follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ടിബറ്റില്‍ നിന്ന് നേപ്പാള്‍ അതിര്‍ത്തി വരെ നീളുന്ന നാലുവരി ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുത്തു; സൈനികാവശ്യത്തിനും സജ്ജം ; ദക്ഷിണേഷ്യയിലേക്കുള്ള വാതില്‍ തുറന്ന് ചൈന

ഇന്റര്‍നാഷണല്‍ ഡെസ്‌ക്‌ » Posted : 19/09/2017

ബെയ്ജിങ്: ദക്ഷിണേഷ്യയിലേക്ക് നാലുവരിപ്പാത തുറന്നുകൊടുത്ത് ചൈന. ടിബറ്റില്‍ നിന്ന് നേപ്പാള്‍ അതിര്‍ത്തി വരെ നീളുന്നതാണ് ഈ തന്ത്രപ്രധാനമായ ഹൈവേ. ദക്ഷിണേഷ്യയിലേക്കുള്ള വാതില്‍ എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പുതിയ പാതയെ വിശേഷിപ്പിച്ചത്. ഡോക് ലാം സംഘർഷത്തിനു പിന്നാലെയാണ് ചൈന ഹൈവേ തുറന്നു കൊടുക്കുന്നത്.

സൈനിക വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനും സൈനിക വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനും കഴിയുന്ന പാതയുടെ വീതി 25 മീറ്ററാണ്. ഷിഗാസെ നഗരത്തില്‍ നിന്ന് ഷിഗാസെ വിമാനത്താവളത്തിലേക്കുള്ള 40 കിലോമീറ്ററാണ് ദൂരം. ഒരു മണിക്കൂറായിരുന്ന യാത്രാസമയം അര മണിക്കൂറായി കുറയ്ക്കാന്‍ പുതിയ പാത സഹായിക്കും.



സൈനികാവശ്യങ്ങള്‍ക്കും ഷിഗാസെ വിമാനത്താവളം ഉപയോഗിക്കുന്നതിനാല്‍ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്ക് പുതിയ പാത സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഷിഗാസെ-ലാസ റെയില്‍പാതയ്ക്ക് സമാന്തരമാണ് ഈ ഹൈവേ. ചൈനയിലെ ഷാങ്ഹായില്‍ നിന്നു ടിബറ്റിലെ ലാസ വഴി നേപ്പാള്‍ അതിര്‍ത്തിപ്രദേശമായ സംഗമുവിലേക്കു നീളുന്ന ജി 319 ദേശീയപാതയുമായി ഹൈവേ ചേരുന്നുണ്ട്.

ടിബറ്റില്‍ നിന്നു നേപ്പാള്‍ അതിര്‍ത്തിയിലേക്കു ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ചൈന ശ്രമിച്ചു വരികയാണ്. ഷിഗാസെയില്‍ നിന്നുള്ള ജി 318 ദേശീയ പാതയുടെ ഒരു ഭാഗം അരുണാചല്‍പ്രദേശ് അതിര്‍ത്തിക്കു സമീപമുള്ള ടിബറ്റന്‍ നഗരമായ നിഗ്ചിയെ ബന്ധിപ്പിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ, ടിബറ്റിലെ ഹൈവേകളുടെ നിലവാരം ഗണ്യമായി വര്‍ധിച്ചതായി ചൈനീസ് മാധ്യമമായ സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2011ല്‍ 19,000 കിലോമീറ്റര്‍ മാത്രമായിരുന്നു ടിബറ്റിലെ ഹൈവേകള്‍. 2016 ആയപ്പോള്‍ 80,000 കിലോമീറ്റര്‍ ആയി വര്‍ധിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+