follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

മൂന്ന് വര്‍ഷം കൊണ്ട് ദാവൂദിന്റെ അനുജന്‍ കൈക്കലാക്കിയത് 100 കോടി രൂപ; രണ്ട് പ്രാദേശിക എന്‍സിപി നേതാക്കള്‍ ഇടനിലക്കാര്‍

ഡല്‍ഹി ബ്യൂറോ » Posted : 20/09/2017

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ അനുജന്‍ ഇക്ബാല്‍ കസ്‌കര്‍ മൂന്നുവര്‍ഷം കൊണ്ട് കൈക്കലാക്കിയത് 100 കോടി രൂപ. മുംബൈ കേന്ദ്രീകരിച്ചുള്ള വന്‍ കെട്ടിട നിര്‍മാതാക്കള്‍, ജ്വല്ലറി ഉടമകള്‍ എന്നിവരില്‍ നിന്നാണ് ഇത്രയും വലിയ തുക ഇയാള്‍ സമാഹരിച്ചതെന്നു പൊലീസ് പറഞ്ഞു.

കെട്ടിട നിര്‍മാതാക്കള്‍, ബിസിനസുകാര്‍ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ തിങ്കളാഴ്ചയാണു ഇയാള്‍ പിടിയിലായത്. റിയല്‍ എസ്റ്റേറ്റ് ഏജന്റ് മുംതാസ് ഷെയ്ഖ്, ഇസ്രാര്‍ അലി ജമില്‍ സയ്യദ് എന്നിവരും ഇക്ബാലിനൊപ്പം അറസ്റ്റിലായി. ഇക്ബാലിനുവേണ്ടി ഇടനിലക്കാരായ രണ്ട് പ്രാദേശിക എന്‍സിപി നേതാക്കള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇക്ബാലുമായി ബന്ധമുള്ള എല്ലാ രാഷ്ട്രീയക്കാരെക്കുറിച്ചും അന്വേഷിക്കുമെന്ന് താനെ പൊലീസ് കമ്മീഷ്ണര്‍ പരംഭീര്‍ സിങ് പറഞ്ഞു.



ഇക്ബാല്‍ സംഘാംഗങ്ങളില്‍നിന്ന് ഫോണ്‍സന്ദേശം കിട്ടിയെന്ന വ്യവസായിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അന്യായമായി തന്റെ പക്കല്‍നിന്ന് നാല് ഫഌറ്റുകളും 30 ലക്ഷം രൂപയും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മുംബൈയിലെ ഭൂമി ഇടപാടുകളില്‍ അധോലോകത്തിന്റെ പണം ഒഴുകുന്നതിന്റെ മുഖ്യ ഉദാഹരണമായി പൊലീസ് ഉയര്‍ത്തിക്കാണിച്ചിരുന്ന സാറാ സഹാറ വാണിജ്യ സമുച്ചയ കേസില്‍ പ്രതിയായിരുന്നു ഇക്ബാല്‍ കസ്‌കര്‍. പ്രതികളെ എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കസ്‌കര്‍ പ്രതിയായ കേസുകളില്‍ ദാവൂദിനു ബന്ധമുണ്ടോയെന്ന അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണു കസ്‌കര്‍ പലരെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നത്. 2013 മുതല്‍ താനെ മേഖലയിലെ കെട്ടിട നിര്‍മാതാക്കളെ കസ്‌കര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. സാമ്പത്തിക മാന്ദ്യവും നോട്ടുനിരോധനവും മേഖലയെ ബാധിച്ചപ്പോള്‍ ഫ്‌ളാറ്റുകള്‍ പിടിച്ചെടുക്കാനും സംഘം തുടങ്ങി. ഒരു ബിസിനസുകാരന്റെ 30 ലക്ഷം രൂപയും റോസ ബെല്ല കോംപ്ലക്‌സിലെ നാല് വലിയ ഫ്‌ളാറ്റും ഇയാള്‍ സ്വന്തമാക്കി. ഫ്‌ളാറ്റുകള്‍ പിന്നീട് മറിച്ചുവിറ്റു.

ഇക്ബാല്‍ കസ്‌കറിനെതിരെ ഇതുവരെ 10 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഭൂമി, സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകള്‍ പരിഹരിക്കുന്ന ഇടനിലക്കാരനായാണ് കസ്‌കര്‍ ഈ രംഗത്തെത്തിയത്. പിന്നീടാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിലേക്കു ചുവടുമാറ്റിയത്. ദുബൈയില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് അനിയനുവേണ്ടി മികച്ച നിയമ സഹായങ്ങള്‍ നല്‍കാന്‍ ശ്രമം തുടങ്ങിയെന്നു റിപ്പോര്‍ട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+