Advertisment

ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെയും പേരില്‍ ആളുകളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നത് പതിവാക്കിയ തട്ടിപ്പുകാരന്‍ ഇടുക്കി പൊലീസിന്റെ പിടിയിൽ

New Update

publive-image

Advertisment

ഇടുക്കി: ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെയും പേരില്‍ ആളുകളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നത് പതിവാക്കിയ തട്ടിപ്പുകാരന്‍ ഒടുവില്‍ ഇടുക്കി പൊലീസിന്റെ വലയിലായി. മന്ത്രവാദത്തിന്റെ പേരില്‍ ഹൈസ്കൂള്‍ അദ്ധ്യാപികയെ കബളിപ്പിച്ച്‌ മൂന്ന് പവന്റെ മാല തട്ടിയെടുത്ത സംഭവത്തില്‍ ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സ് ജോസഫിനെയാണ് (29) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൈസ്കൂള്‍ അദ്ധ്യാപികയായ ആര്‍പ്പൂക്കര സ്വദേശിനിയുടെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെടും,​ തട്ടിപ്പില്‍ കുടുക്കും. പത്താം ക്ലാസ് വരെ പഠിച്ച്‌ നാട്ടില്‍ ചില ചുറ്റിക്കളികളുമായി കറങ്ങി നടന്ന ജോയ്സ് ഏതാനും വര്‍ഷം മുമ്പ് നാടുവിട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരികയെത്തിയത് മന്ത്രവാദവും പ്രശ്നപരിഹാര ക്രിയകളും പരിശീലിച്ചതായി നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചുകൊണ്ടാണ്.

ഫേസ് ബുക്കിലൂടെ ഇത്തരം തട്ടിപ്പുകളില്‍ ആളുകളെ കുടുക്കാനുള്ള തന്ത്രങ്ങളും ജോയ്സ് പയറ്റുകയും ചെയ്തു. തട്ടിപ്പിനിരയായ അദ്ധ്യാപികയെ ജോയ്സ് കുടുക്കിയതും ഫേസ് ബുക്ക് സൗഹൃദത്തിലൂടെ തന്നെയാണ്. ഫേസ് ബുക്കിലെ സൗഹൃദാഭ്യര്‍ത്ഥനയില്‍ വീണുപോയ അവരുമായി നിരന്തരം ചാറ്റ് ചെയ്ത് കുടുംബപരവും വ്യക്തിപരവുമായ വിവരങ്ങള്‍ മനസിലാക്കിയ ജോയ്സ് അദ്ധ്യാപികയ്ക്ക് ജാതകവശാലും ഗൃഹസംബന്ധമായും ദോഷങ്ങളുള്ളതായി ധരിപ്പിച്ചു.

ഇതിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്ന് അറിയിച്ചതോടെ അവര്‍ തട്ടിപ്പിന്റെ ചൂണ്ടയില്‍ കുരുങ്ങി. അദ്ധ്യാപികയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ചില ബാധകളാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ജോയ്സിന്റെ തട്ടിപ്പ്. ചില പൂജകള്‍ നടത്തിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ബാധകളെ ഒഴിപ്പിക്കാനാകുമെന്നും ജോയ്സ് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ഇതിന്റെ ഭാഗമായി പൂജകള്‍ ആരംഭിച്ചു. ആദ്യം പൂജകള്‍ നടത്തുന്നതിനിടെ വെള്ളി ആഭരണം ആവശ്യപ്പെട്ടു. വെള്ളിമാലയാണ് ഇവര്‍ നല്‍കിയത്. ജോയ്സ് ചെറിയ കുടത്തില്‍ ഈ മാല ഇട്ട് പൂജകള്‍ നടക്കുന്ന സ്ഥലത്തു വച്ചു. തുടര്‍ന്ന് കണ്ണടച്ചു പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. പൂജകള്‍ കഴിഞ്ഞ് വെള്ളിമാല തിരിച്ചുകൊടുത്തു.

