ് സീസൺ" ഒക്ടോബർ ഇരുപതിന് കൊടിയേറും. "കൂടുതൽ സ്വപ്‌നങ്ങൾ (IMAGINE MORE)" എന്ന പ്രമേയത്തിൽ അരങ്ങേറുന്ന റിയാദ് സീസൺ വിനോദത്തിന്റെയും പുതിയ ഉല്ലാസത്തിന്റെയും പുത്തൻ ഭാവനകളും കിനാവുകളും അനാവരണം ചെയ്യും. തിങ്കളാഴ്ച വിളിച്ചു ചേർത്ത സർക്കാർ നടത്തുന്ന പീരിയോഡിക് വാർത്താ സമ്മേളനത്തിൽ സംഘാടകരായ ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് റിയാദ് സീസൺ വിശദാംശങ്ങൾ പ്രകാശനം ചെയ്തു.

സൗദി സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ളവരുടെ വിഭിന്ന അഭിരുചികൾ തൃപ്തിപ്പെടുത്തുന്ന വിധമാണ് പരിപാടികൾ ആവിഷ്കരിച്ചിട്ടുള്ളതെന്ന് തുർക്കി ആലുശൈഖ് പറഞ്ഞു. നിയുക്ത വാർത്താവിതരണ മന്ത്രി ഡോ. മാജിദ് അൽഖസബിയും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. വിനോദ വ്യവസായത്തിന്റെ നിലവാരം ഉയർത്തുക, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുക, വിദേശ നിക്ഷേപം ആകർഷിക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളാണ് സൗദി അറേബ്യ വിനോദ സംഭവങ്ങളിലൂടെ ലക്ഷ്യമാക്കുന്നതെന്നും ആലുശൈഖ് തുടർന്നു.

നിരവധി വിനോദ ആശ്ചര്യങ്ങളാണ് റിയാദ് സീസണിൽ ഇതൾ വിരിയുക. "ദിനോസർ ലോകം" അത്തരത്തിലൊന്നാണ്. റിയാദിലെ വിവിധയിടങ്ങളിലുള്ള 14 സോണുകളിലായുള്ള മൊത്തം 5 .4 മില്യൺ ചതുരശ്ര മീറ്റർ വിസ്തൃതി പ്രദേശത്താണ് പരിപാടികൾ അരങ്ങേറുക. ഇതിൽ നാല് സോണുകളിൽ പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റ് നിരക്കുകൾ വിവിധ സോണുകൾക്കനുസരിച്ച് മാറ്റം ഉണ്ടായിരിക്കും. "വിയ റിയാദ്", "ബൊളിവാർഡ്" എന്നീ രണ്ട് സോണുകൾ റിയാദ് സീസൺ അവസാനിച്ച ശേഷവും പ്രവർത്തന നിരതമായിരിക്കുമെന്നും വിനോദ അതോറിറ്റി മേധാവി പറഞ്ഞു.

ഈ വർഷത്തെ റിയാദ് സീസൺ ആഘോഷത്തിൽ മൊത്തം 70 സംഗീത മേളകൾ, 6 രാജ്യാന്തര മേളകൾ, 10 രാജ്യാന്തര പ്രദർശനങ്ങൾ, 350 തിയറ്റർ ഷോകൾ, 18 അറബ് നാടകങ്ങൾ, 6 രാജ്യാന്തര നാടകങ്ങൾ, രണ്ട് രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ, ഒരു ഫ്രീ സ്റ്റൈൽ ഗുസ്തി മത്സരം, 100 ഇടപഴകൽ ചേർന്നുള്ള അനുഭവങ്ങൾ എന്നിവ അരങ്ങേറും. അതേസമയം, മൊത്തം പരിപാടികളിൽ സംഗീത സംഭവങ്ങൾ രണ്ട് ശതമാനം മാത്രമായിരിക്കും.

200 റസ്റ്റാറൻറുകൾ, 70 കഫേകൾ എന്നിവയുയും സന്ദർശകർക്കായി തുറക്കും. പതിനാറായിരം ജീവനക്കാരാണ് റിയാദ് സീസൻ യാഥാർഥ്യമാക്കുക. ഇവരിൽ വലിയ ശതമാനം സ്വദേശികളാണ്. വിനോദ അതോറിറ്റി ഇതുവരെയായി 4400 പെർമിറ്റുകൾ നൽകിയതായും ഒരുലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകിയതായും വെളിപ്പെടുത്തി. 2500 വിനോദ പരിപാടികൾ അരങ്ങേറുകയും അതിൽ വിനോദ മേഖലയിൽ രാജ്യാന്തര നിലവാരത്തിലുള്ള 2300 കമ്പനികൾ പങ്കാളികളാവുകയും ചെയ്തു.

Advertisment