മഞ്ഞള്‍ ചേര്‍ക്കുമ്പോള്‍ പാലിന്‍റെ നിറം മഞ്ഞയായി മാറുന്നു. അതിനാല്‍ ഇതിനെ ഗോള്‍ഡന്‍ മില്‍ക്ക്, Golden Milk എന്നും പറയാറുണ്ട്. പേരുപോലെ തന്നെയാണ് മഞ്ഞൾപ്പാലിന്‍റെ ഗുണങ്ങളും എന്നതാണ് വസ്തുത. ജലദോഷം, ചുമ, പനി, മുറിവുകൾ, സന്ധി വേദന, എന്നിവയ്ക്ക് ഏറ്റവും പറ്റിയ ഔഷധിയാണ് മഞ്ഞൾപ്പാല്‍.
ക്യാന്‍സര്‍ തടുക്കുന്നത് മുതല്‍ ശരീര ഭാരം കുറയ്ക്കാന്‍ വരെ മഞ്ഞള്‍പ്പാല്‍ സഹായകമാണ്. ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ക്യാൻസർ തടയാൻ സഹായിക്കുമെന്നാണ് പല പഠനങ്ങളും തെളിയിയ്ക്കുന്നത്. ക്യാൻസർ കോശങ്ങളുടെയും ട്യൂമറുകളുടെയും വളർച്ച തടയാനും ഈ രോഗം പടരുന്നത് തടയാനും മഞ്ഞൾപ്പാൽ സഹായിക്കും.
ആന്‍റിവൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മഞ്ഞൾപ്പാല്‍ ജലദോഷത്തിനും ചുമയ്ക്കും മികച്ച പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. മഞ്ഞൾപ്പാല്‍ കുടിയ്ക്കുന്നതുവഴി തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയിൽ നിന്ന് ഉടനടി ആശ്വാസം ലഭിക്കും. ദിവസവും മഞ്ഞൾപ്പാല്‍ കുടിയ്ക്കുകയാണ് എങ്കില്‍ തുടരെത്തുടരെ ഉണ്ടാകുന്ന ജലദോഷത്തില്‍നിന്നും മോചനം ലഭിക്കും.
നിങ്ങളുടെ ശരീരത്തിൽ കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ കോശങ്ങളുടെ കേടുപാടുകൾ തടയുകയും പ്രായമാകൽ പ്രക്രിയയെ (Anti-Aging Process) ഗണ്യമായി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ ചർമ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളും നേർത്ത വരകളും തടയാനും ഇത് സഹായിക്കുന്നു.