Advertisment

ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന് ആവേശകരമായ തുടക്കം

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

മനാമ:ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ന് ശനിയാഴ്ച വർണാഭമായ തുടക്കം. ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സ്പോർട്സ് രാജേഷ് എം എൻ, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, ബഹ്‌റൈൻ ചെസ് ഫെഡറേഷൻ കമ്മ്യുണിക്കേഷൻസ്‌ മേധാവി അബ്ദുല്ല മുഹമ്മദ് അൽദോസരി, അർജുൻസ് ചെസ് അക്കാദമി സിഇഒ അർജുൻ കക്കാടത്ത്, സംഘാടക സമിതി രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലിം, കൺവീനർ തൗഫീഖ്, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

publive-image

‘പരാജയവും വിജയവും ഒരേ സമയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്പോർട്സ് നമ്മെ പഠിപ്പിക്കുന്നു. പുതിയ ഉയരങ്ങളിലെത്താൻ കഠിനാധ്വാനം ചെയ്യാനും പരിധികൾ മറികടക്കാനും സ്പോർട്സ് നമ്മെ പഠിപ്പിക്കുന്നു. ഇത് അച്ചടക്കം, ബഹുമാനം, സൗഹൃദം, നേതൃത്വം, ടീം വർക്ക് എന്നിവയുടെ ശീലം വളർത്തുന്നു', അംബാസഡർ പറഞ്ഞു. സി.ബി.എസ്.ഇ പരീക്ഷകളിൽ ഇന്ത്യൻ സ്‌കൂൾ നേടിയ മികവിനെ അംബാസഡർ അഭിനന്ദിച്ചു.

280-ലധികം വിദ്യാർത്ഥികൾ ആരോഗ്യകരമായ വൈജ്ഞാനിക ചെസ് മത്സരത്തിൽ പങ്കെടുക്കുന്നു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഒരു വിദ്യാർത്ഥിയുമായി ആദ്യ കരു നീക്കി ചെസ് ടൂർണമെന്റിനു തുടക്കമിട്ടു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷമായാണ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് നടക്കുന്നത്. ഇത് 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രത്തെ അനുസ്മരിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമാണ്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിക്കൂടിയാണ് സ്‌പോർട്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു.

ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യാതിഥിക്ക് മെമന്റോ നൽകി. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ സ്പോർട്സ് ഫെസ്റ്റിന്റെ ലോഗോ കൺവീനർ തൗഫീഖിന് നൽകി പ്രകാശനം ചെയ്തു. ഇ.സി അംഗം രാജേഷ് എം.എൻ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. വിദ്യാർഥികളായ സഹസ്ര കോട്ടഗിരി, ആർച്ച ബിനു എന്നിവർ അവതാരകരായിരുന്നു.

publive-image

സ്‌പോർട്‌സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. അർജുന്റെ ചെസ് അക്കാദമിയുടെ പിന്തുണയോടെ ചതുരംഗ (ചെസ്) സ്പോർട്സ് ടൂർണമെന്റ് മെയ് 15 വരെ തുടരും. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവ ഉൾപ്പെടുന്ന മറ്റ് കായിക ഇനങ്ങളും നടക്കും. ഈ കായിക മത്സരങ്ങൾ വരും ആഴ്ചകളിൽ നടക്കും. രാജ്യത്തെ വിവിധ സ്‌കൂളുകൾക്ക് പുറമെ ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെയും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആവേശകരമായ പിന്തുണയോടെയും പങ്കാളിത്തത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

മൂന്ന് ദിവസങ്ങളിലായി നാല് മത്സരങ്ങളാണ് ചെസ് ടൂർണമെന്റിൽ ഉണ്ടാവുക. ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റും അണ്ടർ 16 ടൂർണമെന്റും വെള്ളിയാഴ്ച നടന്നു. വനിതാ ടൂർണമെന്റ് മെയ് 14 ന് വൈകുന്നേരം 6:00 നും അണ്ടർ 10 ടൂർണമെന്റ് മെയ് 15 ന് വൈകുന്നേരം 6:00 നും നടക്കും. ഏറ്റവും പുതിയ ഫിഡേ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ചെസ് ടൂർണമെന്റ് നടക്കുക.

Advertisment