Advertisment

ബൈക്ക് ഓടിക്കുമ്പോള്‍ ശക്തമായ നടുവേദന അനുഭവപ്പെടുന്നുണ്ടോ?; ടൂവീലര്‍ യാത്രയിലെ ആരോഗ്യ പ്രശ്‍നങ്ങള്‍, പരിഹാരങ്ങള്‍ അറിയാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

യാത്ര ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് പുതിയ തലമുറയിലെ യുവതിയുവാക്കള്‍. മിക്കവാറും എല്ലാവര്‍ക്കും സ്വന്തമായി ഇരുചക്രവാഹനം ഉണ്ടാകും. ഔദ്യോഗികയാത്രയാകട്ടെ, കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രിപ്പാവട്ടെ; യാത്ര മിക്കവാറും ബൈക്കിലായിരിക്കും.

സമയലാഭവും പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യവുമൊക്കെയാണ് ഇരുചക്രവാഹനങ്ങളെ ജനപ്രിയമാക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായുള്ള ഇത്തരം ബൈക്ക് യാത്രകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരോദിവസത്തെയും യാത്രയ്ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ നടുവേദന ഉണ്ടാകാറുണ്ടോ? കഴുത്തിനും തോളിലെ സന്ധികള്‍ക്കുമെല്ലാം കടച്ചില്‍ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കില്‍ ബൈക്ക് യാത്രയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ സമയമായിരിക്കുന്നു.

ദിവസവും ബൈക്കില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന 80 ശതമാനം പേരിലും നടുവേദനയും ഡിസ്‌ക് തേയ്മാനവും കാണുന്നുണ്ട്. തെറ്റായ ഇരിപ്പും റോഡിലെ കുഴികളിലൂടെയുള്ള ഡ്രൈവിങും അമിത വേഗവുമെല്ലാം വേദന അധികമാക്കാന്‍ ഇടയാക്കുന്നുണ്ട്. എന്തൊക്കെയാണ് അവയില്‍ പ്രധാന പ്രശ്‍നങ്ങള്‍ എന്നും അവയ്ക്കുള്ള പരിഹാരങ്ങള്‍ എന്തെന്നും പരിശോധിക്കാം.

നടുവേദന

ദിവസവും ബൈക്കില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന 80 ശതമാനം പേരിലും നടുവേദനയും ഡിസ്‌ക് തേയ്മാനവും കാണുന്നുണ്ടെന്നാണ് വിദഗ്‍ധര്‍ പറയുന്നത്. ബൈക്ക് യാത്രകളിലുണ്ടാകുന്ന ചലനങ്ങള്‍ നട്ടെല്ലിലെ ലംബാര്‍ വെര്‍ട്ടിബ്ര എന്ന ഭാഗത്ത് നേരിട്ട് സമ്മര്‍ദമേല്‍പ്പിക്കും. അതുപോലെ നട്ടെല്ലിലെ കശേരുക്കള്‍ തമ്മില്‍ പരസ്പരം ഉരസുന്നത് തടയുന്ന ഡിസ്കുകളെയും തെറ്റായ ഇരിപ്പിലുള്ള ബൈക്കോടിക്കല്‍ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം യാത്രകള്‍ സ്ഥിരമാകുന്നതോടെ ഈ ഡിസ്‌കുകള്‍ പതിയെ പുറത്തേക്ക് തള്ളിവരും. അതോടെ സുഷുമ്‌നാ നാഡിയുള്‍പ്പെടെയുള്ള നാഡികള്‍ ഞെരുങ്ങുകയും കഠിനമായ നടുവേദനയുണ്ടാകുകയും ചെയ്യും.

നടുവേദനയുടെ ലക്ഷണങ്ങള്‍

കാലിന്‍റെ പിന്നില്‍ നിന്നും തുടങ്ങുന്ന വേദന പെരുവിരല്‍ വരെ പടരാം

സ്റ്റെപ്പുകള്‍ ഇറങ്ങുമ്പോഴും ഉണര്‍ന്നെണീക്കുമ്പോഴുമെല്ലാമുള്ള വേദന

തിരിയുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള തീവ്ര വേദന

നടുവേദന ശക്തമാണെങ്കില്‍ ദീര്‍ഘദൂര ബൈക്ക് യാത്ര നട്ടെല്ലിനെ ബാധിച്ചുതുടങ്ങി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

കഴുത്തിനുമുണ്ട് പ്രശ്‌നങ്ങള്‍

ബൈക്ക് ഓടിക്കുമ്പോള്‍ ഹാന്‍ഡിലില്‍പിടിച്ച് നേരേനോക്കി കൂടുതല്‍ നേരം ഇരിക്കുന്നതിലൂടെ കഴുത്തിലെ കശേരുക്കളുടെ മുറുക്കം കൂടുതലാവും. ബൈക്ക് യാത്ര കഴിഞ്ഞാലും കുറച്ചുനേരത്തേക്ക് കഴുത്ത് തിരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‍നങ്ങളൊക്കെ ഒഴിവാക്കാം

