Advertisment

ജീവനക്കാർ കുറവ്: തൊടുപുഴ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം തകിടം മറിയുന്നു

New Update

publive-image

Advertisment

തൊടുപുഴ: താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ താത്ക്കാലികമായി നിയമിച്ചിരുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് രോഗ വ്യാപനം കുറഞ്ഞതോടെ വ്യാപകമായി പിരിച്ചു വിട്ടത്.

ഇതിന്റെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലുള്‍പ്പെടെ സേവനം ചെയ്തിരുന്ന നഴ്‌സുമാരടക്കം 121 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഇതോടെയാണ് കോവിഡ് വാര്‍ഡിന്റെ നടത്തിപ്പും കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങളും താറുമാറായത്.

കഴിഞ്ഞ മാസം 6, 23, 30 തീയതികളില്‍ മൂന്നു ഘട്ടങ്ങളിലായാണ് ഇത്രയും ജീവനക്കാരെ ഒഴിവാക്കിയത്. ഇതോടെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത് അവസ്ഥയാണ് നിലവിലുള്ളത്. ജീവനക്കാരുടെ കുറവു മൂലം കൂടുതല്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ കിടത്തിച്ചികില്‍സ നല്‍കാന്‍ കഴിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.ആര്‍. ഉമാദേവി പറഞ്ഞു.

77 കോവിഡ് രോഗികളെ കിടത്തിച്ചികില്‍സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. ഇപ്പോള്‍ ജീവനക്കാരുടെ കുറവു മൂലം കിടത്തിച്ചികില്‍സ നല്‍കുന്ന രോഗികളുടെ എണ്ണം മുപ്പതില്‍ താഴെയായി വെട്ടിക്കുറച്ചു.

കോവിഡ് വാര്‍ഡില്‍ സുരക്ഷാ കിറ്റ് ധരിച്ച് ജോലി ചെയ്യേണ്ടതിനാല്‍ നാലു മണിക്കൂറാണ് നഴ്‌സുമാര്‍ക്കും മറ്റും ഡ്യൂട്ടി നല്‍കുന്നത്. ഇതു കഴിഞ്ഞാല്‍ അടുത്തയാള്‍ ഡ്യൂട്ടിക്ക് കയറണം. ഇത്തരത്തില്‍ വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യാന്‍ നിലവില്‍ ജീവനക്കാരില്ല.

നോണ്‍ കോവിഡ് വിഭാഗത്തില്‍ നിന്നുള്ള ജീവനക്കാരുടെ സേവനം കൂടി ഉപയോഗിച്ചാണ് ഇപ്പോള്‍ കോവിഡ് ചികില്‍സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നോട്ടു പോകുന്നത്. ഇവിടെ നിന്നും ജീവനക്കാരെ കോവിഡ് ഡ്യൂട്ടിയ്ക്ക് മാറ്റുന്നതിനാല്‍ മറ്റു വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളും താറുമാറാകുന്നുണ്ട്.

താലൂക്ക് ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അതിനു തക്ക സ്റ്റാഫ് പാറ്റേണ്‍ ഇതുവരെയും ലഭ്യമല്ലാത്തതാണ് ആശുപത്രിയെ പ്രതിസന്ധിയിലാക്കുന്നത്. ഇക്കാരണത്താല്‍ രോഗികള്‍ക്ക് വിദഗ്ദ്ധ സേവനം കിട്ടാത്ത സ്ഥിതിയുമുണ്ട്.

സ്റ്റാഫ് നഴ്‌സുമാരുടെ കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെതന്നെ തകിടംമറിക്കുന്ന സാഹചര്യമാണുള്ളത്. 127 നഴ്‌സുമാര്‍ വേണ്ടിടത്ത് നിലവില്‍ അമ്പതില്‍ താഴെ നഴ്‌സുമാരാണുള്ളത്. സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് പ്രതികൂലമാകുന്നുണ്ട്. കാഷ്വാലിറ്റിയില്‍ ഡോക്ടര്‍മാരുടെ കുറവു മൂലം ഒപി ഡോക്ടര്‍മാരെ നിയോഗിച്ചാണ് പലപ്പോഴും കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്.

idukki news
Advertisment