Advertisment

കശ്മീർ ടിവി താരം അമ്രീൻ ബട്ടിനെ ഭീകരർ വെടിവച്ചുകൊന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ശ്രീനഗർ: കശ്മീരിലെ ടിവി, ടിക് ടോക് താരം അമ്രീൻ ബട്ട് (35) ലഷ്കറെ തയിബ ഭീകരരുടെ വെടിയേറ്റു മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവായ 10 വയസ്സുകാരന് പരുക്കേറ്റു. മറ്റൊരു സംഭവത്തിൽ കുപ്‌വാരയിൽ 3 ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വെടിവച്ചുകൊന്നു.ബദ്ഗാം ജില്ലയിലെ ഹിഷ്രൂവിലുള്ള അമ്രീന്റെ വീട്ടിൽ ചിത്രീകരണത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് ബുധനാഴ്ച രാത്രിയെത്തിയ രണ്ടംഗസംഘം നടിയെ വെടിവച്ചുകൊല്ലുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന അനന്തരവൻ ഫർഹാൻ സുബായിയുടെ കയ്യിൽ വെടിയേറ്റു. രാത്രി 8 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ അമ്രീൻ മരിച്ചു. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല തുടങ്ങിയവർ അനുശോചിച്ചു. സംഭവത്തിനു പിന്നിൽ മൂന്നംഗ ലഷ്കർ ഭീകരരാണുള്ളതെന്ന് പൊലീസ് പറഞ്ഞു.

ശ്രീനഗറിൽ മകളെ ട്യൂഷനയക്കാനിറങ്ങിയ പൊലീസുദ്യോഗസ്ഥനെ വെടിവച്ചുകൊന്ന സംഭവത്തിനു പിന്നാലെയാണ് പുതിയ അക്രമം. ഇതിനിടെ, കുപ്‌വാര ജില്ലയിലെ ജുംനാഗഡ് മേഖലയിൽ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം രഹസ്യവിവരം ലഭിച്ചതനുസരിച്ച് ഇന്നലെ സുരക്ഷാസേന തകർത്തു. ഭീകരരിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും പിടിച്ചെടുത്തു.

കഴിഞ്ഞ ഏപ്രിൽ 22ന് പുൽവാമയിൽ സൻജ്വാനിൽ സിഐഎസ്എഫ് സൈനികർ സഞ്ചരിച്ച ബസിൽ ചാവേർ ആക്രമണം നടത്തിയ സംഭവത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലഷ്കറെ തയിബ പ്രവർത്തകൻ ആബിദ് അഹമ്മദിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്നലെ കസ്റ്റഡിയെടുത്തിട്ടുണ്ട്. നേരത്തേ ഇതേ കേസി‍ൽ അറസ്റ്റിലായ ബിലാൽ അഹമ്മദ് വാഗെയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Advertisment