പിന്നീട് മറ്റൊരു കുടത്തില്‍ പൂജാസാധനങ്ങള്‍ക്കൊപ്പം സ്വര്‍ണമാല ഇടാന്‍ ആവശ്യപ്പെട്ടു. മൂന്നു പവന്റെ സ്വര്‍ണമാല ഊരി ഈ കുടത്തിലിട്ടു. ഇതിനു ശേഷം കണ്ണടച്ചു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. മാലയിട്ട കുടം അടച്ച്‌ തിരികെ ഏല്‍പ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കുടം തുറക്കാവൂവെന്ന് പറഞ്ഞ് ജോയ്സ് സ്ഥലംവിട്ടു. രണ്ട് ദിവസം കഴിഞ്ഞ് തുറക്കുന്നതിന് മുൻപായി ജോയ്സിനെ അദ്ധ്യാപിക വിളിച്ചപ്പോള്‍ ബാധ പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ലെന്നും കുറച്ച്‌ സമയം കൂടി എടുക്കുമെന്നും പറഞ്ഞു.

അഞ്ച് ദിവസം കഴിഞ്ഞ് കുടം തുറന്നാല്‍ മതിയെന്ന് അറിയിച്ചു. അഞ്ചാം ദിവസം വിളിച്ചപ്പോള്‍ ബാധ ഒഴിഞ്ഞുപോകാന്‍ ചില കര്‍മ്മങ്ങള്‍ കൂടി താന്‍ നടത്തിയിട്ടുണ്ടെന്നും മൂന്നാഴ്ച കൂടി കാത്തിരിക്കണമെന്നും നിര്‍ദേശിച്ചു. സംശയം തോന്നിയ അദ്ധ്യാപിക കുടം തുറന്നപ്പോള്‍ സ്വര്‍ണമാലയ്ക്ക് പകരം കടല, മ‍ഞ്ചാടിക്കുരു, രുദ്രാക്ഷം എന്നിവയാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് ജോയ്സ് കുടുങ്ങിയത്.

മന്ത്രവാദത്തിന്റെ പേരില്‍ ഹൈസ്കൂള്‍ അദ്ധ്യാപികയുടെ മാല തട്ടിയെടുത്ത കേസില്‍ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോയ്സ് ജോസഫിന്റെ മൊബൈല്‍ ഫോണില്‍ ഇത്തരം തട്ടിപ്പുകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും കണ്ട് പൊലീസും അമ്പരന്നു. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പ്രതി അദ്ധ്യാപികയുമായി സൗഹൃദം സ്ഥാപിച്ചത്.

ഡേവിഡ് ജോണ്‍ എന്നായിരുന്നു ഫേസ്ബുക്കിലെ പേര്. സമാനമായ രീതിയില്‍ നിരവധി സ്ത്രീകളെ പ്രതി കബളിപ്പിച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജോയ്‌സ് ജോസഫ്. ഒട്ടേറെ പേരാണ് ജോയ്സിന്റെ സൗഹൃദപ്പട്ടികയില്‍ ഉണ്ടായിരുന്നത്.

ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി പല ജില്ലകളില്‍ നിന്നുള്ള നൂറു കണക്കിനു പേരാണ് വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍. ദുര്‍മന്ത്രവാദം, പരിഹാരക്രിയകള്‍ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചിരിക്കുന്നത് ഒട്ടേറെ പേരാണ്. പ്രേതശല്യം, ബാധ ഒഴിപ്പിക്കല്‍ തുടങ്ങിയ അനുഭവങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വാട്സ് ആപ്പ് കൂട്ടായ്മയില്‍ പങ്കുവച്ചിട്ടുണ്ട്.

ജില്ലയില്‍ ഒട്ടേറെപ്പേര്‍ ഇത്തരം ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പുകളില്‍ വീണിട്ടുണ്ടെന്ന് ഫോണ്‍ രേഖകളില്‍ നിന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കാന്‍ ഇവര്‍ മുന്നോട്ടു വന്നിട്ടില്ല. പരാതി ഇല്ലെങ്കിലും ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം തട്ടിപ്പുകള്‍ അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാര്‍ പറഞ്ഞു.

NEWS
Advertisment