Advertisment

മൊയ്തുക്ക മടങ്ങി, നാല് ദശാബ്ദങ്ങൾ പിന്നിട്ട പ്രവാസം മതിയാക്കി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ജിദ്ദ: റിയാദിലും ജിദ്ദയിലുമായി ചിലവഴിച്ച നാലര ദശാബ്ദക്കാലത്തെ പ്രവാസാനുഭവ സമ്പത്തുമായി റിയാദിലെ ഷിഫ ജസീറ മെഡിക്കൽ ഗ്രൂപ്പ് ജീവനക്കാരൻ മൊയ്തുക്ക നാട്ടിലേയ്ക്ക് മടങ്ങി. ജോലി തേടി സൗദിയിൽ മലയാളികൾ എത്തിത്തുടങ്ങുമ്പോൾ കാലുകുത്തിയതാണ് മലപ്പുറം ജില്ലയിലെ ഈസ്റ്റ് കോഡൂർ സ്വദേശിയായ കെ ടി മൊയ്തു എന്ന മൊയ്തുക്ക.

ഏതാണ്ട് നാല്പത്തി നാല് വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ, 1977 നവംബർ 11 നാണ് മുംബൈ വഴി മൊയ്തുക്ക സൗദിയിലെത്തുന്നത്. ആദ്യ ആഗമനം ഉംറ വിസയിൽ ഏതാനും സുഹൃത്തുക്കൾക്കൊപ്പം ജിദ്ദയിൽ. ഇന്നത്തെ പോലെ, കണിശമായ തൊഴിൽ, താമസ നിയമങ്ങളും നിയമലംഘനങ്ങൾ തേടിയുള്ള പരിശോധനകളും ഇല്ലാതിരുന്ന അക്കാലത്ത് ഉംറ വിസയിലെത്തുന്നവർ ജോലിയെടുക്കാൻ തയാറാണെങ്കിൽ സൗദി അധികൃതർ തൊഴിൽ വിസ ഉടൻ തന്നെ അടിച്ചു നൽകുമായിരുന്നു.

അതിനാൽ തന്നെ, വലിയ സംഖ്യ മുടക്കി തൊഴിൽ വിസ നേടി സൗദിയിലെത്തുന്ന മലയാളികൾ നന്നേ വിരളമായിരുന്നു അക്കാലത്ത്. സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുണ്ടായിരുന്ന മൊയ്തുക്കാക്കു ഏറെ വൈകാതെ ജിദ്ദ നഗരസഭ (ബലദിയ്യ) യിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി കിട്ടി. 12 വർഷം ജിദ്ദാ ബലദിയ്യയിൽ തന്നെ ജോലി ചെയ്‌തുകൂടി മൊയ്തുക്ക.

പിന്നീട് അവിടെ നിന്ന് പിരിഞ്ഞ ശേഷം ജിദ്ദയിലെ തന്നെ ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പിലെ ക്ലിനിക്കിൽ ജോലിയ്ക്ക് കയറി. തുടർന്ന്, അവരുടെ റിയാദിലെ ശിഫ അൽജസീറ പോളിക്ലിനിക്കിലേയ്ക്ക് സ്ഥലം മാറി. ഒന്നര പതിറ്റാണ്ടിലേറെ ഇതേ സ്ഥാപനത്തിലും ജോലി ചെയ്ത ശേഷമാണ് മൊയ്തുക്ക പ്രവാസം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങിയത്.

റിയാദ് ഷിഫ അൽജസീറ പോളിക്ലിനിക്കിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ മൊയ്തുക്കാക്ക് അഡ്മിനിസ്‌ട്രേഷൻ മാനേജർ നായിഫ് ജാബിർ അൽശംരി ഉപഹാരം നൽകി. ഡോ.രാജശേഖരൻ, ഡോ.അഷ്‌റഫ്, ഡോ.ജോസ്, ഡോ.അസ്‌റാ, അസീസ് കോഡൂർ, ബാവ താനൂർ, മുനീർ കോഡൂർ, ഇ.കെ ശൗക്കത്ത്, ശബീർ, മൻസൂർ, അബ്ബാസ് എന്നിവർ സംസാരിച്ചു.

റിയാദിലെ ഈസ്റ്റ് കോഡൂർ കൂട്ടായ്മയുടെ പ്രസിഡന്റായിരുന്ന മൊയ്തുക്ക സജീവ സാമൂഹ്യ പ്രവർത്തകൻ കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഹജ്ജ് വളണ്ടിയർ ഗ്രൂപ്പുകളും മറ്റു സാമൂഹ്യ, ജീവകാരുണ്യ സംരംഭങ്ങളും പ്രവർത്തിച്ചിരുന്നു.

ഭാര്യ: സക്കീന. മക്കൾ: ഫൈസൽ, ഫാറൂഖ്, ഫവാദ്, ഫായിസ്, മറീന.

NEWS
Advertisment