നടുനിവര്‍ത്തി നേരെയിരുന്ന് മാത്രം ബൈക്ക് ഓടിക്കുക

കഴുത്ത് മുന്നിലേക്ക് നീട്ടിവെച്ചും മുന്നോട്ട് കുനിഞ്ഞിരുന്നും വണ്ടി ഓടിക്കരുത്

ചെവികളും തോളും ഒരേ രേഖയില്‍ വരണം

കാലുകള്‍ ഫുട്ട്‌റസ്റ്റില്‍ നേരെ വെച്ച് ഹാന്‍ഡിലില്‍ പിടിച്ചിരിക്കുക

കുഴികള്‍ നിറഞ്ഞ റോഡിലൂടെ പതുക്കെ മാത്രം ഓടിക്കുക

ദീര്‍ഘദൂരം തുടര്‍ച്ചയായി ബൈക്കില്‍ യാത്ര ചെയ്യരുത്.

ലോങ് ഡ്രൈവില്‍ ചെറിയ ഇടവേളകളെടുത്ത് യാത്ര തുടരുക

അരുത്, ഈ യാത്ര മരണം ക്ഷണിച്ചു വരുത്തും

കുടയും ചൂടി ബൈക്ക് യാത്ര നടത്തുന്നവരുടെ ദൃശ്യങ്ങള്‍ അടുത്തകാലത്തായി കൂടി വരികയാണ്. സ്‍ത്രീകളാണ് ഇത്തരം സാഹസിക യാത്രികരില്‍ ഭൂരിഭാഗവും. കുട്ടികളെ മടിയിലിരുത്തി ഇങ്ങനെ യാത്ര ചെയ്യുന്നവരെയും കാണാം. ഇത്തരം സാഹസികയാത്ര കൊണ്ടുള്ള അപക‌‌ടങ്ങൾ വർദ്ധിക്കുമ്പോഴും തങ്ങളുടെ ചെയ്തിയുടെ ഗൗരവത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല. ഇത്തരം അപകടങ്ങളില്‍ അഞ്ചോളം പേര്‍ക്കാണ് ഈ മഴക്കാലത്ത് തിരുവന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം ജീവന്‍ നഷ്‍ടപ്പെട്ടത്. ഇതിൽ നാലു പേരും പിൻസീറ്റിലിരുന്നു കുട നിവർത്തിയ സ്ത്രീകളാണെന്നതാണ് ശ്രദ്ധേയം. ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറക്കുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. അതെങ്ങനെയെന്ന് നോക്കാം.

1. നിയന്ത്രണം നഷ്‍ടപ്പെടും

ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്നവർ കുട നിവർത്തുമ്പോള്‍ സ്വാഭാവികമായും വാഹനം ‌ഓടുന്നതിന്റെ എതിർദിശയിൽ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണ‌വും ബൈക്കിന്റെ നിയന്ത്ര‌‌‌ണവും നഷ്‍പ്പെടും. അപകടം ഉറപ്പ്.

2. കാഴ്ച മറയല്‍

പുറകിലിരിക്കുന്നയാൾ മുന്നിലേക്കു കുട നിവർത്തിപ്പിടിച്ചാൽ ഓടിക്കുന്നയാളുടെ കാഴ്ച മറയുന്നു. അതുപോലെ പലപ്പോഴും ഓടിക്കുന്നയാൾ നനയാതിരിക്കാൻ കുടയുടെ മുൻഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. പൊതുവേ മഴക്കാലത്തെ റോഡുകളിൽ ബൈക്കുകൾക്ക് അപകട സാധ്യതയേറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹസങ്ങള്‍ കൂടിയാകുമ്പോള്‍ അപകടം ഉറപ്പാണ്.

3. ബാലന്‍സ്

ഒരു കയ്യിൽ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ബൈക്കിന്റെ ക്ലച്ചും ബ്രേക്കും കൃത്യമായി ഉപയോഗിക്കാന്‍ ഒരുകൈ കൊണ്ട് സാധിക്കില്ല. മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണത്.

4. നിങ്ങളുടെ ജീവന്‍ നിങ്ങളുടെ കൈകളില്‍

കുട നിവർത്തി ബൈക്കിൽ യാത്ര ചെയ്യുന്നവരെ ക​ണ്ടാൽ താക്കീത് ചെയ്യുകയല്ലാതെ പിഴ ചുമത്താൽ നിയമമില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് നിങ്ങളുടെ വിലപ്പെട്ട ജീവന് മറ്റാരേക്കാളും നിങ്ങള്‍ക്കു മാത്രമാണ് കൂടുതല്‍ ഉത്തരവാദിത്വം എന്ന് അര്‍ത്ഥം. അതു കൊണ്ട് ഒരിക്കലും ഈ സാഹസം ചെയ്യരുത്. ആരെങ്കിലും ഇങ്ങനെ യാത്ര ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാലും കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി നിരുത്സാഹപ്പെടുത്തുക.

Advertisment