Advertisment

ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിലെ വെടിവെപ്പിന് തൊട്ടുമുന്‍പ് പ്രതിയായ പതിനഞ്ചുകാരന്റെ മാതാപിതാക്കള്‍ സ്‌കൂളിലെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്; മാതാപിതാക്കളെ വിളിപ്പിച്ചത് കുട്ടിയുടെ സ്‌കൂളിലെ മോശം പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാന്‍

author-image
nidheesh kumar
New Update

publive-image

Advertisment

ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിലെ വെടിവെപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിവയ്പ്പ് നടക്കുന്നതിന് തൊട്ടു മുന്‍പ് പ്രതിയായ എഥാന്‍ ക്രംബ്ലിയുടെ മാതാപിതാക്കള്‍ സ്‌കൂളിലെത്തിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ക്ലാസ് റൂമിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് എഥാനോട് മാതാപിതാക്കളെ വിളിച്ചുകൊണ്ടു വരാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

സ്‌കൂളില്‍ നി്ന്ന് എഥാന്റെ വീട്ടിലേക്ക് വിളിക്കുകയും കുട്ടിയുടെ ക്ലാസ് റൂമിലെ പെരുമാറ്റം വളരെ മോശമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. നേരിട്ട് സംസാരിക്കുന്നതിന് എഥാന്റെ മാതാപിതാക്കളോട് സ്‌കൂളിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് എഥാന്റെ മാതാപിതാക്കള്‍ സ്‌കൂളിലെത്തിയിരുന്നു. എഥാന്റെ സാന്നിധ്യത്തില്‍ സ്‌കൂള്‍ അധികൃതരും മാതാപിതാക്കളുമായി സംസാരിച്ചിരുന്നു.

publive-image

മാതാപിതാക്കള്‍ സ്‌കൂളില്‍ നിന്ന് പോയതിനു തൊട്ടുപിന്നാലെയാണ് എഥാന്‍ ബാഗിലുണ്ടായിരുന്ന തോക്കെടുത്ത് ചുറ്റുമുള്ള സകലരേയും വെടിവെച്ചതെന്ന് ഓക്ക്ലാന്‍ഡ് കൗണ്ടി ഷെരീഫ് മൈക്കല്‍ ബൗച്ചാര്‍ഡ് പറഞ്ഞു. തീര്‍ച്ചയായും എഥാന്റെ മാതാപിതാക്കളുമായി സ്‌കൂളധികൃതര്‍ നടത്തിയ ആ മീറ്റിംഗിന്റെ ഉള്ളടക്കം അന്വേഷണവിധേയമാണെന്നും ബൗച്ചാര്‍ഡ് പറഞ്ഞു.

ക്രംബ്ലിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായോ അച്ചടക്ക പ്രശ്നങ്ങള്‍ ഉണ്ടായതായോ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഷെരീഫ് പറഞ്ഞു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയിട്ടും സ്‌കൂളധികൃതര്‍ എഥാനെ ഭീഷണിപ്പെടുത്തുകയോ, മറ്റ് കര്‍ശന നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും മൈക്കല്‍ ബൗച്ചാര്‍ഡ് പറഞ്ഞു.

അതേസമയം സ്‌കൂളില്‍ വെടിവെപ്പ് നടത്താനുള്ള പദ്ധതി വിശദീകരിക്കുന്ന ഒരു ജേണല്‍ ഏഥന്റെ ബാക്ക്പാക്കില്‍ നിന്ന് കണ്ടെടുത്തുവെന്ന് ഓക്ലാന്‍ഡ് കൗണ്ടി ഷെരീഫിന്റെ ലെഫ്റ്റനന്റ് ടിം വില്ലിസ് പറഞ്ഞു. ആക്രമണം നടത്താനുള്ള പദ്ധതികളുള്‍പ്പെടുന്ന ജേണല്‍ തന്റെ കയ്യിലുണ്ടെന്ന് ഏഥന്‍ വിചാരണയ്ക്കിടെ ജഡ്ജിയോട് പറഞ്ഞിരുന്നു.

ഫസ്റ്റ് ഡിഗ്രി കൊലപാതകം, തീവ്രവാദം, ആക്രമണം, ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ക്രംബ്ലിയ്ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് ഓക്ക്ലാന്‍ഡ് കൗണ്ടി പ്രോസിക്യൂട്ടര്‍ കാരെന്‍ മക്ഡൊണാള്‍ഡ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ ജുവനൈല്‍ സൗകര്യത്തില്‍ നിന്ന് മുതിര്‍ന്നവര്‍ക്കുള്ള ഓക്ക്ലാന്‍ഡ് കൗണ്ടി ജയിലിലേക്കും കൊണ്ടുപോയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

Advertisment