Advertisment

ഫ്യൂജി ഗംഗ കൊയ്‌ത്ത്‌ ഉത്സവം ബുധനാഴ്‌ച; ആവേശം പകരാന്‍ മുതുകാടെത്തും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: നെല്‍കൃഷിയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തൊടെ ഫ്യൂജിഗംഗ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ്‌ ആറാം തിയതി ബുധനാഴ്‌ച നടക്കും. വിളവെടുപ്പ്‌ ഉത്സവത്തിന്‌ ആവേശം പകരാന്‍ പ്രശസ്‌ത മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടും എത്തും.

തൊടുപുഴ എം.എല്‍.എ. പി.ജെ. ജോസഫ്‌, കരിങ്കുന്നം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തോമസ്‌ പയറ്റിനാല്‍, തൊടുപുഴ നഗരസഭ അദ്ധ്യക്ഷന്‍ സനീഷ്‌ ജോര്‍ജ്ജ്‌, വാര്‍ഡ്‌ മെമ്പര്‍ സിനി ജസ്റ്റിന്‍, കൃഷി അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ചന്ദ്രബിന്ദു, പുറപ്പുഴ കൃഷി ഓഫീസര്‍ പ്രിയ, യു. എന്‍. ഡി പി പ്രതിനിധികള്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പുറപ്പുഴ പഞ്ചായത്തിലെ നെടിയശാലക്ക്‌ സമീപമുള്ള ചെള്ളല്‍ പാടശേഖരത്തിലെ രണ്ടര ഏക്കറോളം വരുന്ന പാടം മൂന്നു കര്‍ഷകരില്‍ നിന്നും പാട്ടത്തിന്‌ എടുത്താണ്‌ ഇപ്പോള്‍ കൃഷി ആരംഭിച്ചിട്ടുള്ളത്‌. ഭാവിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കും കൂടുതല്‍ മേഖലകളിലേക്കും കൃഷി വ്യാപിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌.

publive-image

നെല്‍കൃഷിക്കായി നിലം ഒരുക്കുന്ന ജോലികള്‍ക്ക്‌ തുടക്കം കുറിച്ചത്‌ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ്‌ ജോര്‍ജ്ജ്‌ ആയിരുന്നു. പാടത്തിറങ്ങി ഫ്യൂജിഗംഗ പ്രവര്‍ത്തകര്‍ക്കൊപ്പം വരമ്പ്‌ കിളച്ചുകൊണ്ടാണ്‌ അദ്ദേഹം ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌.

നെല്‍കൃഷിയില്‍ നിന്നും ആളുകള്‍ പിന്‍മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നെല്‍കൃഷിക്കായുള്ള ഇത്തരം കൂട്ടായ്‌മകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണന്ന്‌ നഗരസഭാ അദ്ധ്യക്ഷന്‍ പറഞ്ഞു. ഫ്യൂജി ഗംഗ പ്രസിഡന്റ്‌ എം. ഡി. ദിലീപ്‌, സെക്രട്ടറിയും കൃഷി കോഡിനേറ്ററുമായ സി.കെ. സുനില്‍ രാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഫ്യൂജിഗംഗ പ്രവര്‍ത്തകരും ഉദ്‌ഘാടന പരിപാടിയില്‍ പങ്കെടുത്തു.

പാടത്ത്‌ വിത്തീടിലിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌ പുറപ്പുഴ കൃഷി ഓഫീസര്‍ പ്രിയ ആയിരുന്നു. തേവര എസ്‌. എച്ച്‌ കോളേജ്‌ കേമേഴ്‌സ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസര്‍ ജെയിംസ്‌ വി. ജോര്‍ജ്ജിന്‌ വിത്ത്‌ പകര്‍ന്നു നല്‍കിയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കുഞ്ഞൂഞ്ഞ്‌്‌ ഇനത്തില്‍ പെട്ട വിത്താണ്‌ വിതച്ചത്‌. ചടങ്ങില്‍ വച്ച്‌ 56 വര്‍ഷമായി തുടര്‍ച്ചയായി പുറപ്പുഴയയില്‍ നെല്‍കൃഷി ചെയ്‌തു വരുന്ന എം. കെ. പ്രഭാകരനെ ആദരിച്ചു.

