Advertisment

ഒരു ദിവസം രോഗം ബാധിച്ചത് 3.7 കോടി ആളുകള്‍ക്ക് ? കൊവിഡില്‍ തളര്‍ന്ന് ചൈന ! ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്‌

New Update

publive-image

Advertisment

ബീജിംഗ്‌: ചൈനയിലെ ഏകദേശം 3.7 കോടി ആളുകള്‍ക്ക് ഈ ആഴ്ചയിലെ ഒരു ദിവസം കൊവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉന്നത ആരോഗ്യ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് വ്യാപനത്തെ സംബന്ധിച്ചുള്ള കണക്കുകളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.

ഡിസംബറിലെ ആദ്യ 20 ദിവസങ്ങളിൽ 248 മില്യണ്‍ ആളുകൾക്ക്, അല്ലെങ്കിൽ ജനസംഖ്യയുടെ ഏകദേശം 18 ശതമാനം ആളുകൾക്ക് വൈറസ് ബാധിച്ചിരിക്കാമെന്ന് ബുധനാഴ്ച നടന്ന ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ ആഭ്യന്തര യോഗത്തിൽ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. ഈ കണക്കുകള്‍ കൃത്യമെങ്കില്‍, ചൈനയിലെ രോഗവ്യാപന നിരക്ക് പുതിയ റെക്കോഡിലെത്തും. 2022 ജനുവരിയില്‍ ഉണ്ടായിരുന്ന 40 മില്യണ്‍ പ്രതിദിന കണക്കുകളായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന റെക്കോര്‍ഡ്.

കൊവിഡ് നിയന്ത്രണങ്ങള്‍ ചൈന പൊടുന്നനെ പിന്‍വലിച്ചതാണ് നിലവിലെ രോഗവ്യാപനത്തിന് കാരണം. ഇതോടെ സ്വഭാവിക പ്രതിരോധ ശേഷി കുറഞ്ഞ ജനതയില്‍ വൈറസ് വകഭേദം അതിവേഗം വ്യാപിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഏജൻസിയുടെ കണക്കുകൾ പ്രകാരം ചൈനയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സിചുവാൻ പ്രവിശ്യയിലെയും തലസ്ഥാനമായ ബീജിംഗിലെയും പകുതിയിലധികം നിവാസികളും രോഗബാധിതരാണ്.

ചൈനയില്‍ ഈ മാസം ആദ്യം പിസിആര്‍ ടെസ്റ്റിംഗ് ബൂത്തുകളുടെ വലിയ ശൃംഖല അടച്ചുപൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ, ചൈനീസ് ഹെല്‍ത്ത് റെഗുലേറ്റര്‍ എങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ കൊണ്ടുവന്നതെന്ന് വ്യക്തമല്ല. ലബോറട്ടറി പരിശോധനകൾ കേന്ദ്രീകൃതമായി ശേഖരിക്കാത്ത ഫലങ്ങൾ ഉപയോഗിച്ച് ഹോം ടെസ്റ്റിംഗ് വഴി മാറ്റിയിരുന്നതിനാല്‍ മഹാമാരി പടര്‍ന്നു പിടിച്ച സമയത്ത് കൃത്യമായ കണക്കുകള്‍ കണ്ടെത്താന്‍ മറ്റ് രാജ്യങ്ങളും ബുദ്ധിമുട്ടിയിരുന്നു. ഇതുസംബന്ധിച്ച് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനോട് ബ്ലൂംബെര്‍ഗ് ന്യൂസ് പ്രതികരണം ആരാഞ്ഞെങ്കിലും, അവര്‍ മറുപടി നല്‍കിയില്ല. കമ്മീഷൻ പുതുതായി സ്ഥാപിതമായ നാഷണൽ ഡിസീസ് കൺട്രോൾ ബ്യൂറോയും പ്രതികരിച്ചില്ല.

രോഗബാധ സ്ഥിരീകരിക്കാന്‍ ചൈനയിലെ ആളുകള്‍ ഇപ്പോള്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളാണ് ഉപയോഗിക്കുന്നത്. ലക്ഷണമില്ലാത്ത കേസുകളുടെ പ്രതിദിന എണ്ണം പ്രസിദ്ധീകരിക്കുന്നത് സർക്കാർ നിർത്തിവച്ചു. മിക്ക നഗരങ്ങളിലും ഡിസംബർ പകുതി മുതൽ ജനുവരി അവസാനം വരെ ചൈനയുടെ നിലവിലെ തരംഗം ഉയർന്നുവരുമെന്ന്‌ ഡാറ്റാ കൺസൾട്ടൻസി മെട്രോഡാറ്റടെക്കിലെ ചീഫ് ഇക്കണോമിസ്റ്റ് ചെൻ ക്വിൻ പ്രവചിക്കുന്നു.

അതേസമയം, എത്ര പേർ മരിച്ചുവെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡ്-ഇൻഡ്യൂസ്ഡ് ന്യൂമോണിയ ബാധിച്ച് മരിക്കുന്നവരെ മാത്രമേ മരണനിരക്ക് സ്ഥിതിവിവരക്കണക്കുകളിൽ ഉൾപ്പെടുത്താവൂ എന്ന് കമ്മീഷന്‍ മേധാവി മാ സിയാവോ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ഗ്രാമീണ പ്രദേശങ്ങളിലേക്കും ഇപ്പോള്‍ രോഗവ്യാപനം കൂടുകയാണ്. ആവശ്യത്തിന് മെഡിക്കല്‍ സൗകര്യമില്ലാത്തതാണ് ഇവിടുത്തെ പ്രതിസന്ധി. അതുകൊണ്ട് തന്നെ അധികൃതര്‍ ഇത്തരം പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment