Advertisment

ആസാം പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട മുഈനുല്‍ ഹഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് എസ്‌ഐഒ ഏറ്റെടുക്കും

New Update

publive-image

Advertisment

ഡൽഹി: ആസാമിലെ ദാരംഗ് ജില്ലയില്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ശഹീദ്‌ മുഈനുല്‍ ഹഖ്, ശൈഖ് ഫരീദ് എന്നിവരുടെ കുടുംബങ്ങളെ എസ്‌ഐഒ ഭാരവാഹികള്‍ തിങ്കളാഴ്ച്ച സന്ദര്‍ശിക്കുകയും എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവുമറിയിക്കുകയും ചെയ്തു.

മുഈനുല്‍ ഹഖിന്റെ മൂന്നു മക്കളുടെയും വിദ്യാഭ്യാസച്ചെലവ് എസ്‌ഐഒ ഏറ്റെടുക്കുമെന്നും അറിയിച്ചു. 'അദ്ദേഹത്തിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയായാണ് ഞങ്ങള്‍ മനസിലാക്കുന്നത്. താല്‍പ്പര്യമുള്ള മേഖലയില്‍ അവര്‍ മൂവരും പഠിച്ചു മുന്നേറണമെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ട്.

അവരുടെ പഠനച്ചെലവ് വഹിക്കാന്‍ ഞങ്ങള്‍ കുടുംബത്തോട് അനുവാദം ചോദിക്കുകയും അവരതിന് സമ്മതം മൂളുകയുമായിരുന്നു. അവരുടെ മുന്നോട്ടുള്ള ജീവിതം സമാധാനവും ഐശ്വര്യവും നിറഞ്ഞതാകാനും അവരോട് അക്രമം ചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാകാനും വേണ്ടിയാണ് ഞങ്ങളുടെ പ്രാര്‍ഥന' കൂടിക്കാഴ്ച്ചയ്ക്ക് ശേഷം എസ്‌ഐഒ ദേശീയ പ്രസിഡന്റ് സല്‍മാന്‍ അഹ്മദ് പറഞ്ഞു.

പതിമൂന്നുവയസുകാരന്‍ മുഖ്‌സിദുല്‍, ഒമ്പതു വയസുകാരി മന്‍സൂറ ബീഗം, നാലു വയസുകാരന്‍ മുഖദ്ദസ് അലി ഒപ്പം ഭാര്യയും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മുഊനുല്‍ ഹഖ്. ഭരണകൂടം എണ്ണുറോളം കുടുംബങ്ങളെ തങ്ങളുടെ വീടുകളില്‍ നിന്നും ബലംപ്രയോഗിച്ച് കുടിയിറക്കിയ സിപാഹ്ജാര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുകയായിരുന്നു എസ്‌ഐഒ പ്രതിനിധികള്‍.

ഇരകളായ കുടുംബങ്ങള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ സംഘത്തോട് വിവരിച്ചു. 'കുടിയിറക്കിയ കുടുംബങ്ങളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശം റോഡ് സൗകര്യം പോലുമില്ലാത്ത പ്രളയഭീഷണി നിലനില്‍ക്കുന്ന നദിതീരത്താണ്.

തകിട്ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര കെട്ടിയ താല്‍ക്കാലിക ഷെഡ്ഡുകളിലാണ് അവര്‍ കഴിയുന്നത്. വെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങള്‍ പോലും ലഭ്യമല്ല. സര്‍ക്കാര്‍ അവര്‍ക്കാവശ്യമായ ദുരിതാശ്വാസ നടപടികള്‍ ഉടന്‍ തന്നെ കൈക്കൊള്ളണം' സല്‍മാന്‍ അഹ്മദ് കൂട്ടിച്ചേര്‍ത്തു.

NEWS
Advertisment