രാസവളങ്ങളും രാസ കീടനാശിനികളും പൂര്‍ണ്ണമായും ഒഴിവാക്കി ജൈവ വളങ്ങളും ജൈവ കീട നാശിനികളും ഉപയോഗിച്ചാണ്‌ കൃഷി നടത്തിയിട്ടുള്ളത്‌. യു. എന്‍. ഡി. പി. യുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ള ജീവാമൃതം എന്ന ജൈവവളം ആണ്‌ ഉപയോഗിച്ചത്‌.

നാടന്‍ പശുവിന്റെ ചാണകം, ഗോമൂത്രം, ശര്‍ക്കര പയര്‍, മണ്ണ്‌ മുതലായവ ഉപയോഗിച്ച്‌ ഫ്യൂജിഗംഗ കൃഷി കോഡിനേറ്റര്‍ സി.കെ. സുനില്‍രാജിന്റെ നേതൃത്വത്തില്‍ തന്നെ തയ്യാറാക്കിയിട്ടുള്ള ജീവാമൃതം എന്ന ജൈവവളമാണ്‌ പാടത്ത്‌ ഉപയോഗിച്ചിട്ടുള്ളത്‌.

യു. എന്‍. ഡി. പി. യുടെ കേരളത്തിലെ ജൈവ കൃഷിയുട കണ്‍സല്‍ട്ടന്റ്‌ ഇല്ല്യാസ്‌ ആണ്‌ ഇതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌. അതേപോലെ തന്നെ കീടങ്ങളെ ഒഴിവാക്കുന്നതിനായി വെളുത്തുള്ളി, ഇഞ്ചി, വേപ്പണ്ണ പച്ചവെള്ളം എന്നിവ ഉപയോഗിച്ച്‌ നിര്‍മ്മിച്ചിട്ടുള്ള വേപ്പിണ്ണ കഷായമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

കൃഷിയുടെ ഓരോ ഘട്ടത്തിലും കൂട്ടായ്‌മയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളുടേയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടായിരുന്നു. കേവലം ലാഭം ഉണ്ടാക്കാനുള്ള പ്രവര്‍ത്തി എന്നതിനപ്പുറം സമര്‍പ്പണ ബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഈ കൂട്ടായ്‌മയുടെ വിജയം.

നിലം ഒരുക്കുന്നതിലും, വിതയിലും, കേടുനീക്കി പറിച്ചു നടുന്നതിലും, വളമീടീലിലും, മരുന്നടിയിലും ഒടുവില്‍ കിളികളുടെ ആക്രമണത്തില്‍ നിന്നും കതിരുകളെ സംരക്ഷിക്കുന്നതിനും വരെ കൂട്ടായ്‌മയില്‍ പെട്ട ഓരോരുത്തരുടേയും അവരുടെ കുടംബാംഗങ്ങളുടേയും ഒത്തു ചേരലുകള്‍ ഉണ്ടായിരുന്നു. മഴയും വെയിലും വകവയ്‌ക്കാതെ ഒന്നിച്ച്‌ പണിതും ഒന്നിച്ച്‌ ഭക്ഷിച്ചും ഈ കൂട്ടായ്‌ വളരുകയായിരുന്നു.

കൃഷിയോടൊപ്പം സമൂഹത്തെ ഒന്നിച്ചു കൊണ്ടുവരുവാനും ഈ പ്രദേശങ്ങളില്‍ കാര്‍ഷിക രംഗത്തു പണിയെടുക്കുന്ന കര്‍ഷകരെ ആദരിക്കുവാനും ഫ്യൂജിഗംഗ അവസരം ഒരുക്കി

കാര്‍ഷിക മേഖയിലേക്ക്‌ പുതുതായി ഒരാളെയെങ്കിലും ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ അതു തന്നയാകും ഈ കൂട്ടായമയുടെ വിജയമെന്ന്‌ കൃഷി കോഡിനേറ്ററും ഫ്യൂജി ഗംഗ സെക്രച്ചറിയുമായ സി. കെ. സുനില്‍ രാജ്‌ പറഞ്ഞു.

thodupuzha news
Advertisment