Advertisment

ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ബോക്സിങ് താരങ്ങളുടെ പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു

New Update

ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ശ്രമം കർഷക സംഘടനകളുടെ ഇടപെടലിലൂടെ താത്കാലികമായി പിൻവലിച്ചെങ്കിലും പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു. ക‍ർഷക സംഘടനകളുടെ അഭ്യർത്ഥന മാനിച്ച് തത്കാലം പിൻവാങ്ങിയെങ്കിലും അ‌ഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് പ്രഖ്യാപിച്ചാണ് കായിക താരങ്ങൾ മടങ്ങിയത്.

Advertisment

publive-image

ഒന്നര മണിക്കൂറോളം ഗംഗാതീരത്ത് കുത്തിയിരുന്ന താരങ്ങളെ കർഷക നേതാക്കളാണ് അനുനയിപ്പിച്ചത്. നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച കർഷക സംഘടനകൾ ഇന്ന് ഖാപ് പഞ്ചായത്ത് ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കായിക താരങ്ങൾക്കൊപ്പം പ്രതിഷേധത്തിൽ അണിനിരക്കാനുള്ള തീരുമാനങ്ങൾ ഖാപ് പഞ്ചായത്തിൽ ഉണ്ടാകാനുള്ള സാധ്യകളുണ്ട്.

അതേസമയം ഇന്ത്യൻ കായിക ചരിത്രത്തിലെ അതിവൈകാരികമായ രംഗങ്ങൾക്കാണ് ചൊവ്വാഴ്ച ഹരിദ്വാർ സാക്ഷിയായത്. ഇരുപത്തിയെട്ടാം തീയ്യതിയുണ്ടായ സംഘർഷത്തിന് പിന്നാലെ സമരവേദി പൂർണമായും പൊളിച്ചു നീക്കിയതോടെയാണ് നീതി ലഭിക്കുമെന്ന അവസാനത്തെ പ്രതീക്ഷയും ഗുസ്തി താരങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു. നീതി ലഭിക്കാത്തതിനാൽ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച താരങ്ങൾ തീരുമാനവുമായി മുന്നോട്ട് പോയതോടെ അതിവൈകാരികമായ രംഗങ്ങൾക്കാണ് ഗംഗാ തീരം സാക്ഷ്യം വഹിച്ചത്.

ഗംഗയുടെ അത്ര തന്നെ പരിശുദ്ധിയുണ്ട് അധ്വാനിച്ചു നേടിയ മെഡലുകൾക്ക്. അത് ഗംഗയിൽ ഒഴുകി കഴിഞ്ഞാൽ നഷ്ടപ്പെടുന്നത് സ്വന്തം ആത്മാവും ജീവനും തന്നെയാണെന്നും താരങ്ങള്‍ പറഞ്ഞു. മെഡലുകള്‍ ഒഴുക്കിയ ശേഷം രക്തസാക്ഷികളുടെ ഓർമ്മകളുള്ള ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം. ഒളിമ്പിക്സ് അടക്കം അന്താരാഷ്ട്ര മത്സരങ്ങളിൽ നേടിയ മെഡലുകളുമായി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് താരങ്ങൾ ഹരിദ്വാറിലെത്തിയത്.

പിന്നെ ഒന്നര മണിക്കൂർ ഗംഗാതീരത്ത് അവർ കുത്തിയിരുന്നു. ഒടുവിൽ മെഡലുകൾ ഒഴുക്കരുതെന്ന കർഷക നേതാവ് നരേഷ് ടിക്കായത്തടക്കമുള്ളവരുടെ അഭ്യർത്ഥനക്ക് താരങ്ങള്‍ വഴങ്ങുകയായിരുന്നു. അഞ്ച് ദിവസത്തെ സാവകാശമാണ് താരങ്ങൾ നൽകിയിരിക്കുന്നത്. കർഷകസംഘടനകള്‍ ഇന്ന് ഖാപ്പ് പഞ്ചായത്ത് കൂടി വിഷയം ചർച്ച ചെയ്യും. സമരത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ ഇന്നത്തെ ഖാപ്പ് ചർച്ചകൾ നിർണായകമാകും.

അതേസമയം കായിക താരങ്ങളുടെ പ്രക്ഷോഭത്തിന് പിന്തുണയേറുകയാണ്. ചെങ്കോട്ടയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് നീണ്ട പ്രസംഗം നടത്തിയ മോദി ലൈംഗീകാതിക്രമം നടത്തിയ കുറ്റവാളിക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നീതി നിഷേധത്തിനെതിരെ  പ്രതിഷേധിക്കുന്ന കായിക താരങ്ങൾക്ക് പിന്തുണയുമായി നിരവധി പ്രമുഖർ രംഗത്തെത്തി. കപിൽ ദേവ്, അനിൽ കുംബ്ലൈ, സാനിയ മിര്‍സ, നീരജ് ചോപ്ര  അടക്കമുള്ള കായികതാരങ്ങളും ശശി തരൂര്‍, അരവിന്ദ് കെജ്രിവാൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും കായിക താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി.

മോദിയുടെ അഹങ്കാരം കൊണ്ടാണ് രാജ്യത്തിന്‍റെ പെണ്‍കുട്ടികള്‍ തോറ്റതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ചരിത്രത്തില്‍ ഇതുവരെ ഒരു വനിത ഗുസ്തി താരത്തിന് മാത്രമാണ് ഒളിംപിക്സില്‍ മെഡല്‍ നേടാനായിട്ടുള്ളു. അത് സാക്ഷി മാലിക്കിനാണ്. ആ പെൺകുട്ടിയടക്കമാണ് ലൈംഗികാതിക്രമ കേസിലെ പ്രതി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ലജ്ജാകരമായ സംഭവമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാജ്യം ഞെട്ടലിലാണെന്നും പ്രധാനമന്ത്രി അഹങ്കാരം വെടിയണമെന്നുമാണ് ഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചത്.

രാജ്യത്തിന്‍റെ യശ്ശസ്സ് ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത് അതീവ ദുഖകരമെന്നാണ് ശശി തരൂര്‍ പ്രതികരിച്ചച്. രാജ്യത്തെ ഹീറോയാണ് താരങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഴ്ത്തിയവരാണ് ഇന്ന് സമരം ചെയ്യുന്നത്. ബിജെപി സർക്കാരിന്‍റെ നിലപാട് മനസിലാകുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു. സത്യത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് മഹിള കോണ്‍ഗ്രസും പ്രതികരിച്ചു. താരങ്ങളുടേത് മെഡലുകള്‍ മാത്രമല്ല രാജ്യത്തിന് ലഭിച്ച ആദരമാണ്. നാണം കെട്ട സർക്കാരിന്‍റെ തെറ്റായ നടപടി കൊണ്ട് രാജ്യത്തിന്‍റെ മെഡലുകള്‍ നദിയില്‍ ഒഴുക്കരുതെന്നുമായിരുന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസയുടെ പ്രതികരണം.

Advertisment