Advertisment

രണ്ടര ദശാബ്ദങ്ങളായി സ്വദേശവുമായി അകലം പാലിച്ച ബെംഗളൂരു സ്വദേശിയ്ക്ക് പ്രവാസ ദേശത്ത് തന്നെ ആറടിമണ്ണ്

New Update

publive-image

Advertisment

ജിദ്ദ: ഇരുപത്തിയഞ്ച് വർഷത്തോളമായി മുഹമ്മദ് സൈഫുദ്ധീൻ സ്വന്തം നാടായ ബംഗലുരുവിലേയ്ക്ക് പോയിട്ട്. നിയമാനുസൃത താമസ രേഖയില്ലാത്തതിന്റെ പേരിൽ കഴിഞ്ഞ മാസം പിടിയിലാവുകയും ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ എത്തുകയും ചെയ്ത മുഹമ്മദ് സൈഫുദീൻ (51) കഴിഞ്ഞ ദിവസം മരണപ്പെടുകയും ചെയ്യുകയുണ്ടായി.

മൃതദേഹം പ്രവാസ ദേശത്ത് തന്നെ ഖബറടക്കി. പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് തളർന്നു വീഴുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. ജയിലിൽ മരിച്ചതിനാൽ സർക്കാർ ചെലവിൽ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് അറിയിച്ചിട്ടും കൊറോണ കാലമായതിനാൽ നാട്ടിലെ കുടുംബക്കാർ സൗദിയിൽ തന്നെ ഖബറടക്കിയാൽ മതിയെന്നാണ് മറുപടി നൽകിയത്.

ഇതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞു അൽകോബാറിൽ സംസ്കരിച്ചു. അങ്ങിനെ, നാട്ടിൽ പോകുന്നതിൽ രണ്ടു ദശാബ്ദക്കാലം വിമുഖനായ മുഹമ്മദ് സൈഫുദീന് പ്രവാസ ദേശം അനശ്വര ഗേഹമായി. അൽകോബാർ ഇസ്‌കാൻ മസ്ജിദിൽ ളുഹർ നമസ്‌കാരാനന്തരം നടന്ന ജനാസ നമസ്‌രത്തിന് ശേഷം അടുത്തുള്ള തുഖ്ബ ഖബറിടത്തിലായിരുന്നു അടക്കം.

ഗൾഫ് തൊഴിലിൽ ഏറെ പ്രതീക്ഷകൾ വെച്ച് അൽഖോബാറിലെ ഒരു പരസ്യ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായാണ് മുഹമ്മദ് സൈഫുദ്ധീൻ സൗദിയിൽ എത്തിയത്. അതേസമയം, സ്പോൺസറുമായുള്ള ഇടച്ചിലിൽ താമസ രേഖയായ ഇഖാമ കൃത്യസമയത്ത് പുതുക്കാനായില്ല. പിന്നീടങ്ങു ഇഖാമ പുതുക്കാതെ ഒളിച്ചും പാർത്തുമായിരുന്നു താമസം.

അങ്ങിനെ ഒരു മാസം മുമ്പ് നിയമ ലംഘകർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്ന സംഘത്തിന്റെ പിടിയിലാവുകയും നാടുകടത്തൽ കേന്ദ്രത്തിലെത്തുകയും ചെയ്തു. അവിടെയായിരിക്കെയാണ് പക്ഷാഘാതം സംഭവിക്കുന്നതും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണപ്പെടുന്നതും.

സ്വദേശവുമായി രണ്ടര പതിറ്റാണ്ടു നീണ്ട അകൽച്ചയ്ക്കു സൈഫുദ്ധീൻ മാത്രമല്ല കാരണം. അവിവാഹിതനായ മുഹമ്മദ് സൈഫുദീനെ വിവാഹ കാര്യത്തിൽ ഉത്സാഹിപ്പിക്കാനായി കുടുംബക്കാർ ആരും ഉണ്ടായിരുന്നില്ലത്രെ. അതിനിടയിൽ ഉണ്ടായ മാതാപിതാക്കളുടെ മരണം കൂടിയായപ്പോൾ തനിക്ക് ആരുമില്ലെന്ന ദുഖത്തിലുമായി.

നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധം പുലർത്തിയിരുന്നെങ്കിലും നാട്ടിലേക്ക് വരണമെന്നും വിവാഹം കഴിക്കണമെന്നും നിർബന്ധിക്കാൻ ആരുമുണ്ടായിരുന്നുമില്ല. നിരവധി തവണ മുഹമ്മദ് സൈഫുദീനുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ സഹോദരങ്ങൾ നടത്തിയെങ്കിലും ഇദ്ദേഹം ആരുമായും ബന്ധപ്പെടാതെ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞതായി നാസ് വക്കം പറഞ്ഞു.

ഇതെല്ലാം നാടുമായി രണ്ടര പതിറ്റാണ്ടു വിട്ടു നില്കാറുന്നതിൽ എത്തിച്ചു. പരേതരായ കുത്തബ്ദീന്‍റെയും സുഹ്റാബീയുടേയും മൂത്തമകനായ മുഹമ്മദ് സൈഫുദ്ധീന് നാട്ടിൽ ഒരു സഹോദരനും രണ്ട് സഹോദരിമാരും ഉണ്ട്.

ഇന്ത്യൻ എംബസിയിലെ പുഷ്പരാജിന്റെ സഹായത്തോടെ സാമൂഹിക പ്രവർത്തകനായ നാസ് വക്കം ആണ് മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് വേണ്ടി രംഗത്തുണ്ടായിരുന്നത്. വീഡിയോ കോൾ വഴി നാസ് വക്കം വീട്ടിലുള്ളവർക്ക് സൈഫുദ്ദീന്‍റെ മൃതദേഹം കാണിച്ചു കൊടുക്കുകയും ചെയ്തു. പ്രതീക്ഷകളേറെ നെഞ്ചിലേറ്റി പ്രവാസ ദേശത്തേക്ക് വരുന്നവരിൽ ഇങ്ങിനെയുള്ളവരും നമ്മുടെ അനുഭവങ്ങളാവുകയാണ്.

NEWS
Advertisment