Advertisment

പ്രതീക്ഷിക്കാത്ത സമയത്ത് കടന്ന് വന്ന നല്ല സമരിയാക്കാരന്‍; ചിക്കന്‍ സാന്‍ഡ് വിച്ച് തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടിയെ ഫസ്റ്റ് എയ്ഡ് നല്‍കി രക്ഷപ്പെടുത്തി അജ്ഞാതന്‍

New Update

publive-image

Advertisment

വിസ്കോൺസിൻ: നല്ല സമരിയാക്കാര്‍ കടന്നു വരുന്നത് പ്രതീക്ഷിക്കാത്ത സമയത്താണെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം യുഎസിലെ വിസ്‌കോണ്‍സിനിലെ ഒരു റെസ്റ്റോറന്റില്‍ നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസനാളത്തില്‍ ചിക്കന്‍ സാന്‍ഡ്‌വിച്ച് കുടുങ്ങിയ ആണ്‍കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത് അപ്പോള്‍ ആ വഴി കടന്നുപോയ അജ്ഞാതനാണ്.

റസ്‌റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വളരെ വേഗമാണ് വൈറലായത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കരികിലൂടെ ഒരാള്‍ നടന്നു വരുന്നത് ദൃശ്യങ്ങളില്‍ കാണാം. അയാള്‍ അടുത്തെത്തുമ്പോഴേക്കും കുട്ടി തൊണ്ടയില്‍ കൈയമര്‍ത്തി ശ്വാസം കിട്ടാതെ പിടയുന്നതാണ് കാണുന്നത്. കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്ന് കണ്ടയുടന്‍ അയാള്‍ വളരെ വേഗം അവനെ തന്റെ ദേഹത്തേക്ക് ചേര്‍ത്തുപിടിച്ച് ഹെയിംലിച്ച് മാനുവര്‍ എന്ന ഫസ്റ്റ് എയ്ഡ് നല്‍കി.

പ്രത്യേക പരിശീലനമൊന്നും ഇല്ലാതെയാണ് അദ്ദേഹം കുട്ടിക്ക് വളരെ വിദഗ്ദമായി രീതിയില്‍ തന്നെ ഹെയിംലിച്ച് മാനുവര്‍ നല്‍കിയത്. ഈ രീതിയില്‍ ഡയഫ്രം ഉയര്‍ത്തുമ്പോള്‍ ശ്വാസകോശത്തില്‍ നിന്ന് വായു പുറന്തള്ളുകയും അതുവഴി ശ്വാസനാളത്തില്‍ കുടുങ്ങിയിരിക്കുന്ന വസ്തു പുറത്തേക്ക് തെറിക്കുകയും ചെയ്യും. പ്രത്യേക പരിശീലനം ലഭിച്ച അബ്‌ഡോമിനല്‍ തെറാപ്പിസ്റ്റുകളാണ് സാധാരണ ഈ രീതി ഫോളോ ചെയ്യാറുള്ളത്. സഹായത്തിനെത്തിയ മനുഷ്യന്‍ ഫസ്റ്റ് എയ്ഡ് നല്‍കിയ ഉടന്‍ കുട്ടിയുടെ വായില്‍ നിന്ന് ചിക്കന്‍ സാന്‍ഡ് വിച്ചിന്റെ ഒരു കഷ്ണം പുറത്തേക്ക് തെറിച്ചു.

എന്നാല്‍ കുട്ടി വീണ്ടും അസ്വസ്ഥത കാണിച്ചതോടെ അയാള്‍ വീണ്ടും ഫസ്റ്റ് എയ്ഡ് തുടര്‍ന്നു. ഈ സമയത്ത് കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും പരിഭ്രാന്തരായി സമീപത്ത് നില്‍ക്കുന്നതും അവര്‍ സഹായത്തിനായി അഭ്യാര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഈ മനുഷ്യന്‍ വളരെ വിദഗ്ദമായി കുട്ടിയെ സഹായിക്കുന്നത് കണ്ടതോടെ അവര്‍ ആശ്വാസത്തോടെ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

അയാള്‍ വീണ്ടും ഫസ്റ്റ് എയ്ഡ് നല്‍കിയതോടെ കുട്ടിയുടെ വായില്‍ നിന്നും ചിക്കന്‍ സാന്‍ഡ് വിച്ചിന്റെ അവശേഷിച്ച ഭാഗം കൂടി പുറത്തേക്ക് വന്നു. ഇതോടെ കുട്ടി വളരെ വേഗം സാധാരണ ഗതിയിലായി. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അജ്ഞാതനായ ആ മനുഷ്യന് അഭിനന്ദന പ്രവാഹമാണ്. വൈറല്‍ഹോഗ് എന്ന യൂട്യൂബ് ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആ മനുഷ്യന്റെ പേര് ജോസഫ് റെയ്ന്‍ഹാര്‍ട്ട് എന്നാണെന്നാണ് വിവരം.

Advertisment