Advertisment

ചന്ദ്രികയും മക്കളും ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയും ; അമ്മയുടെ ആഗ്രഹം സഫലമാക്കി കെ സി വേണുഗോപാൽ എം പി ! അയൽവാസി കൂടിയായ കണ്ടോന്താർ ചെങ്ങളം ചന്ദ്രിയ്ക്ക് വീടുയർന്നപ്പോൾ കെ സി വേണുഗോപാലിന് ഇത് സ്വന്തം അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാനായതിൻ്റെ ചാരിതാർത്ഥ്യം. കെ സിയുടെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ചന്ദ്രികയ്ക്ക് ഒരു വീട് ! ചന്ദ്രികയുടെയും കുഞ്ഞുങ്ങളുടെയും ചിരികാണാൻ അമ്മ ഇന്ന് ഒപ്പമില്ലെങ്കിലും അമ്മയുടെ ആത്മാവ് തീർച്ചയായും ഏറെ സന്തോഷിക്കുന്നുവെന്ന് കെ സി വേണുഗോപാൽ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂർ: കണ്ടോന്താറിനോടു ചേർന്നുള്ള ചെങ്ങളത്തെ ചന്ദ്രികയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകയായ ചന്ദ്രികയ്ക്ക് വീടുവച്ചു നൽകാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് കെ സി വേണുഗോപാൽ എം പിയും സഹപ്രവർത്തകരും. പുതിയ വീടിൻ്റെ താക്കോൽദാനം കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു.

ചന്ദ്രികയ്ക്ക് അടച്ചുറപ്പായ ഒരു വീട് എന്നത് കെസി വേണുഗോപാലിൻ്റെ അമ്മയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. കൂടെ നിൽക്കുന്നവരുടെ മുഖം പുഞ്ചിരിച്ചു കാണണമെന്നായിരുന്നു അവർ എന്നും ആഗ്രഹിച്ചിരുന്നത്. അമ്മയുടെ ആ ആഗ്രഹമാണ് ഇന്നു സഫലമായതെന്നു കെ സി വേണുഗോപാൽ എം പി പറയുന്നു.

അമ്മയുടെ ആഗ്രഹം പൂർത്തിയാക്കാൻ കെ സി മുന്നിട്ടിറങ്ങുകയായിരുന്നു. പ്രദേശത്തെ പാണപ്പുഴ, കടന്നപ്പള്ളി മണ്ഡലം കമ്മറ്റികളും കെ സിക്കൊപ്പം എല്ലാ സഹായവും ചെയ്തു. ഇന്നു ചന്ദ്രികയും മക്കളും ആത്മവിശ്വാസത്തോടെ ചിരിക്കുമ്പോൾ കെ സി വേണുഗോപാലിനും സന്തോഷം. അമ്മയുടെ ആഗ്രഹം സഫലമാക്കിയതിൻ്റെ സന്തോഷം. തൻ്റെ  ആ സന്തോഷം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലും പങ്കുവച്ചു.

കെ സി വേണുഗോപാലിൻ്റെ ഫേസ്ബുക്ക് കുറിപ്പ് 

എന്റെ ഗ്രാമമായ കണ്ണൂർ കണ്ടോന്താറിനോടു ചേർന്നുള്ള ചെങ്ങളത്തെ ചന്ദ്രികയുടെ പുതിയ വീടിന്റെ താക്കോൽ ദാന ചടങ്ങിൽ ഇന്ന് പങ്കെടുക്കാൻ സാധിച്ചത് പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം സന്തോഷവും ചാരിതാർത്ഥ്യവും പകരുന്നതാണ്.

ആ പ്രദേശത്തെ കോൺഗ്രസിന്റെ അടിയുറച്ച പ്രവർത്തക ചന്ദ്രികയ്ക്ക് ഒരു വീട് എന്നത് എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഒപ്പം നിക്കുന്നവരുടെ മുഖം എപ്പോഴും പുഞ്ചിരിച്ചു കാണണം എന്നതിനപ്പുറം അമ്മയ്ക്ക് വ്യക്തിപരമായി വലിയ ആഗ്രഹങ്ങളോ നിർബന്ധങ്ങളോ ഒന്നുമില്ലായിരുന്നു, ഒരുകാലത്തും.

ചന്ദ്രിക ഒരു അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറി കാണണം എന്ന് അമ്മ അതിയായി ആഗ്രഹിച്ചിരുന്നു.

ഭർത്താവിന്‍റെ മരണശേഷം മക്കളുമൊത്ത് കഴിഞ്ഞിരുന്ന ചന്ദ്രിക, അമ്മ ആഗ്രഹിച്ച ആ സുരക്ഷിത ഭവനത്തിലേക്ക് ഇന്നു മാറി. ചന്ദ്രികയുടെയും കുഞ്ഞുങ്ങളുടെയും ചിരികാണാൻ അമ്മ ഇന്ന് ഒപ്പമില്ലെങ്കിലും അമ്മയുടെ ആത്മാവ് തീർച്ചയായും ഏറെ സന്തോഷിക്കുന്നുണ്ടാകും.

പുതിയ വീടിന്റെ മുറ്റത്ത് ലളിതമായി നടന്ന ചടങ്ങിൽ കാസർഗോഡ് എം.പി.ശ്രീ.രാജ് മോഹൻ ഉണ്ണിത്താൻ ചന്ദ്രികയ്ക്ക് വീടിന്റെ താക്കോൽ കൈമാറി.

ഒരു കൂടപ്പിറപ്പിന്‍റെ സ്ഥാനത്തുനിന്ന് തലചായ്‌ക്കാൻ ഒരു വീടെന്ന ച‌ന്ദ്രികയുടെ സ്വപ്‌‌നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിന്റെ, അമ്മയുടെ വലിയ ആഗ്രഹം നിറവേറ്റിയതിന്‍റെ ആഹ്ലാദം മനസ്സിലുണ്ട്.

അമ്മയോളം എന്നെ സ്വാധീനിച്ചതൊന്നുമില്ലെന്നിരിക്കേ എനിക്കിത് വാക്കുകളിൽ ഒതുങ്ങാത്ത വികാരമാണ്.

ചന്ദ്രികയ്ക്ക് വീടൊരുക്കാൻ ഒപ്പം നിന്ന കോൺഗ്രസ് പാണപ്പുഴ - കടന്നപ്പള്ളി മണ്ഡലം കമ്മിറ്റി പ്രവർത്തകരേയും പ്രദേശവാസികളേയും ഈയവസരത്തിൽ നന്ദിയോടെ ഓർക്കുന്നു ...

NEWS
Advertisment