follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ട്രംപിന് മുന്നറിയിപ്പ് നൽകാൻ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ ;. പസഫിക് സമുദ്രത്തിൽ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കും

ഇന്റര്‍നാഷണല്‍ ഡെസ്‌ക്‌ » Posted : 22/09/2017

സോൾ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകാൻ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ. പസഫിക് സമുദ്രത്തിൽ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയയുടെ പദ്ധതി.



ഉത്തര കൊറിയയെ പൂർണമായും നശിപ്പിച്ചു കളയുമെന്നു ട്രംപ് ഭീഷണി മുഴക്കിയതിന് മറുപടിയായാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാൻ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രി റി യോങ് ഹോ വെളിപ്പെടുത്തിയത്. ‘അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഞങ്ങളുടെ നേതാവാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും റി യോങ് ഹോ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതലൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യമാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച് ഉത്തര കൊറിയ ലോകത്തെ ഞെട്ടിച്ചത്. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ബോംബർ വിമാനങ്ങൾ വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിന്റെ എട്ടിരട്ടി സംഹാരശേഷിയുള്ളതായിരുന്നു ഇതെന്നാണ് നിഗമനം. വിവിധ ഭൂചലനമാപിനികളിൽ 6.3 തീവ്രതയാണ് സ്ഫോടനം രേഖപ്പെടുത്തിയത്.

ഉത്തരകൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമായിരുന്നു അത്. ഇതുവരെ നടത്തിയതിൽ ഏറ്റവും ശക്തവുമാണിത്. ഇതിനേക്കാൾ വലിയ അണുബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയയുടെ നീക്കമെന്നാണ് മന്ത്രി നൽകുന്ന സൂചന.

ഉത്തര കൊറിയക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവ് ഇറക്കിയതിനു മണിക്കൂറുകൾക്കകമാണ് പുതിയ വെളിപ്പെടുത്തൽ. ‘ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാ’ണ് ട്രംപ് എന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വിശേഷിപ്പിച്ചിരുന്നു.

‘റോക്കറ്റ് മാനും’ ഉത്തര കൊറിയയും ഭീഷണി തുടർന്നാൽ പൂർണമായി നശിപ്പിച്ചു കളയുമെന്ന് യുഎൻ പൊതുസഭയിലെ കന്നിപ്രസംഗത്തിലാണ് ട്രംപ് തുറന്നടിച്ചത്. തുടർച്ചയായ ആണവ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരകൊറിയക്കുമേൽ യുഎൻ രക്ഷാസമിതി കടുത്ത ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+