Advertisment

മൊസാംബിക്കില്‍ വൈല്‍ഡ് പോളിയോ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിക്കുന്നത് 30 വര്‍ഷത്തിനു ശേഷം! എന്താണ് വൈല്‍ഡ് പോളിയോ? എങ്ങനെ ഇത് പടരുന്നു? വിശദാംശങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായി മൊസാംബിക്കില്‍ വൈല്‍ഡ് പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്ക് ബാധിക്കുന്ന ഈ രോഗം 1992ന് ശേഷം ആദ്യമായാണ് മൊസാംബിക്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഈ വര്‍ഷം ആദ്യം മലാവിയിലും വൈല്‍ഡ് പോളിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത് വളരെ ആശങ്കാജനകമാണെന്നും, വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജിയണൽ ഡയറക്ടർ ഡോ മത്ഷിഡിസോ മൊയ്തി പറഞ്ഞു. 2020-ൽ ആഫ്രിക്കയെ തദ്ദേശീയ വൈൽഡ് പോളിയോ വിമുക്തമായി പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ മൊസാംബിക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പോളിയോ വൈറസ് ടൈപ്പ് 1 കേസാണ്. പോളിയോ നിര്‍മ്മാര്‍ജ്ജനം ആഗോളതലത്തില്‍ വിജയകരമായി നടപ്പിലാകുന്നുണ്ടെങ്കിലും, അഫ്ഗാനിസ്ഥാനിലും, പാകിസ്ഥാനിലും ഇത് ഇപ്പോഴും കാണപ്പെടുന്നുണ്ടെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊസാംബിക്കിലെ വടക്ക്-കിഴക്കന്‍ ടെറ്റെ പ്രവിശ്യയിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ കുട്ടിക്ക് മാര്‍ച്ച് അവസാനത്തോടെ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിരുന്നു. 2019ല്‍ പാകിസ്ഥാനിലും, ഈ വര്‍ഷം ആദ്യം മലാവിയിലും കണ്ടെത്തിയ സ്‌ട്രെയിന്‍ തന്നെയാണ് മൊസാംബിക്കിലും കണ്ടെത്തിയതെന്ന് ജീനോമിക് സീക്വന്‍സിംഗ് പരിശോധനയില്‍ കണ്ടെത്തി.

എന്താണ് പോളിയോ?

പോളിയോ (പോളിയോമൈലിറ്റിസ്) സാംക്രമിക രോഗമാണ്. മലിനമായ ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ കുടലിലെത്തുന്ന വൈറസ്, അവിടെ നിന്ന് നാഡീവ്യൂഹത്തിലെത്തിയാണ് രോഗം ബാധിക്കുന്നത്. രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്യത്തില്‍ ഈ വൈറസ് കൂടുതലായും കണ്ടുവരുന്നു. അതുകൊണ്ട് തന്നെ, രോഗം ബാധിച്ച ആളുകൾ മലമൂത്ര വിസർജ്ജനത്തിന് ശേഷം കൈകൾ നന്നായി കഴുകാത്തപ്പോൾ അത് മറ്റുള്ളവരിലേക്ക് പകരാമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു.

വൈറസ് കുട്ടികളില്‍ ചിലപ്പോള്‍ മാരകമായേക്കാം. പക്ഷാഘാതത്തിനും കാരണമാകും. കാര്യമായ ചികിത്സയും ഇതിന് ലഭ്യമല്ല. വാക്‌സിനേഷനിലൂടെയാണ് ഈ രോഗത്തെ ലോകം തടഞ്ഞുനിര്‍ത്തുന്നത്. കുടലില്‍ പെരുകുന്ന വൈറസ് നാഡിവ്യൂഹത്തെ തളര്‍ത്തുന്നതാണ് പക്ഷാഘാതത്തിന് കാരണമാകുന്നത്.

ലക്ഷണങ്ങൾ

പോളിയോ വൈറസ് ബാധിച്ച മിക്ക ആളുകൾക്കും (ഏകദേശം 100 ൽ 72 പേർ) ആദ്യം പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. നാലില്‍ ഒരാള്‍ക്ക് തൊണ്ടവേദന, പനി, ക്ഷീണം, ഓക്കാനം, തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണയായി രണ്ട് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുകയും പിന്നീട് മാറുകയും ചെയ്യും. വളരെ ചുരുങ്ങിയ പേര്‍ക്ക് തലച്ചോറിനെ ബാധിക്കുന്ന തരത്തില്‍ ഗുരുതര ലക്ഷണങ്ങള്‍ കണ്ടേക്കാം.

പരെസ്തേഷ്യ

പോളിയോ വൈറസ് ബാധിച്ച 25 പേരിൽ ഒരാൾക്ക് മെനിഞ്ചൈറ്റിസ് ഉണ്ടാകാറുണ്ട്. കൈകളിലോ, കാലുകളിലോ ബലഹീനത 200ല്‍ ഒരാള്‍ക്ക് സംഭവിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. പക്ഷാഘാതം പോളിയോയുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ ലക്ഷണമാണ്, കാരണം ഇത് സ്ഥിരമായ വൈകല്യത്തിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.

രോഗവ്യാപനം

പോളിയോ വൈറസ് സാംക്രമികമാണ്. ഇത് വ്യക്തിയിൽ നിന്ന് വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്. രോഗബാധിതനായ വ്യക്തിയുടെ തൊണ്ടയിലും കുടലിലും ഈ വൈറസ് കണ്ടുവരുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്ജ്യത്തിലൂടെയോ, അല്ലെങ്കില്‍ ആ വ്യക്തി ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴുമുണ്ടാകുന്ന തുള്ളികളിലൂടെയോ രോഗം പടരാം (ഇത് വളരെ അപൂര്‍വമാണ്).

പ്രതിരോധവും ചികിത്സയും

പോളിയോ വാക്‌സിന്‍ തന്നെയാണ് ഈ രോഗം വരാതിരിക്കാനുള്ള ശക്തമായ പ്രതിവിധി. പോളിയോ തടയാൻ കഴിയുന്ന രണ്ട് തരം വാക്സിനുകൾ ഉണ്ട്:

  1. ഇനാക്ടിവേറ്റഡ് പോളിയോ വൈറസ് വാക്‌സിന്‍ (ഐപിവി): ഇത് രോഗിയുടെ പ്രായം അനുസരിച്ച് കാലിലോ കൈയിലോ കുത്തിവയ്പ്പായി നൽകുന്നു.

2. ഓറൽ പോളിയോ വൈറസ് വാക്സിൻ (ഒപിവി): ഇത് ഇപ്പോഴും ലോകമെമ്പാടും ഉപയോഗിക്കുന്നു.

ഇന്ത്യയിലെ പോളിയോ കേസുകൾ

2014ലാണ് രാജ്യം പോളിയോ വിമുക്തമായി പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ മൂന്ന് വര്‍ഷവും ഒരു കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലായിരുന്നു 2014ല്‍ ഈ പ്രഖ്യാപനം. 2011 ജനുവരി 13നാണ് അവസാന കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2012 ഫെബ്രുവരി 24-ന് ലോകാരോഗ്യ സംഘടന, സജീവമായ എൻഡമിക് വൈൽഡ് പോളിയോ വൈറസ് പകരുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്തു.

Advertisment