Advertisment

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത വിമുക്ത ഭടനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി

New Update

publive-image

Advertisment

കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളിയെ (migrant labourer) മർദ്ദിക്കുന്നത് ചോദ്യം ചെയ്ത വിമുക്ത ഭടന് മർദ്ദനം. കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിലാണ് സംഭവം. തില്ലങ്കേരി സ്വദേശിയും വിമുക്തഭടനുമായ പ്രശാന്ത് കുമാറിനാണ് മർദ്ദനമേറ്റത്.

അതിഥി തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് പരാതി നൽകിയിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ 19 ന് രാത്രിയാണ് സംഭവം. പ്രദേശത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അമ്മയുടെ ഫോൺ കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. മോഷണക്കുറ്റത്തിൽ പ്രദേശത്തെ അതിഥി തൊഴിലാളികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മറ്റൊരു അതിഥി തൊഴിലാളി കൂടി പ്രതിയാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകരുടെ സംഘം ഇദ്ദേഹത്തെയും കൈയ്യേറ്റം ചെയ്യുകയായിരുന്നു.

തന്റെ വീടിന് മുന്നിൽ വെച്ച് അതിഥി തൊഴിലാളിയെ ആക്രമിക്കുന്നത് കണ്ട് പ്രശാന്ത് കുമാർ ഇത് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് സംഘം പ്രശാന്തിനെ മർദ്ദിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് ശേഷം പ്രശാന്ത് വീട്ടിൽ തിരിച്ചെത്തി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

NEWS
Advertisment