Advertisment

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഗ്രന്ഥകാരന്‍മാരേയും വായനക്കാരേയും പ്രചോദിപ്പിക്കുന്നു ; മോഹന്‍ കുമാര്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ഷാര്‍ജ : ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നിരവധി ഗ്രന്ഥകാരന്‍മാരേയും വായനക്കാരേയും പ്രചോദിപ്പിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് പുസ്തകോത്സവത്തിന്റെ എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

ഖത്തറില്‍ നിന്നും പുസ്തകോത്സവത്തിനെത്തിയ റേഡിയോ സുനോ സംഘം സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീര്‍ അലി പരുവള്ളിയുമായുള്ള സംഭാഷണത്തിലാണ് മഹത്തായ ഈ ഉദ്യമത്തിന്റെ പിന്നണി പ്രവര്‍ത്തകനാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം മോഹന്‍ കുമാര്‍ പ്രകടിപ്പിച്ചത്.

അക്ഷരങ്ങളെ നെഞ്ചേറ്റുന്ന സുല്‍ത്താനും അതിനെ പിന്തുണക്കുന്ന ഒരു വിഭാഗമാളുകളുമാണ് ഷാര്‍ജ പുസ്തകോത്സവത്തിന്റെ വിജയചരിത്രം രചിക്കുന്നത്. തൊഴില്‍ എന്നതിനുപ്പുറം പാഷനും, പുസ്തകങ്ങളും, ഗ്രന്ഥകാരന്‍മാരുമൊക്കെ കൂടിച്ചേരുന്ന ഒരു അഭിനിവേശമാണ് ഷാര്‍ജ പുസ്തകോത്സവത്തിന്റെ ജീവന്‍. കഴിഞ്ഞ 40 വര്‍ഷക്കാലമായി പുസ്തകോത്സവത്തിന്റെ ഭാഗമാവുന്നത് ഒരു വലിയ പുണ്യ പ്രവര്‍ത്തിയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരോ 25 മിനുറ്റിലും ഒരോ പുതിയ പുസ്തകങ്ങളാണ് ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യപ്പെടുന്നത്. അതില്‍ തന്നെ ഒരുപാട് പുതിയ ഗ്രന്ഥകാരന്‍മാര്‍ മുന്നോട്ട് വരുന്നുവെന്നത് അങ്ങേയറ്റം സന്തോഷകരമാണ്. പലപ്പോഴും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്ന പലരും അടുത്ത വര്‍ഷം എന്റെയും ഒരു പുസ്തകം ഇവിടെ പ്രകാശനം ചെയ്യണമെന്ന താല്‍പര്യവുമായാണ് പിരിഞ്ഞ് പോകുന്നത്. ഇങ്ങനെ പതിനായിരങ്ങളെ പ്രചോദിപ്പിക്കുന്ന അക്ഷര നഗരി പത്ത് ദിവസത്തെ ധന്യമായ രാപകലുകളാല്‍ സാംസ്‌കാരിക പ്രബുദ്ധതയുടെയും സാഹിത്യ നവോത്ഥാനത്തിന്റെയുമൊക്കൊ ഭാഗമാവുന്നുവെന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഇത് പോലൊരു പുസ്തകോത്സവം സാധ്യമാണോ എന്ന ചോദ്യത്തിന് ഷാര്‍ജയിലേത് പോലെയുള്ള ഒരു സുല്‍ത്താനുണ്ടായാല്‍ സാധ്യമാണ് എന്നായിരുന്നു മോഹന്‍കുമാറിന്റെ മറുപടി. അക്ഷരങ്ങളും പുസ്തകങ്ങളും മാനവ സംസ്‌കൃതിയുടെ ഉദാത്തമായ പൈതൃകങ്ങളാണെന്നും അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ സംസ്‌കാരത്തിന്റെ വക്താക്കളായി ചരിത്രം അടയാളപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു

വായന മരിക്കുന്നു എന്ന വിലാപങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ് ഷാര്‍ജ പുസ്തകോത്സവത്തിലേക്ക് നിത്യവും ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇന്നും അക്ഷരങ്ങളോടും പുസ്തകങ്ങളോടും സമൂഹത്തിന് ഏറെ സ്‌നേഹമാണെന്നാണ് ഈ ജനസാഗരം സാക്ഷ്യപ്പെടുത്തുന്നത്. വിശിഷ്യ മലയാളി സമൂഹത്തിന്റെ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. ഇവിടെ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍ ഭൂരിഭാഗവും മലയാളി എഴുത്തുകാരുടെതായിരുന്നു എന്നത് മലയാളി എന്ന നിലക്ക് എനിക്ക് അഭിമാനം നല്‍കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. മലയാളി എന്നോ മറ്റ് ഭാഷക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ എഴുത്തുകാരേയും എല്ലാ വായനക്കാരേയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഷാര്‍ജ ബുക്ക് അതോറിറ്റി സ്വീകരിക്കുന്നത്. ഷാര്‍ജ സംസ്‌കാരത്തിന്റെ, എഴുത്തിന്റെ, വായനയുടെ, പുസ്തകങ്ങളുടെ നഗരിയായി പുസ്തകങ്ങളെ സ്‌നേഹിക്കുന്ന സുല്‍ത്താന്റെ കീഴില്‍ ഉത്തോരോത്തരം പുരോഗമിക്കുന്നുവെന്നത് പുസ്തകങ്ങളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും സന്തോഷം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

 

Advertisment