Advertisment

വീടുവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ വെടിവെപ്പ് കേസിലെ പ്രതിയായ പതിനഞ്ചുകാരന്റെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു; മകന്റെ പെരുമാറ്റ വൈകല്യത്തിന് മാതാപിതാക്കളുടെ പേരിലും കേസെടുത്ത് പോലീസ്

New Update

publive-image

Advertisment

വീടുവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച, ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ വെടിവെപ്പ് കേസിലെ പ്രതിയായ പതിനഞ്ചുകാരന്റെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയ പ്രതി ഏഥന്‍ ക്രംബിയുടെ മാതാപിതാക്കളായ ജെന്നിഫറും ജെയിംസ് ക്രംബ്ലിയുമാണ് വീട് വിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ഏഥാന്‍ ക്രംബ്ലി നടത്തിയ മാരകമായ ആക്രമണവുമായി ബന്ധപ്പെട്ട് ഓക്ക്ലാന്‍ഡ് കൗണ്ടി പ്രോസിക്യൂട്ടര്‍മാര്‍ മാതാപിതാക്കള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ജെന്നിഫറും ജെയിംസ് ക്രംബ്ലിയും വീടുവിട്ട് ഒളിച്ചോടിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ ഇരുവരും പിടിയിലായി.

ഇരുവരെയും പിടികൂടുന്നതിന് മുന്‍പ് അവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദമ്പതികളുടെ എസ്യുവി പുലര്‍ച്ചെ രണ്ട് മണിക്ക് മുമ്പ് അവരുടെ ഓക്സ്ഫോര്‍ഡ് വീട്ടില്‍ നിന്ന് 50 മൈല്‍ അകലെയുള്ള മോട്ടോര്‍ സിറ്റിയില്‍ കണ്ടെത്തിയത്. വാഹനം പാര്‍ക്ക് ചെയ്തിരുന്നതിന് തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

publive-image

കെട്ടിടത്തിന്റെ ഉടമയാണ് പോലീസിനെ വിളിച്ച് വിവരമറിയിച്ചത്. ഇരുവരെയും കാണാതായതിന് പിന്നാലെ പോലീസ് വാണ്ടഡ് നോട്ടീസ് പുറപ്പെടുവിക്കുകയും ഇരുവരെയും കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇവര്‍ ആയുധധാരികളായിരിക്കാമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പോലീസിന്റെ വാണ്ടഡ് നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട കെട്ടിട ഉടമ ഇവരെ തിരിച്ചറിയുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

ഇരുവരും കസ്റ്റഡിയിലാണെന്നും ഉടന്‍ തന്നെ ഓക്ലാന്‍ഡ് കൗണ്ടി ജയിലിലേക്ക് മാറ്റുമെന്നും ഓക്ലാന്‍ഡ് കൗണ്ടി അണ്ടര്‍ഷെറിഫ് മൈക്ക് മക്കേബ് പറഞ്ഞു. ഏഥന്റെ സ്‌കൂളിലെ മോശം പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അവനെ തിരുത്താന്‍ ശ്രമിക്കാതിരുന്നതിനും തോക്ക് വാങ്ങി നല്‍കിയതിനുമാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം ജെന്നിഫറും ജെയിംസ് ക്രംബ്ലിയും തങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് നഗരം വിട്ടതെന്നും നിയമപാലകരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരിക്കലും ശ്രമിക്കുന്നില്ലെന്നും അവരുടെ അഭിഭാഷകര്‍ വാദിച്ചു. നാല് ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാത്ത വകുപ്പിലാണ് പതിനഞ്ചുകാരനായ പ്രതി ഏഥാനെ തടവിലാക്കിയിരിക്കുന്നത്.

Advertisment