Advertisment

ന്യൂയോര്‍ക്ക് നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ വിഷു ആഘോഷിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂയോർക്ക്: നായർ ബനവലന്റ് അസ്സോസിയേഷൻ രണ്ട് വര്‍ഷത്തെ കോവിഡ്-19 എന്ന പകര്‍ച്ചവ്യാധി വരുത്തിയ ഇടവേളയ്ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഏപ്രിൽ 17 ഞായറാഴ്ച രാവിലെ 11 മണി മുതൽ വിഷുക്കണിയോടുകൂടി വിഷു ആഘോഷിച്ചു.

എൻ.ബി.എ. യുടെ ന്യൂയോർക്കിലുള്ള സ്വന്തം ആസ്ഥാന മന്ദിരത്തിലുള്ള ശ്രീകോവിലിൽ ഒരുക്കിയ ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ മുന്നിലെ കണി അതിവിശിഷ്ടവും മനോഹരവുമായിരുന്നു.

publive-image

സുധാകരൻ പിള്ളയുടെ കണിയൊരുക്കുന്നതിലെ മികവാണ് വിഷുക്കണി ഇത്രയും നയനാനന്ദകരമാക്കിയത്. കണി കണ്ടവരേവരും സുധാകരൻ പിള്ളയുടെ കഴിവിനെ മുക്തകണ്ഠം പ്രശംസിച്ചു.

രാധാമണി നായരുടെ 'കണികാണും നേരം' എന്ന ഗാനാലാപനത്തോടെ നട തുറന്നപ്പോൾ സാക്ഷാൽ ശ്രീഗുരുവായൂരപ്പനെ കണികാണുന്ന പ്രതീതി ഉളവായി. ആദ്യകാല പ്രവർത്തകയും മുതിര്‍ന്ന അംഗവുമായ രാജമ്മ രാജൻ എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി.

publive-image

തുടർന്ന് ജനറൽ സെക്രട്ടറി ഗോപിനാഥക്കുറുപ്പ് അന്നേ ദിവസത്തെ പരിപാടികൾ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. പ്രസിഡന്റ് രാംദാസ് കൊച്ചുപറമ്പിൽ സ്വാഗതം ആശംസിക്കുകയും വളരെക്കാലത്തിന് ശേഷം നമ്മുടെ സെന്ററിൽ ഒത്തുകൂടാനും എല്ലാവരെയും കാണാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞു. ട്രസ്റ്റീ ചെയർമാൻ കുന്നപ്പള്ളിൽ രാജഗോപാൽ ആശംസകൾ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

publive-image

വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ പ്രസിഡന്റും, നായർ ബനവലന്റ് അസോസിയേഷൻ ആരംഭിച്ച കാലം മുതൽ സജീവമായി പ്രവർത്തിക്കുന്ന മുൻ പ്രസിഡന്റ് കൂടിയായ പാർഥസാരഥി പിള്ള വിഷു സന്ദേശം നല്‍കി.

പൂന്താനം രചിച്ച ജ്ഞാനപ്പാനയിലെ പ്രധാനപ്പെട്ട പദ്യങ്ങൾ എൻ.ബി.എ വനിതാ ഫോറത്തിലെ പതിനഞ്ചു പേര്‍ ചേര്‍ന്ന് ഭക്തിസാന്ദ്രമായി ആലപിച്ചത് അതീവ ഹൃദ്യമായി. അതിന് നേതൃത്വം കൊടുത്തത് വനിതാ ഫോറം അംഗങ്ങളായ രാധാമണി നായർ, വനജ നായർ, ലതിക നായർ എന്നിവരായിരുന്നു.

publive-image

കുന്നപ്പള്ളിൽ രാജഗോപാൽ ആലപിച്ച ഒ.എൻ.വി രചിച്ച കവിത, രാംദാസ് കൊച്ചുപറമ്പിലിന്റെ ഗാനം, രേവതി നായരുടെ ശാസ്ത്രീയ ഗാനാലാപം എന്നിവ വിഷു ആഘോഷങ്ങൾക്ക് മിഴിവേകി.

എൻ.ബി.എ അംഗവും കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ട്രഷററുമായ ബാഹുലേയൻ രാഘവൻ വിഷു ആശംസകൾ നേർന്നുകൊണ്ട് കെ.എച്ച്.എൻ.എ. യുടെ "അമ്മക്കൈനീട്ടം" എന്ന പദ്ധതിയെപ്പറ്റി വിശദീകരിച്ചു.

നാട്ടിലുള്ള നിർധനരായ, അറുപത്തിയഞ്ച് വയസ്സിനു മുകളിലുള്ള ആയിരം അമ്മമാർക്ക് എല്ലാ മാസവും ആയിരം രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുന്ന പരിപാടി വിഷുവിന് ആരംഭം കുറിച്ചു.

publive-image

ഒരമ്മയെ സ്പോൺസർ ചെയ്യാൻ 160 ഡോളർ മതിയാകും. നാട്ടിൽ നമുക്കറിയാവുന്ന നിർധനരായ അമ്മമാരുടെ വിവരങ്ങൾ, ആധാർ കാർഡ്, ബാങ്ക് വിവരങ്ങൾ ഉൾപ്പടെ ZELLE PAYMENT വഴി കെ.എച്ച്.എൻ.എ. ക്കു കൊടുക്കണം. (ZELLE PAYMENT Please use this email Amma kaineetam $ 160.00 per person for one year accts 2023khna@gmail.com).

എൻ.ബി.എ. യുടെ വൈസ് പ്രസിഡന്റ് ശശി പിള്ള നന്ദി പ്രകാശനം നടത്തി. തുടർന്ന് സ്വഭവനങ്ങളിൽ പാകം ചെയ്തു കൊണ്ടുവന്ന സ്വാദിഷ്ടമായ വിഷുസദ്യയോടെ മൂന്നു മണിക്ക് വിഷു ആഘോഷങ്ങൾ സമാപിച്ചു. ഫുഡ് കമ്മിറ്റി അംഗങ്ങളായ വനജ നായർ, രാധാമണി നായർ, ലതിക നായർ എന്നിവരുടെ നേതൃത്വത്തിലുളള വിപുലമായ ഒരു ടീം ആണ് സദ്യക്കുള്ള ഒരുക്കങ്ങൾ നടത്തി വിജയിപ്പിച്ചത്.

ഏപ്രിൽ 24 ഞായറാഴ്ച എൻ.ബി.എ. സെന്ററിൽ വച്ച് 11 മണിക്ക് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ അംഗങ്ങളെല്ലാം കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് ജനറൽ സെക്രട്ടറി ഗോപിനാഥ് കുറുപ്പ് അറിയിച്ചു. അന്നേ ദിവസം അടുത്ത വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.

 

Advertisment