Advertisment

മുല്ലപ്പെരിയാര്‍: എംപി ഡീന്‍ കുര്യാക്കോസിനെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കണം - യുഡിഎഫ്

New Update

publive-image

Advertisment

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശനത്തിനെത്തിയ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ കേരള പോലീസ് തടഞ്ഞതില്‍ യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ പ്രൊഫ. എം.ജെ ജെക്കബ്ബും അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ജില്ലയില്‍ നിന്നുള്ള മന്ത്രിയും, സ്ഥലം എംഎല്‍എയും മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താത്തത് അക്ഷന്തവ്യമായ വീഴ്ച്ചയാണ്. പ്രസ്തുത സാഹചര്യത്തിലാണ് ഡാം സന്ദര്‍ശിക്കന്‍ എംപി എത്തിയത്. തമിഴ്നാട് സര്‍ക്കാരിനേയും, ഇടുക്കി ജില്ല കളക്ടറേയും, ഇടുക്കി എസ്പിയെയും മുന്‍കൂട്ടി അറിയിച്ചതിന് ശേഷമാണ് എംപി ഡാം സന്ദര്‍ശനത്തിനെത്തിയത്.

തമിഴ്നാട് പോലീസ് എംപിയെ തടയാതിരുന്നിട്ടും കേരള പോലീസ് എംപിയെ തടഞ്ഞത് ദുരൂഹമാണ്. എംപി മുല്ലപ്പെരിയാറില്‍ എത്തിയത് വിനോദ സഞ്ചാരിയായിട്ടല്ല. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ആശങ്ക പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നേരിട്ട് കണ്ട് ബോദ്ധ്യപ്പെടാനും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുമാണ്.

പ്രോട്ടോക്കോള്‍ പ്രകാരം സംസ്ഥാന ക്യാബിനെറ്റ് മന്ത്രിമാരുടെ റാങ്കാണ് എംപിമാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡാം സന്ദര്‍ശിക്കുന്നതിന് ഇടുക്കി എംപിക്ക് ആരുടെയും പ്രത്യേക അനുമതി ആവശ്യവുമില്ല. തമിഴ്നാട് സര്‍ക്കാരിനേയും ഇടുക്കി ജില്ലാ കളക്ടറേയും ഇടുക്കി എസ്പിയെയും സന്ദര്‍ശന വിവരം മുന്‍കൂട്ടി അറിയിച്ചത് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സന്ദര്‍ശന സൗകര്യത്തിനും സുരക്ഷയും ഒരുക്കാനാണ്.

ഇക്കാര്യമൊന്നും അറിയാത്തവരല്ല ഇടുക്കി ജില്ലാ കളക്ടറും, എസ്പിയും. ജനങ്ങളില്‍ നിന്നും എന്തൊക്കെയോ മറച്ചു വയ്ക്കാനുള്ള തത്രപ്പാടിലാണ് കേരള സര്‍ക്കാര്‍. എംപിയെ കേരള പോലീസ് തടഞ്ഞത് സര്‍ക്കാരിന്‍റെ അറിവോടെയാണോ അല്ലയോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം.

എംപിയെ തടഞ്ഞ നടപടി നഗ്നമായ ഭരണഘടനാ ലംഘനവും അവകാശ ലംഘനവുമാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Advertisment