Advertisment

വിശുദ്ധ ഹറം പള്ളികളുടെ മുറ്റങ്ങളിൽ നിസ്കരിക്കാനും പെർമിറ്റ് വേണം; തീർത്ഥാടകാരിൽ കൊറോണാ കേസ് ഇല്ല

New Update

publive-image

Advertisment

മക്ക: വിശുദ്ധ ഹറം ശരീഫ് പള്ളികളുടെ മുറ്റങ്ങളിൽ നിസ്കരിക്കാൻ എത്തുന്നതിന് കോവിഡ് പശ്ചാലത്തിൽ നിശ്ചയിച്ച പെർമിറ്റ് ആവശ്യമില്ലെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. 'തവക്കൽനാ', 'ഇഅ്തമർനാ' ആപ്പുകൾ വഴി പെർമിറ്റുകൾ നേടുന്നവരെ മാത്രമേ ഹറമുകളുടെ വളപ്പുകളിലും തുറസ്സുകളിലും നിസ്കാരം നിവഹിക്കാൻ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. പറഞ്ഞു. മറിച്ചുള്ള പ്രചാരണം സോഷ്യൽ മീഡിയകളിൽ നടക്കുന്ന സാഹചര്യത്തിലാണ് ഹറം ഭരണ സമിതി വാക്താവ് ഹാനി ഹൈദർ വിശദീകരണവുമായി മുന്നോട്ട് വന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ഹറമുകളിലെ കാർപെറ്റുകൾ എടുത്ത് മാറ്റിയിരുന്നു. എന്നാൽ കോവിഡ് ഗണ്യമായി കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ പെർമിറ്റ് നേടി ഹറമുകളിൽ എത്തുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഒന്നര വർഷം കവിഞ്ഞ ഇടവേളക്കു ശേഷം വീണ്ടും കാർപെറ്റുകൾ വിരിച്ചതെന്നും ഹറം ഭരണ സമിതി വാക്താവ് വിവരിച്ചു.

പ്രതിദിനം ഒരു ലക്ഷം പേർക്കാണ് ഇപ്പോൾ വിശുദ്ധ ഉംറ നിർവഹിക്കാനുള്ള അനുമതി. ഈ മാസം ഒന്ന് മുതലാണ് ഇഷ്യൂ ചെയ്യുന്ന പെർമിറ്റുകളുടെ എണ്ണത്തിൽ ഇത്തരം വർദ്ധന നടപ്പിലാക്കിയത്. ഇതിന് പുറമെ, വിശുദ്ധ ഹറമിൽ നിസ്കാരം നിർവഹിക്കുന്നതിന് ദിവസേന 70,000 പേർക്കും പെർമിറ്റുകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. പെർമിറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചതോടെ ഹറമിന്റെ മുറ്റങ്ങളിലും നിസ്കരിക്കാനുള്ള കൂടുതൽ സൗകര്യങ്ങളും ഹറം ഭരണ സമിതി ഏർപ്പെടുത്തുകയായിരുന്നു. ഈ നടപടിയെയാണ് പുറത്ത് നിസ്കരിക്കാൻ പെർമിറ്റ് വേണ്ടതില്ലെന്ന അർത്ഥത്തിൽ അടിസ്ഥാനരഹിതമായി പ്രചരിപ്പിക്കുന്നത്.

അതേസമയം, തീർത്ഥാടകർ വർദ്ധിച്ചിട്ടും അവരിൽ കൊറോണാ കേസുകൾ ഉള്ളതായി റിപ്പോർട്ട് ഉണ്ടായിട്ടില്ലെന്നും അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ മാസം വിദേശങ്ങളിൽ നിന്ന് മാത്രമായി ഇരുപത്തിയൊന്നായിരം ഉംറ തീർത്ഥാടകരാണ് എത്തിയത്. കൊറോണാ ഭീതിയിൽ നിർത്തിവെച്ച ഉംറ പുനരാരംഭിച്ച ശേഷം ഇതുവരെ പത്ത് മില്യൺ തീർത്ഥാടകരാണ് ഉംറ നിർവഹിച്ചതെന്നാണ് കണക്ക്. സ്വദേശികളും പ്രവാസികളും വിദേശങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരും ഉൾപ്പെടെയുള്ള കണക്കാണിത്‌.

Advertisment