Advertisment

മകൾ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തു; പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ ഏഴ് പേരെ പിതാവ് ചുട്ടുകൊന്നു

New Update

publive-image

Advertisment

ഇസ്ലാമാബാദ്: മകൾ തന്റെ ഇഷ്ടത്തെ വകവയ്‌ക്കാതെ മറ്റൊരാളെ വിവാഹം ചെയ്തതിൽ പ്രതിഷേധിച്ച് കുടുംബത്തിലെ ഏഴ് പേരെ പിതാവ് ജീവനോടെ തീകൊളുത്തി കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുസാഫർഗർ മേഖലയിലാണ് സംഭവം.

മൻസൂർ ഹുസൈൻ എന്നയാളാണ് കുടുംബത്തെ ഒന്നാകെ തീ കൊളുത്തിയത്. ഇയാളുടെ രണ്ട് പെൺമക്കളും നാല് കൊച്ചുമക്കളും തീയിൽ വെന്തുമരിച്ചു. മകൾ തന്റെ ഇഷ്ടത്തിന് എതിരായി വിവാഹം കഴിച്ചതാണ് മൻസൂർ ഹുസൈനെ പ്രകോപിപ്പിച്ചത്.

മൻസൂറിന്റെ മക്കളായ ഫൗസിയ ബിബി, ഖുർഷിദ് മായി എന്നിവർ കുടുംബമായി ഒരുമിച്ചായിരുന്നു താമസം. ഫൗസിയ ബിബി, ഖുർഷിദ് മായി, ഖുർഷിദിന്റെ ഭർത്താവ്, നാല് കൊച്ചുകുഞ്ഞുങ്ങൾ എന്നിവരാണ് തീയിൽ മരിച്ചത്. ബിബിക്ക് കുഞ്ഞ് ജനിച്ചിട്ട് അധികം ദിവസമായിരുന്നില്ല. ബിബിയുടെ ഭർത്താവ് മെഹബൂബ് അഹമ്മദ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.

ഇയാളുടെ പരാതി പ്രകാരം മൻസൂർ ഹുസൈൻ, മകൻ സാബിർ ഹുസൈൻ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.താൻ ജോലിക്ക് പോയിരുന്നത് കൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപെട്ടതെന്ന് മെഹബൂബ് അഹമ്മദ് പറയുന്നു. വീട്ടിലേക്ക് തിരികെ വരുമ്പോൾ വീടാകെ നിന്ന് കത്തുന്നതാണ് കണ്ടത്.

മൻസൂർ ഹുസൈനും സാബിർ ഹുസൈനും സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്നും മെഹബൂബ് പറയുന്നു. പ്രണയവിവാഹത്തിന്റെ പേരിൽ മൻസൂർ ഹുസൈൻ പെൺമക്കളുമായി അകൽച്ചയിലായിരുന്നുവെന്നും, സംഭവിച്ചത് ദുരഭിമാനക്കൊലപാതകമാണെന്നും പോലീസ് പറയുന്നു.

2020ലാണ് മെഹബൂബ് അഹമ്മദും ബിബിയും പ്രണയിച്ച് വിവാഹിതരാകുന്നത്. വിവാഹത്തിന് ആദ്യം മുതലേ ബിബിയുടെ കുടുംബം എതിരായിരുന്നു. ഇതാണ് കൊലപാതകത്തിലെത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി. പാകിസ്താനിൽ ഓരോ വർഷവും 1000ത്തിലധികം ദുരഭിമാനക്കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നത്.

NEWS
Advertisment