Advertisment

മലയാളത്തിന്റെ അഭിമാനതാരം കൊച്ചിയില്‍; ശ്രീജേഷിനെ വരവേറ്റ് കേരളം

New Update

publive-image

Advertisment

കൊച്ചി: ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായ പിആര്‍ ശ്രീജേഷിന് കേരളത്തിന്റെ വരവേല്‍പ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണെത്തിയത്.

കായിക മന്ത്രി വി അബ്ദുറഹ്മാൻ നേരിട്ടെത്തിയാണ് മലയാളികളുടെ അഭിമാനമായ ശ്രീജേഷിനെ സ്വീകരിച്ചത്. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ജന്‍മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് കാലടി-പെരുമ്പാവൂര്‍-പോഞ്ഞാശ്ശേരി വഴി ശ്രീജേഷിന്റെ ജന്മനാടായ കിഴക്കമ്പലം എരുമേലിവരെ കേരളത്തിലെ കായികരംഗത്തെ സംഘാടകരും കളിക്കാരും ജനപ്രതിനിധികളും അടങ്ങുന്ന വാഹനവ്യൂഹം അദ്ദേഹത്തെ അനുഗമിക്കും. തുറന്ന ജീപ്പിലാണ് ശ്രീജേഷിന്റെ യാത്ര.

ശ്രീജേഷിനുള്ള പാരിതോഷികവും, മറ്റ് പ്രോത്സാഹനങ്ങളും നാളെ പ്രഖ്യാപിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേരത്തെ പറഞ്ഞിരുന്നു. ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീജേഷ് മെഡല്‍ നേടിയതിന് ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. മന്ത്രിസഭാ യോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്. അതാണ് സര്‍ക്കാരിന്റെ നയം. നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും നടത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശ്രീജേഷിന് എറണാകുളം ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസിന്‍റെ പ്രഖ്യാപനം.

Advertisment