Advertisment

അൾജീരിയ - മൊറോക്കോ തർക്കം; ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് സൗദി അറേബ്യ

New Update

publive-image

Advertisment

ജിദ്ദ: വടക്കൻ ആഫ്രിക്കയിലെ അയൽക്കാരായ അൾജീരിയ, മൊറോക്കോ രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിനുള്ള ശ്രമവുമായി സൗദി അറേബ്യ. ഭിന്നത രൂക്ഷമായതിനെ തുടർന്ന് ഇയ്യിടെ ബന്ധം വിച്ഛേദിക്കപ്പെട്ട അൾജീരിയ, മൊറോക്കോ രാജ്യങ്ങൾക്കിടയിലെ അകൽച്ച പരിഹരിക്കുന്നതിന് ചർച്ചകളും നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കണമെന്ന് സൗദി നിർദേശിച്ചു.

ഇരു രാജ്യങ്ങളും നിലവിൽ എത്തിനിൽക്കുന്ന അവസ്ഥയിൽ സൗദി ഭരണകൂടം അതിയായ ദുഃഖം രേഖപ്പെടുത്തി. എത്രയും വേഗത്തിൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് സൗദി പ്രത്യാശിച്ചു. സുഹൃദ് ബന്ധത്തിന്റെ പുതിയ ഏടുകൾ വിരചിക്കുകയും അതിപ്പോടെ ഇരു രാജ്യങ്ങളിലെയും ജനതകളുടെ അഭിവൃദിയും മേഖലയുടെ സ്ഥിരതയും സമാധാനവും സാധ്യമാക്കുന്നതിന് കഴിയണം.

അങ്ങിനെ ഒരുമിച്ചുള്ള അറബ് ശ്രമങ്ങൾ ശക്തിപ്പെടണമെന്നും സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വിശദീകരിച്ചു. മൊറോക്കോയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിഛേദിക്കുന്നതായി കഴിഞ്ഞ ചൊവാഴ്ച അൾജീരിയ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഇത് മാറ്റം ഉണ്ടാകില്ലെന്നും അൾജീരിയ വ്യക്തമാക്കിയിരുന്നു.

എന്നാൽ, അൾജീരിയയുടെ നടപടിയിൽ ദുഃഖം രേഖപ്പെടുത്തുകയും നയതന്ത്ര ബന്ധം വിഛേദിക്കുന്നതിന് അൾജീരിയ പറഞ്ഞ കാരണങ്ങൾ തള്ളുന്നതുമായിരുന്നു മൊറോക്കോയുടെ പ്രതികരണം.

"അൾജീരിയൻ ജനതയുടെ വിശ്വസ്തനും ആശ്രയിക്കാവുന്ന പങ്കാളിയുമായി മൊറോക്കോ തുടരും, സമാധാന പൂർണവും സൃഷ്ടിപരവുമായ പരസ്പര ബന്ധങ്ങൾക്ക് വേണ്ടി ഉത്തരവാദിത്തത്തോടെയും വിവേകപൂർണമായും മൊറോക്കോ വർത്തിക്കും" മൊറോക്കോ പ്രതികരിച്ചു.

ശത്രുതാപരമായ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മൊറോക്കോവുമായുള്ള ബന്ധം തങ്ങൾ പുനരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ഈ മാസം 19 ന് അൾജീരിയ പ്രസ്താവിച്ചിരുന്നു. തുടർന്നാണ് ചൊവാഴ്ച നയതന്ത്ര ബന്ധം വിഛേദിക്കൽ ഉണ്ടായത്.

അയൽ അറബ് രാജ്യങ്ങളാണെങ്കിലും ഇരുവരുടെയും അതിർത്തികൾ ഔദ്യോഗികമായി 1994 ആഗസ്റ്റ് 16 മുതൽ അടഞ്ഞു കിടക്കുകയാണ്. സൗദി അറേബ്യയുടെ വിവേകപൂർണമായ പ്രസ്താവന പ്രായോഗിക നടപടികളിലേക്ക് നീങ്ങിയെങ്കിൽ എന്നാണ് മേഖലയിലെ സമാധാന കാംക്ഷികളുടെ പ്രത്യാശ.

NEWS
Advertisment