/sathyam/media/post_attachments/MWxccsq5cUPvzTageaGd.jpg)
വളരെ ചർച്ചയായ ഒരു ചിത്രമാണ് ഇത്. ഇക്കഴിഞ്ഞ നവംബർ 28 ന് പാക്കിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹീന റബ്ബാനി ഖാർ താലിബാൻ നേതൃത്വവുമായുള്ള ചർച്ചകൾക്കായി കാബൂളിൽ എത്തിയപ്പോൾ അഫ്‌ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി അവരെ സ്വീകരിക്കുന്നതാണ് ചിത്രം.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ മുടിയും മുഖവും കഴുത്തുമുൾപ്പെടെ മറയ്ക്കണമെന്ന നിയമം താലിബാൻ കർശനമാക്കിയിരിക്കുന്നതു കൂടാതെ സ്ത്രീകൾക്ക് മൊബൈൽ സിം കാർഡ് വാങ്ങാൻ പോലും അനുമതി നിഷേധിച്ചിരിക്കുകയാണ്.
സ്ത്രീകൾക്ക് വിദ്യാഭ്യാസവും ഇതുവരെ അനുവദിച്ചിട്ടില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ നിരന്തര ആവശ്യം കൂടിയാണിത്. ഈയവസരത്തിൽ ഹീന റബ്ബാനിയുടെ സന്ദർശനം ഏറെ പ്രസക്തമാണ്.
ഇപ്പോൾ പാക്കിസ്ഥാനും താലിബാനും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുകയാണ്. അഫ്ഗാൻ - പാക്ക് അതിർത്തിയിൽ തുടരെയുള്ള വെടിവയ്പ്പിൽ നിരവധി പാകിസ്ഥാൻ സൈനികർ അടുത്തിടെ കൊല്ലപ്പെടുകയുണ്ടായി.
പാക്കിസ്ഥാനിലെ താലിബാൻ (Tehreek-e-Taliban-e-Pakistan - TTP) അഫ്‌ഗാൻ താലിബാന്റെ ബി ടീമാണ്. അവർ പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചത് പാക്കിസ്ഥാൻ സർക്കാരിന് വലിയ ഭീഷണിയായിരിക്കുകയാണ്.
കഴിഞ്ഞവർഷം മാത്രം സൈനികരുൾപ്പെടെ 6000 പേരെയാണ് പാക്ക് താലിബാൻ കൊലപ്പെടുത്തിയത്. അമ്പരപ്പിക്കുന്ന കണക്കാണിത്.
ഇതുകൂടാതെ താലിബാൻ ഇന്ത്യയുമായി അടുപ്പം കാട്ടുന്നത് പാക്കിസ്ഥാനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്ത്യ അഫ്ഗാനിൽ തുടങ്ങിവച്ച 20 പ്രോജക്ടുകൾ തുടരാൻ താലിബാൻ നേതൃത്വം ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ്. അഫ്‌ഗാൻ യുവാക്കൾക്ക് തൊഴിൽ നൽകുക എന്നത് അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
ഈ വിഷയങ്ങളെപ്പറ്റിയൊക്കെയുള്ള വിശദമായ ചർച്ചകൾക്കായാണ് ഹീന റബ്ബാനി ഖാർ കാബൂളിലെത്തിയത്. താലിബാൻ നേതൃത്വവുമായി അവർ നടത്തിയ പ്രാഥമിക ചർച്ചകൾ എത്രത്തോളം വിജയിച്ചു എന്നത് വരും നാളുകളിൽ വിലയിരുത്തപ്പെടേണ്ടതാണ്..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us