/sathyam/media/post_attachments/bwIFz9rtTBsVFana4MJQ.jpg)
സൽമാൻ റുഷ്‌ദി വെന്റിലേറ്ററിലാണ്. സംസാരിക്കാൻ കഴിയുന്നില്ല. ഒരു കണ്ണ് നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുന്നു. കഴുത്തിലും നെഞ്ചിലും വയറിലും കുത്തേറ്റിട്ടുണ്ട്. ഇതെല്ലം ഗുരുതരവുമാണ്. കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയായിരുന്നു അക്രമി സൽമാൻ റുഷ്‌ദിയെ തുരുതുരെ കുത്തിയതെന്ന് വ്യക്തം. രണ്ടുതവണ കുത്തേറ്റു എന്നും പലതവണ കുത്തേറ്റിട്ടുണ്ട് എന്നുമുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഹാദി മത്തർ (Hadi Matar)എന്ന 24 കാരനാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പോലീസ് അറിയിച്ചു. ലക്ഷ്യം അയാൾ വ്യക്തമാക്കിയിട്ടില്ല. ന്യൂ ജഴ്‌സിയിലെ ഫെയർവ്യൂ വിൽ താമസക്കാരനാണ്.
75 കാരനായ വിവാദ എഴുത്തുകാരൻ സൽമാൻ റുഷ്‌ദി ന്യൂയോർക്കിലുള്ള ഷുറ്റോക്വ (Chautauqua) യിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് കറുത്ത മാസ്ക്ക് ധരിച്ച അക്രമി സ്റ്റേജിലേക്ക് കുതിച്ചുപാഞ്ഞുചെന്നതും കത്തിക്കുത്തു നടത്തിയതും. കുത്തേറ്റ റുഷ്‌ദി 5 മിനിറ്റ് തറയിൽത്തന്നെ വീണുകിടന്നു. പരിപാടിയിൽ ശ്രോതാക്കളായി എത്തിയ പതിനഞ്ചോളം പേർ ചേർന്നാണ് അക്രമിയെ കീഴ്‌പെടുത്തിയതും പിന്നീട് പൊലീസിന് കൈമാറിയതും.
ജീവനു ഭീഷണിയുള്ളതുമൂലം ജന്മനാടുവിട്ട് പ്രവാസജീവിതം നയിക്കേണ്ടിവരുന്ന എഴുത്തുകാരെ സഹായിക്കാനായി ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഓർഗനൈസേഷന്റെ കോ ഫൗണ്ടറായ ഹെന്‍റി റീസ് അക്രമം നടന്ന സമയത്ത് റുഷ്‌ദിയുടെ ഇന്റർവ്യൂ എടുക്കുകയായിരുന്നു. ഹെന്‍റി റീസിനും തലയ്ക്കു പരുക്കേറ്റിട്ടുണ്ടെങ്കിലും അത് ഗരുതരമല്ല.
/sathyam/media/post_attachments/ci5oxZtr7GQKQXHIj3zy.jpg)
ആക്രമണശേഷം ശ്രോതാക്കൾക്കിടയിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ റുഷ്‌ദിക്ക് പ്രാഥമിക ശിശ്രൂഷ നൽകിയിരുന്നു. തുടർന്ന് അദ്ദേഹത്തെ ഹെലികോപ്റ്ററിൽ ആശുപതിയിലേക്ക് കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട ശാസ്ത്രക്രിയക്കുശേഷം അദ്ദേഹമിപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്.
1947 ൽ മുംബൈയിൽ ജനിച്ച സൽമാൻ റുഷ്‌ദി, ജീവന് ഭീഷണി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ 30 വർഷമായി ബ്രിട്ടനിൽ പ്രവാസജീവിതത്തിലാണ്. റുഷ്‌ദിയെ വധിക്കാൻ ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള ഖൊമേനി പുറപ്പെടുവിച്ച ഫത്‌വ മൂലം 9 വർഷക്കാലം അദ്ദേഹം അതീവ സുരക്ഷയിൽ ബ്രിട്ടനിൽ ഒളിവിൽ കഴിഞ്ഞിരുന്നു.
1988 ൽ റുഷ്‌ദി പ്രസിദ്ധീകരിച്ച സാറ്റാനിക് വേഴ്സസ് എന്ന നാലാമത്തെ പുസ്തകം ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികളുടെ കടുത്ത എതിർപ്പിനും പ്രക്ഷോഭങ്ങൾക്കും ഇടയായി. ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ ലോകമെമ്പാടുമായി 59 പേരാണ് മരണപ്പെട്ടത്. അന്നുമുതൽ റുഷ്‌ദിക്ക് ഉയർന്ന സുരക്ഷാ സംവിധാനമാണ് എല്ലാ രാജ്യങ്ങളിലും ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ന്യൂ യോർക്കിൽ ഈ സുരക്ഷയ്ക്ക് എന്തുപറ്റി എന്ന ചോദ്യവും ഉയരുന്നുണ്ട്.
അദ്ദേഹത്തിൻ്റെ മിഡ്നൈറ്റ് ചില്‍ഡ്രണ്‍ (Midnight Children) എന്ന നോവലിന് 5 ബുക്കർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ഇതിന്റെ 10 ലക്ഷം കോപ്പികളാണ് ബ്രിട്ടനിൽ മാത്രം വിറ്റത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സൽമാൻ റുഷ്‌ദിയുടെ ആരോഗ്യനില തൃപതികരമല്ലെന്നും സ്ഥിതി ആശങ്കാജനകമായെന്നുമാണ് അറിയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us