Advertisment

ഇന്‍ഫാം കട്ടപ്പനയില്‍ നടത്തിയ കര്‍ഷകമുന്നേറ്റത്തില്‍ പങ്കെടുത്തത് 15000 ത്തോളം കര്‍ഷകര്‍. യൂണീഫോമണിഞ്ഞ് മാര്‍ച്ച് ചെയ്ത ഗ്രീന്‍സേന ഉള്‍പ്പെടെയുള്ള കര്‍ഷകമുന്നേറ്റം കണ്ടതോടെ ആലസ്യം വിട്ടുണര്‍ന്ന് സര്‍ക്കാര്‍. ഇന്‍ഫാം മുന്നേറ്റത്തെ വിലകുറച്ച് കാണരുതെന്ന് ഉപദേശിച്ചത് ഇടതു നേതാക്കള്‍. ഇന്‍ഫാമിന്‍റെ ആവശ്യങ്ങളില്‍ എന്തുചെയ്യാനാകുമെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം. കര്‍ഷകര്‍ തെരുവിലിറങ്ങിയപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് രാഷ്ട്രീയക്കാര്‍ !

New Update

publive-image

Advertisment

ഇടുക്കി: പതിനയ്യായിരം കര്‍ഷകരെ അണിനിരത്തി നടത്തിയ ഇന്‍ഫാം കര്‍ഷകറാലി ഫലം കാണുമോ ? ഇന്‍ഫാമിന്‍റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കേണ്ടതാണെന്ന രാഷ്ട്രീയ നിലപാട് ഇടതുമുന്നണി സ്വീകരിച്ചതായി റിപ്പോര്‍ട്ട് ! ഇതുപ്രകാരം ഇന്‍ഫാം മുന്നോട്ടുവയ്ക്കുന്ന കാര്‍ഷിക പ്രശ്നങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന.

ഈ മാസം 23 -നായിരുന്നു ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ കട്ടപ്പനയില്‍ 15000 കര്‍ഷകരെ അണിനിരത്തി മണിക്കൂറുകള്‍ നീണ്ട കര്‍ഷക റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയും സമ്മേളനവും ബിഷപ്പ് മാര്‍ ജോസ് പുളിക്കലായിരുന്നു ഉദ്ഘാടനം ചെയ്തത്.


കട്ടപ്പനയില്‍ ഇത്രയധികം കര്‍ഷകരെ അണിനിരത്താന്‍ ഇന്‍ഫാമിന് കഴഞ്ഞത് ഗൗരവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ മേഖലയില്‍ തിരിച്ചടി ഉറപ്പാണെന്നായിരുന്നു ഇടതു കേന്ദ്രങ്ങള്‍ സര്‍ക്കാരിനെ ഉപദേശിച്ചത്. ഇതോടെ ഇന്‍ഫാം സമ്മേളനം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് തേടിയിരുന്നു സര്‍ക്കാര്‍.


12000 -നും 14000 -നും ഇടയില്‍ കര്‍ഷകര്‍ റാലിയില്‍ അണിനിരന്നിരുന്നുവെന്നും മണിക്കൂറുകള്‍ പിന്നിട്ടാണ് റാലി സമ്മേളന നഗരിയില്‍ അവസാനിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇത്രയും ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കാന്‍ ഇന്‍ഫാമിന് കഴിഞ്ഞെങ്കില്‍ അതിനെ ചെറുതായി കാണാന്‍ കഴിയില്ലെന്ന ഉപദേശമാണ് ഇടതുനേതാക്കള്‍ തന്നെ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതേതുടര്‍ന്ന് ഇന്‍ഫാമിന്‍റെ ആവശ്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

publive-image

വന്യമൃഗങ്ങളുടെ ആക്രമണം, ബഫര്‍സോണ്‍ വിഷയത്തിലുള്ള തുടര്‍ നടപടികള്‍, പമ്പാവാലി, എയ്ഞ്ചല്‍ വാലി മേഖലയിലേത് ഉള്‍പ്പെടെയുള്ള ഉപാധിരഹിത പട്ടയം, കോട്ടയം ജില്ലയിലെ തോട്ടം പുരയിടം പ്രശ്നത്തിലെ തുടര്‍ നടപടികള്‍, റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ വിലയിടിവ്, കെട്ടിട നിര്‍മ്മാണ ഫീര്‍ വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള 12 ഇന ആവശ്യങ്ങളാണ് ഇന്‍ഫാം മുന്നോട്ടുവച്ചിരിക്കുന്നത്.


മലനാട് ഡവലപ്മെന്‍റ് സൊസൈറ്റി ഡയറക്ടറും ഇന്‍ഫാം ജില്ലാ ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ നേതൃത്വത്തിലായിരുന്നു കര്‍ഷക മുന്നേറ്റം. ഇന്‍ഫാമിന്‍റെ ഗ്രീന്‍ വോളണ്ടിയര്‍ സേന ഉള്‍പ്പെടെ പ്രത്യേക യൂണീഫോമണിഞ്ഞ് മാര്‍ച്ചില്‍ പങ്കെടുത്തു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കി, അതേസമയം കാര്‍ഷിക പ്രശ്നങ്ങളില്‍ വിട്ടുവീഴ്ച ഇല്ലെന്ന സന്ദേശം നല്‍കിയായിരുന്നു ഫാ. മറ്റമുണ്ടയിലിന്‍റെ പ്രസംഗം.


റാലി വന്‍ വിജയമായതോടെ സര്‍ക്കാരിനു പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫാ. തോമസ് മറ്റമുണ്ടയിലിനെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടുന്നു എന്നതുതന്നെ ഇന്‍ഫാമിന്‍റെ കര്‍ഷക മുന്നേറ്റത്തിന്‍റെ വിജയമാണ്.

Advertisment