Advertisment

സൗദിയിലെ പ്രവാസി സമൂഹത്തിന് ആശ്വാസം: ഇഖാമ, വർക്ക് പെർമിറ്റ് എന്നിവ ക്വാർട്ടർ അടിസ്ഥാനത്തിൽ പുതുക്കി തുടങ്ങി

New Update

publive-image

Advertisment

ജിദ്ദ: സൗദി അറേബ്യയില്‍ വിദേശി തൊഴിലാളികളുടെ താമസ രേഖയും വർക് പെർമിറ്റും പുതുക്കുന്നതിന് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച പുതിയ ക്രമം നടപ്പിലാക്കിത്തുടങ്ങി. രേഖകൾ വർഷം തോറും പുതുക്കുകയെന്ന നിലവിലെ സമ്പ്രദായം മാറ്റിത്തിരുത്തി അവ മൂന്ന് മാസങ്ങൾ എന്ന അടിസ്ഥാനത്തിൽ പുതുക്കാമെന്നുള്ള അനുമതി നടപ്പിലായെന്ന് അധികൃതർ ചൊവാഴ്ച വെളിപ്പെടുത്തി.

സൗദി ആഭ്യന്തര മന്ത്രാലയവും, മാനവശേഷി - സമൂഹ വികസന മന്ത്രാലയവും അനുബന്ധ സാങ്കേതിക കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെയാണ് പുതിയ രീതി നടപ്പിലാക്കുന്നത്. രേഖകൾ പുതുക്കുന്നതിന് മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസം എന്നിവ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്‌ഷൻ ചൊവാഴ്ച മുതല്‍ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിലവിൽ വന്നു.

രേഖകൾ പുതുക്കുന്ന കാലാവധിയുടെ അടിസ്ഥാനത്തിൽ തന്നെ അവയുടെ ഫീസ്, ലെവി, തുടങ്ങിയവ അടച്ചാൽ മതിയെന്നതും വിദേശി സമൂഹത്തിന് അനുഗ്രഹമാകും. ജവാസാത്തില്‍ തവണയായി പണമടക്കാനുള്ള സൗകര്യം മൂന്നാഴ്ച മുമ്പേ ബാങ്കുകള്‍ സൗകര്യപ്പെടുത്തിയിരുന്നു. അതേസമയം, തൊഴിലുടമകൾക്കും പുതിയ സമ്പ്രദായം ഗുണം ചെയ്യും.

തൊഴിലാളികളെ പിരിച്ചുവിടാനും മറ്റും ആലോചനയുണ്ടെങ്കിൽ അതിന് ഒരു വർഷം കാത്തിരിക്കുകയോ ആ കാലാവധിയ്ക്കുള്ള ഫീസുകൾ മുൻകൂട്ടി അടക്കണമെന്നോ ഉള്ള ഭാരം ഇതോടെ ഇല്ലാതാകും. കുറഞ്ഞ മാസത്തേക്ക് ഇഖാമ പുതുക്കാമെന്നത് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സ്ഥാപനങ്ങള്‍ക്കും അനുഗ്രഹമാകും.

"അബ്‌ഷർ - ബിസിനസ്സ്", "മുഖീം" തുടങ്ങിയ പോർട്ടലുകൾ സന്ദർശിച്ചാൽ പുതിയ ക്രമീകരണത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം അറിയിച്ചു. "ഖുവാ", ലേബർ സേവനങ്ങൾക്കുള്ള ഇലക്ട്രോണിക് സൈറ്റ് എന്നിവയിലൂടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനുള്ള പുതിയ രീതി ലഭിക്കുമെന്ന് തൊഴിൽ മന്ത്രാലയവും അറിയിച്ചു.

Advertisment