Advertisment

ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നാളെ മുതൽ പഠനം സാധാരണ രീതിയിൽ പുനരാരംഭിക്കും; കെ ജി മുതൽ എട്ട് വരെയുള്ള ക്ലാസ്സുകൾ ഓൺലൈനിൽ തുടരും

New Update

publive-image

Advertisment

ജിദ്ദ: ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നാളെ  മുതൽ പഠനം സാധാരണ രീതിയിൽ പുനരാരംഭിക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ മുസഫ്ഫർ ഹസ്സൻ അറിയിച്ചു. ഘട്ടം ഘട്ടമായിട്ടായിരിക്കും സ്കൂളിൽ ഓഫ്‌ലൈൻ ക്ലാസുകൾ പ്രവർത്തിച്ചു തുടങ്ങുക. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ രണ്ട് ദിവസങ്ങളിലായി പ്രവർത്തിച്ചു തുടങ്ങും.

പത്ത്, പന്ത്രണ്ട് തരക്കാർക്കുള്ള ഓൺലൈൻ ക്ലാസുകൾ തികളാഴ്ച്ച മുതൽ തന്നെ ആരംഭിക്കും. ഒമ്പത്, പതിനൊന്ന് ക്ലാസുകൾ സെപ്റ്റംബർ ഇരുപത് മുതലായിരിക്കും, സെപ്റ്റംബർ 19 വരെ വിദ്യാർഥികൾ പഠനം ഓൺലൈനിൽ തുടരേണ്ടതാണ്. അതേസമയം, കെ ജി മുതൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള ക്ലാസ്സുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓൺലൈനിൽ തുടരും എന്നും പ്രിൻസിപ്പാൾ അറിയിച്ചു.

രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 1.20 വരെയാണ് സ്‌കൂളിലെ ക്ലാസുകൾ. പത്ത് മിനിറ്റ് മുമ്പ് കുട്ടികൾ നിർബന്ധമായും ക്ലാസിൽ ഹാജരാകണം. ഒമ്പത് മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓൺലൈൻ - ഓഫ്‌ലൈൻ ക്ലാസ്സുകളിലായി പങ്കെടുപ്പിക്കുമെന്ന് പ്രിൻസിപ്പാളുടെ സർക്കുലർ വിശദീകരിച്ചു.

ഓരോ ക്ലാസ്സുകളിലെയും മൊത്തം കുട്ടികളെ എ, ബി ഗ്രൂപ്പുകളായി തരംതിരിച്ചാണ് റൊട്ടേഷൻ നടപ്പാക്കുക. കലണ്ടറിലെ ഒറ്റഅക്ക (1, 3, 5, 7....) ദിവസങ്ങളിൽ എ ഗ്രൂപ്പ് ക്ലാസ്സുകളിൽ വരുമ്പോൾ ബി ഗ്രൂപ്പുകാർക്ക് ഓൺലൈനിലായിരിക്കും ക്ലാസുകൾ. ബി ഗ്രൂപ്പുകാർക്ക് കലണ്ടറിലെ ഇരട്ടഅക്ക (2, 4, 6, 8 ....) ദിവസങ്ങളിലായിരിക്കും ക്ലാസ്. പ്രസ്തുത ദിവസങ്ങളിൽ എ ഗ്രൂപ്പുകാർക്ക് ഓൺലൈനിൽ ക്ലാസ്സുകൾ തുടരും.

ക്ലാസ് ടീച്ചർമാർ കുട്ടികളെ ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുന്നതെന്ന് അറിയിക്കും. ക്ലാസ്സിലേക്ക് വരാനുള്ള സന്നദ്ധത രക്ഷിതാക്കൾ അറിയിച്ചിട്ടുള്ള രണ്ടു ഡോസ് വാക്സിൻ എടുത്ത വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അനുവാദം. ഇതേ ക്ലാസ്സുകളിലെ മറ്റുള്ളവർക്ക് വേണ്ടി ക്ലാസുകൾ ഓൺലൈനിൽ തുടരുമെന്നും പ്രിന്സിപ്പാളുടെ സർക്കുലർ വ്യക്തമാക്കി.

സ്കൂളിലേയ്ക്ക് വരുന്ന വിദ്യാർത്ഥികൾ ഫൈനൽ വാക്സിനേഷൻ (ഹെൽത്ത് പാസ്പോർട്ട്) റിപ്പോർട്ടിന്റെ കോപ്പി അതാത് ക്ലാസ് ടീച്ചർക്ക് സമർപ്പിക്കുകയും അതിന്റെ അസ്സൽ കൈവശം കരുതുകയും വേണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുഴുവൻ കോവിഡ് മുൻകരുതൽ നടപടികളും ഓരോ വിദ്യാർഥിയും രക്ഷിതാക്കളും കർശനമായി പാലിക്കണം.

പനിയോ അതുപോലുള്ള എന്തെങ്കിലും രോഗലക്ഷണമോ ഉണ്ടെങ്കിൽ അത്തരം കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്. കൊറോണാ പ്രോട്ടോകോൾ നടപടികൾ വീടുകളിൽ നിന്ന് ശീലിപ്പിക്കേണ്ട ആവശ്യകതയും പ്രിൻസിപ്പാളുടെ സർക്കുലർ ഊന്നി പറയുന്നു. ശരീര താപം പരിശോധിച്ച ശേഷമായിരിക്കും സ്‌കൂൾ വളപ്പിലേക്കുള്ള പ്രവേശനം.

സ്‌കൂൾ കോമ്പൗണ്ടിൽ കാന്റീൻ സൗകര്യം ഉണ്ടാകില്ലെന്നും അതിനാൽ കുട്ടികൾക്കുള്ള വെള്ളവും ഭക്ഷണവും കൊടുത്തയക്കാൻ രക്ഷിതാക്കളോട് സർക്കുലർ ഉപദേശിച്ചു. സ്‌കൂൾ ബസ്സുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസ് നടത്തുകയുമില്ല.

കൊറോണാ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തിവെച്ച സ്‌കൂൾ പ്രവർത്തനം ഒന്നര വർഷത്തിന് ശേഷമാണ് പുനരാരംഭിക്കുന്നത്. സൗദി ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ചാണ് സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്നത്. രണ്ടാഴ്ചകൾക്ക് മുമ്പ് സൗദി വിദ്യാലയങ്ങൾ പ്രവർത്തനം തുടങ്ങിയിരുന്നു.

NEWS
Advertisment